Tuesday, September 11, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -ഒന്ന്- കാള്‍ലൂയിസ്‌

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

എല്‍ പി സ്ക്കൂള്‍ കാലഘട്ടം കഴിഞ്ഞു. അല്‍പം ദൂരെയുള്ള യുപി സ്ക്കൂളില്‍ ഒരുപിടി പുതിയ കൂട്ടുകാരോടൊപ്പം ചാത്തനും. ഒരുപാട്‌ വിശേഷങ്ങളുണ്ടെങ്കിലും അതൊക്കെ പിന്നെ പറയാം.

യുപി സ്ക്കൂളിലെ കായിക ദിനം.

എല്‍ പി സ്ക്കൂളിലെ ഓട്ടമത്സരത്തിലെ വിജയകരമായ പരാജയത്തിനു ശേഷം കുട്ടിച്ചാത്തന്‍ ഓട്ടത്തോട്‌ വിടപറഞ്ഞേക്കാം എന്നും പുതിയ ഒരൈറ്റത്തില്‍ കാല്‍ വച്ച്‌ നോക്കാം എന്നും വിചാരിച്ചു.അക്കാലത്താണ്‌ കാള്‍ലൂയിസ്‌ 100 മീറ്റര്‍ ഓട്ടത്തില്‍ വിവാദ സ്വര്‍ണമെഡല്‍ നേടിയത്‌ പിന്നൊരു ഐറ്റത്തിലൂടെ അദ്ദേഹം സ്വര്‍ണ്ണം നേടി.

ലോങ്ങ്‌ ജമ്പ്‌!!!

കാലിനു ചെറുപ്പത്തിലേ നല്ല നീളം ഉള്ളവര്‍ക്ക്‌ പയറ്റാന്‍ പറ്റിയ ഐറ്റം(ചാത്തന്റെ കാര്യത്തില്‍ നാക്കിനായിരുന്നു നീളം എന്ന് മാത്രം). കാള്‍ലൂയിസിന്റേം ബെന്‍ജോണ്‍സന്റേം ഫ്രന്റ്‌ പേജ്‌ പടങ്ങള്‍ ചാത്തന്റെ ഇളം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഓട്ടം ഏതായാലും നമ്മളെക്കൊണ്ട്‌ പറ്റൂല. ഇതിലാവുമ്പോള്‍ പങ്കെടുക്കാന്‍ ആരും കാണുകേമില്ല, അതുകൊണ്ടൊരു സമ്മാനം എളുപ്പത്തില്‍ അടിച്ചെടുക്കുകേം ചെയ്യാം.

അങ്ങനെ ചാത്തന്‍ ആ ഒരൊറ്റ ഐറ്റത്തിനു മാത്രം പേരു കൊടുത്ത്‌ പരിശീലനം തുടങ്ങി. ഐറ്റത്തിന്റെ പേരും പൂഴി തെറിപ്പിച്ചോണ്ട്‌ വീഴുന്ന ലൂയിസിന്റെ പടം പത്രത്തിലു കണ്ടതുമേയുള്ളൂ. എന്താ സംഭവം എന്നൊന്നും അറീല. രണ്ട്‌ ദിവസം വീട്ടിലെ കസേരയുടേം മേശേടെം കിടക്കേടേം മുകളിലൂടെ ഓടീം ചാടീം വീടാകെ അലുക്കുലുത്താക്കിക്കൊണ്ടിരിക്കുന്നത്‌ കണ്ട വീട്ടുകാര്‌ പുല്‍ച്ചാടിയെ കയ്യോടേ പിടിച്ച്‌ അച്ഛനെ ഏല്‍പ്പിച്ചു.

