Wednesday, September 26, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -രണ്ട്‌- വിശ്വാസവഞ്ചന

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

അഞ്ചില്‍ നിന്ന് ആറിലേയ്ക്ക്‌. അതിനിടെ ചാത്തന്‍ വീടിന്‌ കുറച്ചൂടെ അടുത്തുള്ള സ്ക്കൂളിലേക്ക്‌ മാറി. അടുത്ത്‌ എന്ന് മാത്രമല്ല വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊരു ഹൈസ്ക്കൂള്‍ കൂടിയായിരുന്നു 6 ഉം 7ഉം രണ്ട്‌ ഡിവിഷന്‍ വച്ചും ബാക്കി 10 വരെ 8-10 ഡിവിഷനുകള്‍ വച്ചും, ഇനി 10 വരെ സ്ക്കൂള്‍ മാറേണ്ട കാര്യമില്ല. പോരാഞ്ഞ്‌ ചാത്തന്റെ അമ്മ അവിടെ യുപി വിഭാഗത്തില്‍ പഠിപ്പിക്കുന്നുമുണ്ട്‌.

കൂടുതല്‍ ബോറഡിപ്പിക്കുന്നില്ല. ആറാം ക്ലാസിലെ കായികദിനം വരുന്നു. ചാത്തനിത്തവണയും ലോങ്ങ്‌ ജമ്പിനു പേര്‌ കൊടുത്തു. ഒരൊറ്റ ഐറ്റത്തിനു മാത്രേ മല്‍സരിക്കുന്നുള്ളോന്ന് പി.ടി മാഷ്‌ ചോദിച്ചപ്പോള്‍ ചാത്തനെന്തോ ഒരു വല്ലായ്മ. പിന്നേം ഐറ്റം ലിസ്റ്റ്‌ മൊത്തം തപ്പി. ഒരെണ്ണം കൂടി കിട്ടി. 50 മീറ്റര്‍ ഓട്ടം അതിനാവുമ്പോള്‍ ചെറിയദൂരമേ കാണൂ പോരാഞ്ഞ്‌ ഒരാള്‍ക്ക്‌ 3 ഐറ്റത്തിനേ പേര്‌ കൊടുക്കാന്‍ പറ്റൂ എന്ന നിര്‍ബന്ധവുമുണ്ട്‌. എല്ലാവരും 100ഉം 200ഉം 400ഉം തിരഞ്ഞെടുക്കുന്നതാണ്‌ ട്രെന്റ്‌, ചാട്ടത്തിനുള്ളവര്‍ 400 ഒഴിവാക്കും, കിഡീസ്‌ വിഭാഗത്തില്‍ 6, 7 ക്ലാസിലെ നാല്‌ ഡിവിഷനില്‍ നിന്നുള്ളവരേയുള്ളൂ, അങ്ങനേം ആളു കുറയും. അങ്ങനെ 50 മീറ്ററിനും ചാത്തന്‍ പേരു കൊടുത്തു.

50 മീറ്ററിനു വേണ്ടി ആരെങ്കിലും പരിശീലിക്കുമോ, ചാത്തന്‍ ഫേവറിറ്റ്‌ ഐറ്റത്തില്‍ മാത്രം ശ്രദ്ധിച്ചു. ലോങ്ങ്‌ ജമ്പ്‌ അടുത്ത പോസ്റ്റാണേ, ഇത്തവണ ഓട്ടം മാത്രമാക്കുന്നു.

