Tuesday, August 11, 2009

ഒരു കാള സായാഹ്നം - 2

യാത്രയുടെ തുടക്കം ഇത്തിരി കട്ടിയായിരുന്നു പലരുടെയും വീടിനടുത്തുള്ള പറമ്പുകള്‍ വേലികള്‍ ചെറിയ മതിലുകള്‍ അങ്ങനെ തടസ്സങ്ങള്‍ ഒരുപാട്‌. പിന്നെ അന്നത്തെ പ്രത്യേക ചുറ്റുപാട്‌ എല്ലാവരും അറിഞ്ഞതു കൊണ്ടാവും അഞ്ചാറു യൂനിഫോംധാരികളെ, ഇതിലേ പോയിക്കോ മക്കളേ എന്ന മനോഭാവത്തോടെയാണ്‌ എല്ലാവരും കണ്ടത്‌.

പതുക്കെ പതുക്കെ ജനവാസം കുറഞ്ഞു, വീടുകള്‍ തമ്മിലുള്ള അകലം കൂടി. എല്ലായിടത്തും വഴി ചോദിച്ച്‌ ചോദിച്ച്‌ പോകേണ്ടി വരുമെന്നതിനാല്‍ ഞങ്ങള്‍ വേഗത കൂട്ടി, കിതപ്പ്‌, ദാഹം കൂടെ എടുത്ത വെള്ളം തീര്‍ന്നു. ദൂരെയായി ഒരു അരുവിയും വീടും. ഒരു പ്രായമായ സ്ത്രീ പുറത്ത്‌ നില്‍ക്കുന്നു. ഞങ്ങള്‍ വഴി ചോദിച്ചു. അരുവിയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി. കുറേ പോയിക്കഴിയുമ്പോള്‍ ഒരു കവുങ്ങിന്റെ പാലം കാണാം അവിടെ വച്ച്‌ അരുവി മുറിച്ച്‌ കടക്കണം. വെള്ളം കുറവാണെന്ന് വച്ച്‌ വേറേ എവിടെ നിന്നും മുറിച്ച്‌ കടന്നേക്കരുത്‌ മറുവശം ആറളം ഫാമിന്റെ കീഴിലാണ്‌. ചിലപ്പോള്‍ വല്ല പാമ്പോ മറ്റോ കാണും നേരം ഇരുട്ടിവരികയല്ലേ. പാലം കടന്നാല്‍ ഒരാള്‍ക്കു നടക്കാന്‍ പാകത്തില്‍ ഒരു ഇടവഴി കാണും അതിലൂടെ നേരെ നടന്നാല്‍ മതി ഫാമിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ എത്താം. അതു മതി അവിടെ നിന്ന് എന്റെ വീട്ടിലേക്ക്‌ അടുത്താണ്‌, വഴിയും അറിയാം എന്നായി കൂട്ടുകാരന്‍. പക്ഷേ വെയില്‍ മാഞ്ഞ്‌ തുടങ്ങുന്നു. വേഗത പോരാ.

നാട്ടില്‍ നടന്ന ദുരന്തം പ്രകൃതിയെപ്പോലും ബാധിച്ചോ എന്തോ പക്ഷികളുടെ ശബ്ദവും നിലച്ചു. മുട്ടുവരെ മാത്രം വെള്ളമുള്ള അരുവിയിലെ വെള്ളത്തിന്റെ നേര്‍ത്ത ശബ്ദം മാത്രം. ഇനി ഫാമിന്റെ ഗേറ്റിനടുത്തെത്തുന്നതു വരെ വീടുകളൊന്നുമില്ല. വഴിചോദിക്കാന്‍ മരങ്ങളും കുറ്റിക്കാടുകളും അരുവിയും മാത്രം. നടന്നിട്ടും നടന്നിട്ടും പാലം കാണാനില്ല. എല്ലാവരുടെയും ധൈര്യം വിയര്‍പ്പിന്റെ രൂപത്തില്‍ ചോര്‍ന്നു പോവാന്‍ തുടങ്ങി. ഒന്നു കിതപ്പടങ്ങുന്നവര്‍ മുന്‍പോട്ടോടി ദൂരെയെങ്ങാന്‍ പാലം കാണാനുണ്ടോ എന്ന് നോക്കും പിന്നെ ബാക്കിയുള്ളവര്‍ വരുന്നതു വരെ അവിടെ അണച്ചോണ്ടിരിക്കും. അരുവിയുടെ ആഴം കൂടിക്കൂടി വരുന്നു .പാലം കാണാത്ത സ്ഥിതിയ്ക്ക്‌ ഇവിടെ വച്ച്‌ തന്നെ പുഴ കടന്നാലോ? എന്ത്‌ വന്നാലും ആറു പേരില്ലേ?