പണ്ട്‌ ഓട്ട മല്‍സരത്തിനു അച്ഛന്റെ കോച്ചിംഗും വാങ്ങിപ്പോയി പരാജയശ്രീലാളിതനായി വന്നതോണ്ട്‌ ഇത്തവണ കോച്ചിംഗ്‌ വേണ്ട എന്താ ഇനം എന്ന് പറയൂല എന്നും പറഞ്ഞ്‌ ചാത്തന്‍ ഒറ്റക്കാലില്‍ നിന്നു.വേണ്ടെങ്കില്‍ വേണ്ട ഓട്ടവും ചാട്ടവും എന്തായാലും വീടിന്‌ പുറത്ത്‌ മതി, എന്ന ശാസന ചാത്തന്‍ ശിരസാ വഹിച്ചു.

പിന്നെ തോട്ടത്തിലായി പരിശീലനം. ചാഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ നിന്ന് താഴേക്ക്‌ മുകളിലേക്ക്‌. ഇവനെ വല്ല കുരങ്ങനും കടിച്ചാ എന്ന കിംവദന്തി കേട്ടില്ലാന്ന് നടിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി.ഓട്ടമല്‍സരങ്ങള്‍ ഒരു ഭാഗത്ത്‌ നിന്ന് നടക്കുന്നുണ്ട്‌. ചാത്തനും അകമ്പടിയായി കുറേ ഉപജാപകരും എവിടാ ലോങ്ങ്‌ജമ്പ്‌ നടക്കുന്നതെന്ന് അന്വേഷിച്ച്‌ നാലുപാടും ഓടിനടന്നു.ഒടുവില്‍ സ്ഥലം കണ്ട്‌ പിടിച്ചു സ്ക്കൂളിനു അടുത്തുള്ള തെങ്ങും പറമ്പാണ്‌ ജമ്പിംഗ്‌ പിറ്റ്‌!!!!

അതു തന്നെ ഒരേ നിരപ്പല്ല. ഒരു തെങ്ങും ചുറ്റുപാടും ഉള്ള സ്ഥലവും കഴിഞ്ഞാല്‍ അടുത്ത തെങ്ങും അതിനു ചുറ്റും ചതുരത്തിലുള്ള പറമ്പും ആ തറനിരപ്പില്‍ നിന്നും അല്‍പം താഴെയാണ്‌!!! അടുത്തത്‌ അതിലും അല്‍പം കൂടി താഴെ. എല്ലാ തെങ്ങുകള്‍ക്ക്‌ ചുറ്റിലും കിളച്ചിട്ടിട്ടുള്ളതോണ്ട്‌ പിറ്റിനായി ആര്‍ക്കും അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരു പറമ്പിന്റെ അവസാനഭാഗത്ത്‌ ഒരു വര വരച്ചിട്ടുണ്ട്‌, അതിലു ചവിട്ടിക്കൊണ്ട്‌ തൊട്ട്‌ താഴെയുള്ള പറമ്പിലേക്കാണ്‌ ചാടേണ്ടത്‌. ചതുരത്തിലുള്ള പറമ്പുകളുടെ നടുവിലായിട്ടാണ്‌ തെങ്ങുകള്‍, കണ്ണുമടച്ച്‌ ചാടിയാല്‍ ചിലപ്പോള്‍ പിന്നോട്ട്‌ നോക്കി പറക്കുന്ന സൂപ്പര്‍മാന്‍ തെങ്ങിലടിച്ച്‌ വീഴുന്ന ലൈവ്‌ ഡെമോ നാട്ടുകാരു കാണും.

ശരി വച്ചകാല്‍ പിന്നോട്ടില്ല. ഇതെന്തൊരു പുരുഷാരം. പൂരത്തിനുള്ള ആളുണ്ട്‌. കാണാന്‍ വന്നവരു ഇങ്ങനെ ക്യൂ ആയി നില്‍ക്കുന്നതെന്തിനാ?

മാഷേ ചാത്തനും പേരു തന്നിരുന്നു ലോങ്ങ്‌ ജമ്പിന്‌?

