Monday, December 11, 2006

പത്തരമാറ്റ്‌

ഒരു കാലത്ത്‌ രാവിലെ എഴുന്നേറ്റാലുടനെ മൂക്കിലേക്ക്‌ ഒരു വാസന തുളച്ചു കയറും, പകുതി അടഞ്ഞ കണ്ണുകളും തൂക്കി ആ മണവും വലിച്ച്‌ കേറ്റി അടുക്കളയിലേക്കോടും.

തറയില്‍നിന്നും ഒരു അര മീറ്റര്‍ ഉയരത്തിലുള്ള അടുപ്പിന്റെ അരികില്‍ അത്ര തന്നെ ഉയരമുള്ള, സൂക്ഷിച്ചിരുന്നില്ലേല്‍ ഉരുണ്ട്‌ വീഴാവുന്ന, സ്റ്റൂളിന്റെ മുകളില്‍ ചുരുണ്ട്‌ കൂടി പൊരുന്നയിരിക്കുന്ന കോഴീടെ മാതിരി, കാലും കൈയ്യും എല്ലാം ചുരുട്ടിക്കൂട്ടി ഇരിപ്പുറപ്പിക്കും.

ഇടക്കിടെ കൈ നീട്ടി അടുപ്പില്‍ നിന്നും ചൂട്‌ പിടിച്ചെടുക്കും. എന്നിട്ട്‌ ആവിപറക്കുന്ന ദോശയെ നോക്കി വെള്ളമിറക്കും.

"പല്ല് തേയ്ക്കാതെ ഒരു തരി തരില്ല"

എന്ന അമ്മയുടെ പതിവു പല്ലവി കേട്ടു കഴിയുമ്പോള്‍ മുത്തശ്ശിയുടെ അടുത്ത്‌ കൈനീട്ടും അപ്പോള്‍ കിട്ടും ദോശയല്ല. ഇത്തിരി ഉമിക്കരി. അതും എടുത്ത്‌ സ്ലോ മോഷനില്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌. ആ പരുവത്തില്‍ വഴിയിലെങ്ങാന്‍ അച്‌ഛനെക്കണ്ടാല്‍ പല്ല് തേപ്പ്‌ ഇരട്ടിപ്പണിയാകും. അച്‌ഛന്‍ മാവില പറിച്ചു തരും. അതു കൊണ്ട്‌ കൂടി തിരുമുത്ത്‌ വിളക്കണം.

പല്ല് തേപ്പ്‌ കഴിഞ്ഞ്‌, കുലുക്കിക്കുത്തി, മുഖവും ഒന്ന് കഴുകി, ഇതാ ഞാന്‍ വന്നൂ എന്ന് നാടൊട്ടുക്ക്‌ വിളംബരം ചെയ്ത്‌ അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്‌ പറന്നിറങ്ങും.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോളല്ല എന്ന കാര്യം പ്രായോഗികമായി ഞാന്‍ പഠിച്ചത്‌ അടുക്കളയില്‍ വച്ചാണ്‌. രാജോചിതമായ കാഹളങ്ങളോടെ സ്ഥാനാരോഹണം ചെയ്താലും കോരനു ദോശ കോരന്റെ സമയത്തു തന്നെ.

വീട്ടിലെ മുതിര്‍ന്ന എല്ലാ ആണ്‍ പ്രജകള്‍ക്കുള്ളതും ശരിയായിക്കഴിഞ്ഞാല്‍ ആ അട്ടി ദോശ മുന്നിലൂടെ പറന്ന് പോകുന്നത്‌, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ബസ്സ്റ്റോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ കുടുംബത്തില്‍ പിറന്ന ആണ്‍പിള്ളേര്‍ 180 ഡിഗ്രിയില്‍ തല തിരിച്ച്‌ നോക്കുന്നതുപോലെ, വായില്‍ വെള്ളവുമിറക്കി 270 ഡിഗ്രിയില്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും.

ആര്‍ക്കും ആ കൊതിപറ്റാതിരിക്കാന്‍ അമ്മ കണ്ടുപിടിച്ച സൂത്രം ഉടന്‍ രംഗത്തിറങ്ങും.

"എടാ കറുമുറ വേണോ?"

32 ഒന്നും കാണില്ലെങ്കിലും ആകെയുള്ള 10 - 20 പല്ലുകളും ബാക്കിയ്ക്ക്‌ മോണയും കാട്ടി വെളുക്കെയുള്ളൊരു ചിരി കറുമുറെയുടെ കൂലി മാത്രമല്ല, പല്ലു തേച്ചതിനുള്ള തെളിവും കൂടിയാണ്‌. കറുമുറ എന്നു വച്ചാല്‍ മുഴുവന്‍ ദോശയല്ല. ദോശ എടുത്തു കഴിഞ്ഞാല്‍ കല്ലില്‍ ബാക്കിവരുന്ന ഉറച്ച ഭാഗങ്ങള്‍.

അതൊരു അടയാളമാണ്‌. ഇനി ബാക്കി പെണ്‍ പ്രജകളും ഞാനുമേയുള്ളൂ. പുതിയ അടുക്കള സാമ്രാജ്യത്തിന്റെ അവകാശിയുടെ അന്നത്തെ കിരീടധാരണം.അമൃതേത്ത്‌ തുടങ്ങുകയായി.

അതിനുമുന്‍പ്‌ ആ ദോശയുടെ സൗന്ദര്യ വര്‍ണ്ണന.