വേണ്ട എന്ന് അഞ്ചു പേരും ഒരേ ശ്വാസത്തില്‍. വല്ല പാമ്പും വന്നാല്‍ വന്ന് കടിച്ചിട്ട്‌ പോയ്ക്കോ എന്നും പറഞ്ഞ്‌ വെറുതേ നില്‍ക്കാനുള്ള ത്രാണിയേ ഉള്ളൂ. ചെരുപ്പ്‌ ഉരഞ്ഞ്‌ വിരലുകള്‍ അവിടവിടെ വേദനിക്കുന്നു. അവസാനം പാലം കണ്ടു. അതാവണം പാലം എന്ന് ആ സ്ത്രീ ഉദ്ദേശിച്ചത്‌ ഒരു കവുങ്ങ്‌ രണ്ടായിക്കീറി പുഴയ്ക്ക്‌ കുറുകേ ഇട്ടിരിക്കുന്നു. ആഴം അധികമില്ലാത്തതിനാല്‍ വീണാല്‍ പുഴയിലെ കല്ലിലെവിടെങ്കിലും അടിച്ച്‌ കാലൊടിയുകയോ ഉളുക്കുകയോ ചെയ്യും. പോരാഞ്ഞ്‌ അതിനത്ര ഉറപ്പുമില്ല നടുവിലെത്തിയാല്‍ പാലം മൊത്തം ആടുമെന്നുറപ്പ്‌. ഒരു പരീക്ഷണത്തിനു ആരും തയ്യാറായില്ല. ഇരുന്നും നിരങ്ങിയും ഓരോരുത്തരായി പാലം കടന്നു. ഒന്നും സംഭവിച്ചില്ല. കവുങ്ങിന്റെ ആരുകള്‍ കൊണ്ടിട്ടാണോ എന്തോ കയ്യൊക്കെ പുകയുന്നു.

ഇടവഴി കണ്ടുപിടിച്ചു. ചുറ്റും കാടും മുള്ളും. അടുത്ത്‌ കണ്ട ശീമക്കൊന്നയുടെ കൊമ്പുകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ മുള്ളുകളോട്‌ വാള്‍പയറ്റ്‌ നടത്തി മുന്നോട്ട്‌ നീങ്ങി. പോക്കുവെയിലിന്റെ അവസാന കണങ്ങളും വിടപറയുന്നു. എത്തിപ്പോയീ. ഫാമിന്റെ ഗേറ്റ്‌ ദൂരെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആവേശഭരിതരായി. പിന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ ഓട്ടമായിരുന്നു. ക്രിക്കറ്റ്‌ കളിച്ച്‌ തളര്‍ന്ന് വരുമ്പോള്‍ കിണറ്റിലെ വെള്ളത്തിന്‌ മധുരമുള്ളതായി ചാത്തന്‍ അറിഞ്ഞിരുന്നെങ്കിലും ഇതിനു മുന്‍പൊന്നും ഇത്രേം മധുരത്തോടെ വെള്ളം കുടിച്ചിട്ടില്ല.

അങ്ങനെ ആറുപേരിലൊരാള്‍ വീടെത്തിയെങ്കിലും അവിടെ താമസിക്കമെന്നവന്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ പ്രശ്നം ബാക്കിയായി. ഇരുട്ടിയിട്ടും വീടെത്താത്ത അഞ്ച്‌ കൗമാരക്കാരുടെ വീടുകളില്‍ ഇപ്പോള്‍ എന്താവും നടന്നുകൊണ്ടിരിക്കുന്നത്‌?

വീട്ടിനു തൊട്ടടുത്ത്‌ പഠിച്ചുകൊണ്ടിരിക്കുന്ന അനിയന്മാരും അവിടെതന്നെ പഠിപ്പിച്ചിരുന്ന അമ്മയും ഒക്കെ നേരത്തേ വീടെത്തി. വഴിയിലേക്കും നോക്കിയിരിപ്പായിരുന്നു. കളിക്കാന്‍ നില്‍ക്കാതെ ജീപ്പില്‍ കയറി സ്ഥലം വിട്ട കരിങ്കാലികള്‍ വഴിയിലെവിടെവച്ചോ ജീപ്പിനെ കടത്തി വിടൂലാ എന്ന സ്ഥിതി വന്നപ്പോള്‍ ഇറങ്ങി നടന്ന് സന്ധ്യയോടടുത്ത്‌ ചാത്തന്റെ നാട്ടിലെത്തിയിരുന്നു. അവര്‍ക്ക്‌ ചാത്തന്റെ വീടറിയുന്നതു കൊണ്ട്‌ പോകുന്ന വഴി ഞങ്ങള്‍ അഞ്ചാറുപേര്‍ മൊത്തം നടന്നായിരിക്കും വരവെന്ന് വീട്ടിലറിയിച്ചിരുന്നു. കുറേപേര്‍ ഒരുമിച്ചായതു കാരണം വീട്ടുകാര്‍ക്കൊരു സമാധാനം.