ഈ ക്യൂവിന്റെ പിന്നില്‍ പോയി നിന്നോ. വിസിലടിക്കുമ്പോള്‍ ഓരോരുത്തരായി വന്ന് ചാടിയാല്‍ മതി.

മല്‍സരം തുടങ്ങി, മാഷയ്ക്കെന്തോ കണക്കു കൂട്ടലുണ്ട്‌ അടുത്ത പറമ്പിന്റെ നടുവിലെ തെങ്ങിന്റെ ലെവലിന്റെ അപ്പുറം ചാടിയവരോട്‌ തിരിച്ച്‌ ക്യൂവിന്റെ പിന്നില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. അത്രേം എത്താത്തവരോട്‌ കാണികളുടെ കൂട്ടത്തില്‍ പോവാനും.ഒടുക്കത്തെ ക്യൂ നിന്ന് നിന്ന് ഉറക്കം വരുന്നു ക്യൂവിന്റെ നീളം കുറയുന്നുണ്ട്‌. അങ്ങനെ അങ്ങനെ ചാത്തന്റെ ഊഴമെത്തി.

കാള്‍ലൂയിസ്‌ ഭഗവാന്റെ എനിക്ക്‌ മെഡല്‍ പോയല്ലോ എന്ന ഭാവത്തില്‍ പത്രത്തില്‍ വന്ന പടത്തിനെ മനസ്സില്‍ ധ്യാനിച്ച്‌, ആരെയെങ്കിലും കുത്താന്‍ വരുന്ന കാള കാലോണ്ട്‌ മണ്ണുമാന്തുന്ന സ്റ്റൈലില്‍ വലത്തേകാല്‍ വിരലുകള്‍ കൊണ്ട്‌ നിലത്തുരച്ച്‌ അല്‍പം മുന്‍പോട്ട്‌ കുനിഞ്ഞ്‌ വിസിലിനു വേണ്ടി കാതോര്‍ത്തു.

ഇടയ്ക്കൊന്ന് വശങ്ങളിലേക്ക്‌ പാളി നോക്കി അഞ്ചാം ക്ലാസിന്റെ അഭിമാനമായി ചാത്തന്‍ മാത്രമേയുള്ളൂ ബാക്കി മുഴുവന്‍ ആറും ഏഴും ക്ലാസുകാരാ. കൂട്ടുകാരു മൊത്തം വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഈ പരിപാടി എന്താന്ന് അവര്‍ക്കൊന്നും അറിഞ്ഞുകൂടായിരുന്നതു കൊണ്ടാ അല്ലേല്‍ വേറെ വല്ലോരും കൂടി പേരു കൊടുത്തേനെ. സംഭവം ഇത്രേയുള്ളൂ എന്നറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും മുന്‍പേ പേരു കൊടുത്തവര്‍ക്ക്‌ മാത്രമായി മാഷ്‌ മല്‍സരം ചുരുക്കിക്കളഞ്ഞു. അതോണ്ടിനി ഏകപ്രതീക്ഷ ചാത്തനാ. ചുമ്മാ ഒന്ന് കൈവീശിക്കാണിക്കണമെന്നുണ്ടായിരുന്നു. അഥവാ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായാല്‍ കേള്‍ക്കേണ്ടി വരുന്ന കൂക്കിവിളികളെ ഓര്‍ത്തപ്പോള്‍ കൈ താനെ താണു.

വിസില്‍ മുഴങ്ങി, ചാത്തന്‍ കുതിച്ചു. വരയില്‍ ചവിട്ടിക്കൊണ്ട്‌ ഉയരാന്‍ ശ്രമിച്ച അതേ നിമിഷം ചാത്തന്റെ കണ്ണിലെന്തോ പ്രാണി കയറി. എന്തായാലും ആംഗിളു കറക്റ്റായതോണ്ട്‌ തെങ്ങിലിടിച്ചില്ല. ചാട്ടം തുടങ്ങിയപ്പോള്‍ തന്നെ കണ്ണടച്ചതു കാരണം സംഭവം ക്രാഷ്‌ ലാന്‍ഡിങ്ങായി. തെങ്ങിനടുത്ത്‌ നിന്ന മാഷും സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന മാഷും എല്ലാവരും ചാത്തന്‍ കണ്ണുതിരുമ്മി എഴുന്നേല്‍ക്കും മുന്‍പ്‌ മുന്നിലെത്തി.