ഉരുളക്കിഴങ്ങ്‌ കുത്തിനിറച്ച തമിഴ്‌ മദാലസയല്ലിവള്‍.
ഇഞ്ച്‌ കനത്തില്‍ മേക്കപ്പിട്ട കന്നഡ 'സെറ്റ്‌' അപ്പുമല്ലിവള്‍.
ഗ്യാസ്‌ സ്റ്റൗവ്വിലെ നോണ്‍സ്റ്റിക്കില്‍ പറ്റിപ്പിടിക്കാത്ത മോഡേണ്‍ കേരള സുന്ദരിയും ഇവളുടെ എട്ടയലത്ത്‌ വരില്ല.

ചകിരിയും വിറകും ഉണക്കോലയും അലങ്കാരമേറ്റുന്ന ശ്യാമസുന്ദരി കല്ലടുപ്പിന്റെ മുകളില്‍ വിരാജിക്കുന്ന ദോശക്കല്ലിന്റെ മുകളില്‍, മൂന്ന് വിരലുകൊണ്ട്‌ പിടിക്കാവുന്ന ചെറിയ ചകിരിക്കുച്ചിനാല്‍ എണ്ണ പുരട്ടി,അതില്‍ നിന്ന് വെള്ള ആവി പൊങ്ങുമ്പോള്‍ ചിരട്ടക്കയ്യിലില്‍ കൊണ്ട്‌ ഒന്നരത്തവി മാവൊഴിച്ച്‌, രണ്ട്‌ തവണ ഘടികാര ദിശയിലും ഒരു തവണ തിരിച്ചും അതിനു മുകളിലൂടെ ചിരട്ടക്കയ്യിലോടിച്ച്‌, അടപ്പിന്റെകൊളുത്തിന്‌ കടലാസുവച്ച്‌ നീളം കൂട്ടി ചൂടിനെച്ചെറുക്കാന്‍ സജ്ജമാക്കിയ മൂടിവച്ച്‌ മൂടി, അല്‍പം കഴിഞ്ഞ്‌ മൂടി തുറക്കുമ്പോള്‍ ഏഴയലത്തും കൊതിപ്പിക്കുന്ന മണം പരത്തിച്ച്‌, ഒന്നു തിരിഞ്ഞ്‌ കിടന്ന്, സര്‍വ്വാലങ്കാരഭൂഷിതയായി ഇവള്‍ വരുമ്പോള്‍ സാക്ഷാല്‍ ഐശ്വര്യാ റായി പോലും ആ വഴി നടക്കില്ല.

തീര്‍ന്നില്ലാ. എനിക്കു ബ്ലോഗരെ കൊതി പിടിപ്പിച്ച്‌ മതിയായില്ല. അമൃതേത്ത്‌ തുടങ്ങുന്നതേയുള്ളൂ.

ഐശ്വര്യാറായിയും അഭിഷേക്‌ തേങ്ങാച്ചമ്മന്തിയും ഇപ്പോള്‍ കിട്ടില്ല. അതു കുളികഴിഞ്ഞ്‌ മേശയ്ക്ക്‌ മുന്നില്‍ എത്തിയാല്‍ മാത്രം. പകരം ....

ദേ ഒരു വിളി..

" ആ പശൂനെയ്യിന്റെ കുപ്പിയെടുത്തോണ്ടാടാ "

ചാത്തന്റെ എക്കാലത്തെയും വലിയ ഫേവറിറ്റ്‌ ഇതാ ജന്മം കൊള്ളുകയായി.

5 സെക്കന്റില്‍ ഇളം ബ്രൗണ്‍ നിറമുള്ള പശുവിന്‍ നെയ്യ്‌ കുപ്പിയുമായി ചാത്തന്‍ സമക്ഷം പ്രത്യക്ഷം.

ഇത്തിരിനേരം തിരിച്ചും മറിച്ചും അടുപ്പിന്റെ മൂട്ടില്‍ കാണിക്കുമ്പോഴേക്കും കുപ്പിയിലേയും എന്റുള്ളിലേയും മഞ്ഞുരുകും.

ജയിംസ്‌ കാമറൂണിന്‌ ടൈറ്റാനിക്‌ കുറച്ച്‌ വര്‍ഷങ്ങള്‍ മുന്‍പ്‌ ഉണ്ടാക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇത്രെം കാശുമുടക്കി സെറ്റിടേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒന്നല്ല ഒരഞ്ച്‌ ടൈറ്റാനിക്കിനെ മുക്കാനുള്ള വെള്ളം ചാത്തന്റെ കുഞ്ഞ്‌ വായില്‍ത്തന്നെ കണ്ടേനെ.

കുറച്ച്‌ മുന്‍പ്‌ ദോശക്കല്ലില്‍ നിന്നും ഇളകി, തിരിച്ചും പിന്നെ ഒന്നുകൂടി മറിഞ്ഞും കിടന്ന് കൂടുതല്‍ മൊരുമൊരുപ്പായിക്കൊണ്ടിരിക്കുന്ന ദോശസുന്ദരിയില്‍ നെയ്യൊഴിച്ച്‌ ചട്ടുകം കൊണ്ട്‌ എല്ലായിടത്തും എത്തിച്ച്‌ മേമ്പൊടിയായി കുറച്ച്‌ പഞ്ചസാരയും തൂവി, ചുരുട്ടിയെടുത്ത്‌ എന്റെ കുഞ്ഞുകൈയ്യില്‍ വച്ചു തരുമ്പോള്‍, അമ്മയുടെ കണ്ണില്‍ കാണുന്ന വാല്‍സല്യത്തിന്റെ തിളക്കത്തിനോ, എന്റെ കണ്ണില്‍ കാണുന്ന കൊതിയുടെ തിളക്കത്തിനോ, അതോ ദോശസുന്ദരിയുടെ ഉള്ളില്‍ നെയ്യിന്റെ മയം കൊണ്ട്‌ തിളങ്ങുന്ന പഞ്ചാരപ്പരലുകള്‍ക്കോ ഏതിനാണ്‌ പത്തരമാറ്റ്‌???