പകുതി വഴിയ്ക്ക്‌ കൂട്ടുകാരന്റെ വീട്ടിലെത്തിയ ഞങ്ങള്‍ക്ക്‌ അവന്‍ പോകാവുന്നത്ര ദൂരം കൊണ്ടുപോയി വിടാന്‍ ഒരു മിനി ലോറി തരമാക്കി തന്നു. ആറളം ഫാമിന്റെ അടുത്ത്‌ നിന്നും മെയിന്‍ റോഡിലെത്തിയപ്പോഴേക്കും അതും മുന്നോട്ട്‌ പോകില്ല എന്നായി, പിന്നേം നടപ്പ്‌ തുടര്‍ന്നു. എന്നാല്‍ മെയിന്‍ റോഡില്‍ ഒടിഞ്ഞ്‌ തൂങ്ങി നാലഞ്ച്‌ പിള്ളേര്‍ നടക്കുന്നതു കണ്ട ഒരു ചേട്ടന്‍ തന്റെ ജീപ്പില്‍ അടുത്ത ജംഗ്ഷന്‍ വരെ എത്തിച്ചു. പിന്നേം റോഡ്‌ ബ്ലോക്ക്‌. പിന്നേം നടപ്പ്‌. ഇപ്പോള്‍ ഞങ്ങള്‍ റോഡ്‌ മുഴുവന്‍ ഞങ്ങള്‍ക്ക്‌ എഴുതിത്തന്നതു പോലായി നടപ്പ്‌. ഒരു മനുഷ്യനേം കാണാനില്ല.

അടുത്ത ജനവാസമുള്ള ജംഗ്ഷനിലെത്തിയപ്പോള്‍ ഞങ്ങള്‍ ഫോണ്‍ ചെയ്യാന്‍ സ്ഥലം അന്വേഷിച്ചു. എല്ലാ കടകളും അടഞ്ഞ്‌ കിടക്കുന്നു.കൂട്ടത്തിലൊരുത്തനു വിദൂരപരിചയമുള്ള ഒരു വീട്‌ അടുത്തുണ്ട്‌ അവിടെ കയറി ഫോണ്‍ ചെയ്യാമെന്നായി. അവിടാകെ ഒരു വയസ്സായ ഒരു അമ്മച്ചി മാത്രം വീടൊക്കെ അടച്ചുപൂട്ടി ഇരിക്കുന്നു. പയ്യന്‍സിനു പരിചയമുള്ള ആള്‍ അവിടില്ല. എന്നാലും കുറേ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ ജനലിനരികിലേക്ക്‌ നീക്കി വച്ച്‌ ജനല്‍ തുറന്ന് തന്നു. പിന്നേം തഥൈവ. ഒരിടത്തും ഫോണ്‍ ലൈന്‍ കിട്ടുന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ കിണറ്റില്‍ നിന്നു കോരിക്കുടിച്ചോളാന്‍ പറഞ്ഞു.

കിണറ്റിന്‍ കരയിലേക്ക്‌ പോകാന്‍ ലൈറ്റ്‌ ഇട്ട്‌ തന്നപ്പോഴാണ്‌ ചാത്തനാ വീട്ടില്‍ അതിനു മുന്‍പ്‌ പോയതായി മനസ്സിലായത്‌. അച്ഛന്റെ കടയില്‍ മുന്‍പ്‌ ഫാര്‍മസിസ്റ്റായിരുന്ന നാന്‍സി ചേച്ചീടെ വീട്‌. ചേച്ചീടെ കല്യാണത്തിന്‌ ചാത്തനവിടെ വന്നിരുന്നു. ചാത്തന്‍ ആ അമ്മച്ചിയോട്‌ ചോദിച്ചു പിന്നെ സ്വന്തം പേരും വിലാസവും പറഞ്ഞു അവരപ്പോള്‍ തന്നെ വാതില്‍ തുറന്ന് പുറത്ത്‌ വന്നു വെള്ളം കൊണ്ടു തന്നു. ഞങ്ങള്‍ വെള്ളം കുടിക്കുമ്പോഴേക്കും അവരുതന്നെ ഫോണ്‍ വിളിച്ച്‌ വിളിച്ച്‌ ചാത്തന്റെ വീട്ടില്‍ ലൈന്‍ കിട്ടി. ഞങ്ങളെല്ലാരോടും അവിടെതന്നെ നിന്നോളാന്‍ അവര്‍ പറഞ്ഞു. പക്ഷേ അവിടെ വരെ എത്തിയ സ്ഥിതിയ്ക്ക്‌ ഇനി വല്ല ബൈക്കും അങ്ങോട്ട്‌ വിടാം നേരായ റോഡില്‍ തന്നെ നടന്നോളാന്‍ അമ്മ പറഞ്ഞു.