എന്തെങ്കിലും പറ്റിയോ?

ആകാംഷാഭരിതരായ ഒരുകൂട്ടം കാണികള്‍ കയ്യടിക്കാന്‍ പോലും മറന്ന് വാ പൊളിച്ച്‌ നോക്കിനില്‍ക്കുന്നു. മുട്ടിന്റെ മോളീന്ന് അല്‍പം പ്ലാസ്റ്ററു പോയിട്ടുണ്ട്‌.അതൊക്കെ ആരു നോക്കുന്നു. തെങ്ങ്‌ കഴിഞ്ഞോ അത്‌ മാത്രമായിരുന്നു ചാത്തന്‍ പ്രാണിയിരിക്കുന്ന വലത്തേകണ്ണും അടച്ച്‌ പിടിച്ചോണ്ട്‌ നോക്കിയത്‌.

യെസ്‌ കഴിഞ്ഞിരിക്കുന്നു ചാത്തന്‍ മാത്രം തെങ്ങും തെങ്ങ്‌ നില്‍ക്കുന്ന പറമ്പും കഴിഞ്ഞ്‌ അടുത്ത്‌ പറമ്പിന്റെ തുടക്കത്തിലുള്ള താഴ്ചയില്‍ ലാന്‍ഡ്‌ ചെയ്തിരിക്കുന്നു!!! ലോകറിക്കോഡ്‌!!!. ഇനി എന്തിനാ ഈ മല്‍സര പ്രഹസനം ഒന്നാം സമ്മാനം ഇങ്ങെടുക്ക്‌ മാഷേ. എന്നാലും മൂന്ന് ചാന്‍സെന്നാ കേട്ടത്‌. അതും കൂടി ചാടിക്കളഞ്ഞേക്കാം. ക്യൂവിന്റെ പിന്നിലേക്ക്‌ നീങ്ങിയ ചാത്തനെ മാഷ്‌ വിളിച്ച്‌ വേറൊരു പയ്യന്റെ കൂടെ മുറിവിനു മരുന്നു വയ്ക്കാന്‍ പറഞ്ഞു വിട്ടു.

മരുന്ന് വച്ചിട്ട്‌ വന്നിട്ട്‌ ചാടാമായിരിക്കും അല്ലേ?

ചാത്തന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എന്തിന്‌ നീ പുറത്തായില്ലേ?

ഡിഷ്‌ ക്യാം(ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു ഇടിവെട്ടിയ സൗണ്ട്‌)

ഞാനോ അതെങ്ങനെ?

അതു മനസ്സിലായില്ലേ നീ ചാടാന്‍ തുടങ്ങിയ പറമ്പിന്റെ തൊട്ട്‌ താഴെ തന്നെയാ മൂക്കും കുത്തി വീണത്‌. തെങ്ങിന്റെ അടുത്ത്‌ പോലും എത്തീല.

ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ(കട്‌ ജഗതി ഇന്‍ മിന്നാരം)

വാല്‍ക്കഷ്ണം:
അങ്ങനെ മൈല്‍ കുറ്റി ഒന്ന് ഇവിടെ അവസാനിക്കുന്നു. അടുത്ത ഭാഗം ആറാംക്ലാസില്‍ കിഡീസ്‌ 50 മീറ്റര്‍ റെയ്‌സ്‌ അഥവാ ഒരു വിശ്വാസ വഞ്ചന.(അടുത്തൊന്നും പ്രതീക്ഷിക്കേണ്ട)