അച്ഛന്റെ ഒരു ബന്ധുവായ ദിനുവേട്ടന്‍ പെട്ടന്ന് തന്നെ ബൈക്കുമായെത്തി അഞ്ച്‌ പേരില്‍ രണ്ടെണ്ണം വച്ച്‌ കൊണ്ട്‌ പോയി ചാത്തന്റെ വീട്ടില്‍ വിട്ടു. ഏറ്റവും അവസാനം ചാത്തനും. ചാത്തനെത്തുമ്പോഴേക്ക്‌ കൂട്ടുകാരെയൊക്കെ പലവിധ വണ്ടികളിലായി അവരവരുടെ നാട്ടിലേക്ക്‌ പാര്‍സല്‍ ആക്കിയിരുന്നു. വീട്ടിലെത്തി നേരെ സോഫയിലേക്ക്‌ ചെരിഞ്ഞു. കാലെന്ന് പറയുന്ന സാധനത്തിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ പെറുക്കി സോഫയുടെ ഒരു സൈഡില്‍ ഇട്ടേക്കാന്‍ പറഞ്ഞു.

പിറ്റേന്ന് എങ്ങനെ സ്ക്കൂളില്‍ പോകുമെന്ന് ആലോചിച്ചാണ്‌ എഴുന്നേറ്റത്‌. വൈദ്യന്‍ കല്‍പിച്ചതു മാത്രമല്ല മൊത്തം പാലു മയം. ഒരു മാസത്തേക്ക്‌ പിന്നെ സ്ക്കൂളുണ്ടായിരുന്നില്ല. ഒരുമാസം നഷ്ടപ്പെട്ട ക്രിക്കറ്റ്‌ ഗ്രൗണ്ടുകള്‍ക്കായി തീറെഴുതിക്കൊടുത്ത്‌ കളിച്ച്‌ തിമിര്‍ത്തു.

അന്നത്തെ യാത്രയില്‍ കുടിക്കാന്‍ വെള്ളം തന്നവര്‍, സഹതപിച്ചവര്‍, വഴികാണിച്ചു തന്നവര്‍, കുറച്ചെങ്കില്‍ കുറച്ച്‌ ദൂരം കൊണ്ട്‌ വിട്ടു തന്നവര്‍. അവരെല്ലാം ഇന്നും കണ്ണൂരില്‍ കാണും പാര്‍ട്ടികളും തമ്മില്‍ തല്ലും കൊലപാതക പരമ്പരകളും എപ്പോഴുമുണ്ടെങ്കിലും വഴിയില്‍ പെട്ടുപോകുന്നവര്‍ക്ക്‌ ഒരിക്കലും ഞങ്ങളുടെ നാട്ടില്‍ സഹായം കിട്ടാതിരിക്കില്ല. അതിനാരും പാര്‍ട്ടിയൊന്നും നോക്കില്ല.

കൃത്യമായ അജണ്ടകളോടെ ആളും തരവും നോക്കി മാത്രമാണ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്‌. വാളെടുക്കുന്നവന്‍ മാത്രമേ വാളാല്‍ നശിക്കൂ. രാഷ്ട്രീയ മുതലെടുപ്പിനായി വിളിച്ച്‌ പറയാന്‍ എന്നും തോടാവുന്ന റോഡുകളും സര്‍ക്കാറിന്റെ അനാസ്ഥയും, അവശ്യ വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടവും മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കോടികളുടെ തിരിമറികേസുകളും ഉണ്ടാവട്ടെ, വാളെടുക്കാന്‍ ആര്‍ക്കും സമയമില്ലാതാവട്ടെ.


വാല്‍ക്കഷ്ണം: അന്ന് നംവബര്‍ 25 1994 കണ്ണൂരിലെ കൂത്തുപറമ്പില്‍ 5 പേര്‍ പോലീസ്‌ വെടിവയ്പില്‍ കൊല്ലപ്പെട്ടു.സഹകരണ ബാങ്ക്‌ ഉല്‍ഘാടനം ചെയ്യാന്‍ വന്ന മന്ത്രി എം വി രാഘവനെ തടയാന്‍ ചെന്നവര്‍ക്ക്‌ നേരെ നടത്തിയ വെടിവയ്പില്‍. അതൊരു രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. എന്നാല്‍ ബന്ദ്‌ രാഷ്ട്രീയം കണ്ണൂരില്‍ തുടങ്ങുന്നത്‌ അന്നു മുതലാണ്‌. അതിനു മുന്‍പ്‌ വണ്ടികളൊന്നും ഓടാത്ത വിജനമായ റോഡ്‌ കണ്ടത്‌ രാജീവ ഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു. പിന്നീടുള്ള ഒരു മാസം കണ്ണൂരുകാര്‍ക്കൊരു കോച്ചിംഗ്‌ ക്ലാസായിരുന്നു ബന്ദ്‌ എപ്പോള്‍ വേണമെങ്കിലും വരാം എങ്ങനെ കരുതിയിരിക്കണം എന്നതിനെ പറ്റി.

27 comments:

കുട്ടിച്ചാത്തന്‍ said...

അങ്ങനെ 50 പോസ്റ്റുകള്‍ കുട്ടിച്ചാത്ത വിലാസങ്ങളില്‍ --- പൊട്ടിക്കെടാ കുപ്പി -- (മിനറല്‍ വാട്ടറിന്റെ)

അരുണ്‍ കരിമുട്ടം said...

അമ്പത് പോസ്റ്റിന്‍റെ പൊട്ടിച്ചു..
((ഠോ))

ഇനി വായിച്ചട്ട് വരാം

Sathees Makkoth | Asha Revamma said...

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം ഞാനും ഇതുപോലൊരു നടപ്പ് നടന്നിട്ടുണ്ട്.
തുടക്കം ഒരു പ്രേത കഥപോലാക്കിക്കളഞ്ഞല്ലോ ചാത്താ. പേടിച്ചുപോയി.
ഞാനും കുപ്പിപൊട്ടിച്ചു. കുപ്പിക്കമ്പനിക്കാരൻ കുപ്പിയല്ലാതെന്തുപൊട്ടിക്കാൻ...
ആശംസകൾ.
(ആ ക്രിക്കറ്റിൽ അടിക്കാതെ പോയ സെഞ്ച്വറി ഇവിടെ അടിച്ചോളൂ.)

സു | Su said...

അങ്ങനെ നടന്നുനടന്ന് അമ്പതായി അല്ലേ? ഇനിയും നടക്കൂ. ഓടൂ. ആശംസകൾ. :)

ശ്രീ said...

അമ്പതാം പോസ്റ്റിന് ആശംസകള്‍...

അങ്ങനെ ഒരു കാള സായാഹ്നം അവസാനിച്ചു, അല്ലേ?
:)

അനില്‍@ബ്ലോഗ് // anil said...

ഒരു ബന്ദ് വന്നിരുന്നേ ബിരിയാണീം വച്ച് വീട്ടില്‍ ഇരിക്കാമായിരുന്നു.
:)

50 ന് ആശംസകള്‍

R. said...

ഹെ ഹേ!

വാളെടുത്തവന്‍ വാള്‍പേപ്പറാല്‍. ;-)

കണ്ണനുണ്ണി said...

ഇടയ്ക്ക് ഇങ്ങനെ ഒരു അനുഭവം നല്ലതാ....പിള്ളേര്‍ക്ക് ഇത്തിരി അനുസരണ ഒക്കെ വേണം...
ഹാഫ്‌ സെന്ച്ചുരിക്ക് .....ചിയെര്‍സ്‌ ....

Lathika subhash said...

ഇന്ദിരാജി രക്തസാക്ഷിയായ ദിവസം എന്നെയും ഇങ്ങനെ ഒരു ‘നല്ല നടപ്പി’നു ശിക്ഷിച്ചു.

ബോണ്‍സ് said...

വീട്ടില്‍ എത്തി സോഫയിലോട്ടു മറഞ്ഞപ്പോള്‍... ചാത്താ...അതി ഫീകരം...
പിറ്റേന്ന് ക്രിക്കറ്റ്‌ കളിക്കാന്‍ കാലുവേദന ഒന്നും ഉണ്ടായില്ല..ല്ലേ? :)

അമ്പതാം പോസ്റ്റിന്റെ ആശംസകള്‍...

അരുണ്‍ കരിമുട്ടം said...

"കാലെന്ന് പറയുന്ന സാധനത്തിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ പെറുക്കി സോഫയുടെ ഒരു സൈഡില്‍ ഇട്ടേക്കാന്‍ പറഞ്ഞു. "
ഹ..ഹ..ഹ

തേങ്ങ ഇട്ട് കഴിഞ്ഞാ ആദ്യം കണ്ടത്:)
പിന്നെ കണ്ണൂരില്‍ ബന്ദ് തുടങ്ങിയതെന്ന എന്ന എന്‍റെ സംശയത്തിനു ഒരു മറുപടിയും കിട്ടി:)

വയനാടന്‍ said...

നന്നായിരിക്കുന്നു

ആശം സകൾ

Anil cheleri kumaran said...

രസമായ വിവരണം. ഇഷ്ടപ്പെട്ടു.

ശ്രീലാല്‍ said...

സുഹൃത്തുക്കളെ,

അമ്പത് പോസ്റ്റ് എന്ന മൈൽക്കുറ്റി താണ്ടിയ ചാത്തനെ അഭിനന്ദിക്കാനാണല്ലോ ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇങ്ങനെ ആളും മനുഷ്യനും ഇല്ലാത്ത കാട്ടുപ്രദേശത്തു മഴയോടും മലയോടും ബന്ദിനോടും മല്ലിട്ടാണ് ഈ ആറളത്തിന്റെ മുത്ത് എന്നെപ്പോലെ നല്ല ഒരു നിലയിൽ എത്തിയത് എന്നുപറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ബൂലോകത്തിന്റെ നിത്യസാന്നിധ്യമായ ഈ ആറളം ചാത്തൻ അധവാ ഇരിട്ടിച്ചാത്തൻ എന്ന കുട്ടിച്ചാത്തന് എന്റെ വക സ്നേഹം കൊണ്ട് ഒരു പൊന്നാട അണിയിക്കുവാൻ ഞാനീ അവസരം വിനിയോഗിക്കുകയാണ്. ഇനിയും നൂറു നൂറു ഏറുകളുമായി ചാത്തൻ ഈ ലോകത്ത് വിഹരിക്കട്ടേയെന്നും
എല്ലാവർക്കുൻ ചാത്തന്റെ ഏറുകൊണ്ട് സകല ഐശ്വര്യങ്ങളൂം അഭിവൃദ്ധികളും ഉണ്ടാകട്ടെയെന്നും
ഞാൻ ആശംസിക്കുകയാണ്.

നല്ല ഒരുപാട് ബന്ദുകളുടെ / സമരങ്ങളുടെ /വിദ്യാർത്ഥി ഐക്യങ്ങളുടെ /ക്രിക്കറ്റ് ദിനങ്ങളുടെ/ ഡൈവ് ചെയ്തെടുത്ത ക്യാച്ചുകളുടെ / വിക്കറ്റിനു ബോൾ കൊണ്ടിട്ടും ബെയിൽ‌സ് വീഴാഞ്ഞതിന്റെ / ആഘോഷത്തിമിർപ്പുകളുടെ /സ്കൂൾ ഗ്രൌണ്ടിന്റെ / പച്ചവെള്ളത്തിന്റെ/സ്കൂളിലേക്കുള്ള വഴികളുടെ ഓർമ്മകൾ വാട്ടർ ഫൌണ്ടെയിൻലെ വെള്ളം പോലെ ഉയർത്തിയ ഈ പോസ്റ്റിന് നന്ദി നന്ദി നന്ദി ഹിൽ‌സ് ബാംഗ്ലൂർ ..
ഞാൻ വികാര വിഷ്ഷുബുദനാ‍യിപ്പോയി.
എനിക്ക്ക് മറ്റൊരു ബ്ലോഗിലും പോയി ഒരു കമന്റ് യോഗത്തിൽക്കൂടി - ആരാധകശല്യം നിമിത്തം ഇപ്പൊൾ പ്രധാന യോഗങ്ങളിൽ മാത്രമേ ഞാൻ പങ്കെടുക്കാറുള്ളൂ - സംബന്ധിക്കാനുള്ളതിനാലും ഓണത്തിനു 3 ദിവസത്തെ ലീവിന് ചോദിച്ചപ്പോൾ ‘അത് വേണോ വാവേ..?’ എന്ന് വാക്കാലും ,“ യൂ. എ. ടി സമയത്താണോ തന്റെ കോപ്പിലെ ഓണവും ലീവും..“ എന്ന് മനസ്സാലും പ്രതിവചിച്ച മാനേജർ ഈ ഏരിയയിൽ കറങ്ങി നടക്കുന്നതിനാലും , രാവിലെ മുതലേ ഓടിക്കാൻ ശ്രമിക്കുന്ന ഒരു സ്ക്രിപ്റ്റ് ഇതുവരെ ഓടാത്തതിനാലും ഞാൻ അധികം നീട്ടുന്നില്ല. കമന്റ് ചുരുക്കുന്നു, ഒടിക്കുന്നു , മടക്കുന്നു, ചുരുട്ടിക്കൂട്ടുന്നു..

ദി ന്യൂ ചാത്തൻ സേവാ മഠം,
ഓൾഡ് എയർപോർട്ട് റോഡ്,
ഡൊം‌ലുർ, ബാംഗ്ലൂർ.
ബ്രാഞ്ചുകൾ : കെ.ആർ പുരം, മഡിവാള , ഇരിട്ടി.

Unknown said...

ചാത്തനേറ്‌ കുറിക്കുകൊള്ളുന്നുണ്ട്‌..
ബാല്യകാല നടപ്പ്‌ വിശേഷങ്ങള്‍
ഒരുപാട്‌ ഇഷ്ടമായി..
അതിലേറെ,
വെട്ടിയും കുത്തിയും പരസ്‌പരം
കലഹിക്കുന്ന മനുഷ്യരുടെ വിഡ്‌ഢിത്തമോര്‍ത്ത്‌
സങ്കടവും സഹതാപവും...

രായപ്പന്‍ said...

അമ്പതാം പോസ്റ്റിന് ആശംസകള്‍......

കൂട്ടുകാരൻ said...

ചാത്താ, ഇപ്പോള്‍ കണ്ണൂരിനെ പറ്റി കേള്‍ക്കുമ്പോള്‍ തന്നെ ആള്‍ക്കാര്‍ ഒന്ന് പേടിക്കും.എന്റെ ഒരു കൂടുകാരന് ലാസ്റ്റ് ഗ്രേഡ് കണ്ണൂരില്‍ ആണ് കിട്ടിയത്.അവനു ഒരാഴ്ച പണി ആയി.അവന്റെ വീട്ടില്‍ നിന്നും യാത്രയാക്കുന്ന കണ്ടാല്‍ കാര്‍ഗില്‍ യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെ യാത്രയാക്കുന്ന പോലെ തോന്നും.

Minnu said...

"അവസാനം പാലം കണ്ടു. അതാവണം പാലം എന്ന് ആ സ്ത്രീ ഉദ്ദേശിച്ചത്‌ ഒരു കവുങ്ങ്‌ രണ്ടായിക്കീറി പുഴയ്ക്ക്‌ കുറുകേ ഇട്ടിരിക്കുന്നു". എനിക്കും ഇങ്ങനെ ഒരു പാലം കടക്കേണ്ടി വന്നിട്ടുണ്ട്. എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന സമയം .ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോളാണ് സംഭവം ...ഇത് പക്ഷെ പുഴയായിരുന്നില്ല ..ചെറിയ ഒരു കനാല്‍ ..കുറുകെ ഒരു തെങ്ങിന്റെ കഷണം ..കണ്ടിട്ട് അത്ര ഉറപ്പൊന്നും തോന്നിയില്ല ..അരച്ചരച്ചു നിന്നപ്പോള്‍ സുഹൃത്ത്‌ പറഞ്ഞു..നീ കേറിക്കോ ..ഒന്നും സംഭവിക്കില്ല .. കയറി നടുക്കെതിയപ്പോലെയ്കും ഒരു പന്തികേട്‌ ..തെറ്റിയില്ല...കാലപ്പഴക്കം മൂലം തെങ്ങിന്‍ തടി രണ്ടോ മൂന്നോ കഷണങ്ങള്‍...കഷണമെന്നോന്നും പറയാന്‍ പറ്റില്ല...നാരുകളായി അങ്ങനെ ...ഞാന്‍ കനാലിലും. ..അധികം ആഴവും വെള്ളവും ഇല്ലാത്തതിനാല്‍ ഇതിപ്പോള്‍ എഴുതാന്‍ പറ്റി..പിന്നെ കുറെ ദിവസത്തേയ്ക്ക് നേരെ ചൊവ്വേ നടക്കാന്‍പറ്റിയില്ലാന്നു മാത്രം..
.......ആശംസകള്‍...

Unknown said...

കമന്റുകളിലൂടെ വളരെ അധികം കണ്ടിട്ടുള്ള ചാത്തന്റെ എഴുത്തുകള്‍ ഇന്നാണ് വായിക്കുന്നത്.. നന്നായിരിക്കുന്നു...ആശംസകള്‍..

Unknown said...

ഓട്ടോ: ശ്രീലാലിന്റെ വാക്കുകള്‍ കടമെടുക്കുന്നു..കാരണം നമ്മളെല്ലാം ഏകദേശം ഒരേ കാലത്ത് സ്കൂള്‍/കോളേജുകളില്‍ പഠിച്ചവരാനെന്നു ഊഹിക്കുന്നു.."നല്ല ഒരുപാട് ബന്ദുകളുടെ / സമരങ്ങളുടെ /വിദ്യാർത്ഥി ഐക്യങ്ങളുടെ /ക്രിക്കറ്റ് ദിനങ്ങളുടെ/ ഡൈവ് ചെയ്തെടുത്ത ക്യാച്ചുകളുടെ / വിക്കറ്റിനു ബോൾ കൊണ്ടിട്ടും ബെയിൽ‌സ് വീഴാഞ്ഞതിന്റെ / ആഘോഷത്തിമിർപ്പുകളുടെ /സ്കൂൾ ഗ്രൌണ്ടിന്റെ / പച്ചവെള്ളത്തിന്റെ/സ്കൂളിലേക്കുള്ള വഴികളുടെ ഓർമ്മകൾ !!! "

Raneesh said...

Chatha,
which is your exat place?
i am also an aralafarm neighbour-
Kakkayangad

കുക്കു.. said...

വായിക്കാന്‍ നല്ല രസം ഉണ്ട്..ഈ ബ്ലോഗ്‌ ല്ലേ എല്ലാ പോസ്റ്റ്‌ ഉം
.
അപ്പോള്‍ ഒരു അമ്പത് കഴിഞ്ഞു എനി നൂറു പോസ്റ്റ്‌ ഈ ബ്ലോഗ്‌ ല്‍ വരട്ടെ എന്ന് ആശംസിക്കുന്നു..
:)

മുരളി I Murali Mudra said...

വളരെ നന്നായി
ആശംസകള്‍..

Echmukutty said...

ഞാൻ കുട്ടിച്ചാത്തന്റെ എല്ലാ പോസ്റ്റുകളും വായിച്ചു പഠിച്ചു,ഇനി പരീക്ഷ എഴുതാൻ പോകുകയാ.
ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തനെ പരിചയപ്പെടണമെന്ന്. ഇനി ഇപ്പൊ ഈ ഭൂമീന്ന് പോകാനുള്ള ന്യായമായ കാലം ആയപ്പോഴെങ്കിലും കുട്ടിച്ചാത്ത വചനങ്ങൾ വായിക്കാനൊത്തല്ലോ. എല്ലാം കുട്ടിച്ചാത്തന്റെ ഒരു അനുഗ്രഹം.
ഇനിയും വിലാസങ്ങൾ പോരട്ടെ.
അഭിനന്ദനങ്ങൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

ശരിയ്ക്കു കൊള്ളുന്ന ചാത്തനേറ്..കേട്ടൊ..
കൃത്യമായ അജണ്ടകളോടെ ആളും തരവും നോക്കി മാത്രമാണ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്‌. വാളെടുക്കുന്നവന്‍ മാത്രമേ വാളാല്‍ നശിക്കൂ. രാഷ്ട്രീയ മുതലെടുപ്പിനായി വിളിച്ച്‌ പറയാന്‍ എന്നും തോടാവുന്ന റോഡുകളും സര്‍ക്കാറിന്റെ അനാസ്ഥയും, അവശ്യ വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടവും മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കോടികളുടെ തിരിമറികേസുകളും ഉണ്ടാവട്ടെ, വാളെടുക്കാന്‍ ആര്‍ക്കും സമയമില്ലാതാവട്ടെ.

കുട്ടിച്ചാത്തന്‍ said...

അരുണ്‍, സതീ‍ഷേട്ടന്‍, സു ചേച്ചി, ശ്രീ, അനില്‍ ജി,R., കണ്ണനുണ്ണി, ലതിച്ചേച്ചി, ബോണ്‍സ്, വയനാടന്‍, കുമാരന്‍സ്, ചീര്‍കാല്‍, രജനീ ഗന്ധി, രായപ്പന്‍, കൂട്ടുകാരന്‍, സ്നോവൈറ്റ്, മൂലന്‍, നമ്പ്യാര്‍, കുക്കു, മുരളീ നായര്‍, Echmu Kutty, ബിലാത്തിപ്പട്ടണം . എല്ലാവര്‍ക്കും നന്ദി, നമസ്കാരം എല്‍ ഇ ഡി ലൈറ്റ് വച്ച ടോര്‍ച്ചടിച്ച് പ്രകാശിപ്പിച്ചിരിക്കുന്നു.

ഇനിയും വരിക പുതിയ പോസ്റ്റ് വായിക്കാന്‍ തയ്യാര്‍.

സുധി അറയ്ക്കൽ said...

ചാത്തൻ.
എത്ര നന്നായി എഴുതിയിരിക്കുന്നു.നന്നായി ആസ്വദിച്ചു.