കായികദിനം വന്നു. കുളിച്ച്‌ കുറിതൊട്ട്‌ വിക്ടറിസ്റ്റാന്‍ഡില്‍ നില്‍ക്കുന്ന മകന്‌ അമ്മതന്നെ മെഡല്‍ ചാര്‍ത്തിത്തരുന്നതൊക്കെ സ്വപ്നം കണ്ട്‌ സ്ക്കൂളിലെത്തി.(സമ്മാനര്‍ഹര്‍ക്ക്‌ ഏതെങ്കിലും രണ്ട്‌ അദ്ധ്യാപകര്‍ (ഒരാള്‍ എസ്കോര്‍ട്ട്‌) മല്‍സരം കഴിഞ്ഞ്‌ കുറച്ച്‌ സമയത്തിനുശേഷം ഒരു വിക്ടറിസ്റ്റാന്‍ഡില്‍ വച്ച്‌ മെഡല്‍ ഇട്ട്‌ കൊടുക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, സര്‍ട്ടിഫിക്കറ്റ്‌ പിറ്റേന്ന് അസംബ്ലിയില്‍ വച്ചും)

മല്‍സര ഇനങ്ങളുടെ സമയം കാണിക്കുന്ന പട്ടിക നോക്കി ലോങ്ങ്‌ ജമ്പിന്റെ സമയം കണ്ടുപിടിച്ചു, നാളെയേ ഉള്ളൂ, 50 മീറ്റര്‍ കിഡീസ്‌ എവിടെ !!! പട്ടിക മൊത്തം വീണ്ടും വീണ്ടും അരിച്ച്‌ പെറുക്കി നോ രക്ഷ!!!. പിന്നെ ഒരു പേപ്പര്‍ എടുത്ത്‌ ഒരൈറ്റം ഒഴികെ ബാക്കിയൊക്കെ മറച്ച്‌ പിടിച്ച്‌ ഓരോന്നായി നോക്കി. ഇല്ലാത്ത സാധനം എവിടെ കിട്ടാന്‍. മാഷ്‌ അത്‌ ചേര്‍ക്കാന്‍ വിട്ട്‌ പോയതായിരിക്കും 100 മീറ്റര്‍ മുതലുണ്ട്‌. അതും നാളെയാ. പിന്നെ മാഷെ തിരക്കി നടന്നു. സ്വതവേ ദുര്‍ബലന്‍ പോരാഞ്ഞ്‌ വയറിളക്കവും എന്ന് പറയുമ്പോലെ സ്വതവേ നാണം കുണുങ്ങി പോരാഞ്ഞ്‌ മല്‍സരത്തിന്റെ ടെന്‍ഷനും മാഷാണെങ്കില്‍ ഒടുക്കത്തെ തിരക്കും.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ പി.ടി മാഷോട്‌ പറയും മുന്‍പ്‌ ക്ലാസ്‌ ടീച്ചറോട്‌ പറയണമെന്നാ. ചാത്തന്റെ ക്ലാസ്‌ ടീച്ചറാണെങ്കില്‍ ചാത്തന്റെ അമ്മയും!!!. നേരെ അമ്മയോട്‌ പോയി കാര്യം പറഞ്ഞു. നിനക്ക്‌ വേണേല്‍ നീ തന്നെ പോയി ചോദിക്കെടാ. ആ വഴീം അടഞ്ഞു. വേറെ വല്ല പിള്ളേരുമാണെല്‍ അമ്മ പോയി ചോദിച്ചേനെ. ഇത്‌ സ്വന്തം മോന്റെ കാര്യല്ലേ ചോദിക്കുന്നത്‌ കുറച്ചിലല്ലേ.

അവസാനം മാഷെന്തോ തിരയാനായി സ്റ്റാഫ്‌ റൂമിലെത്തി, വാതില്‍ക്കല്‍ കാത്ത്‌ നിന്ന് മാഷ്‌ ഗ്രൗണ്ടിലേക്ക്‌ പോകുമ്പോള്‍ പിന്നാലെ കൂടി കാര്യം ചോദിച്ചു.

50 മീറ്ററല്ലേ അതിന്‌ നീയല്ലാതെ വേറെ ആരും പേര്‌ തന്നില്ലാ. ഒരാള്‍ക്ക്‌ മാത്രായി എങ്ങനാ മല്‍സരം നടത്തുന്നേ?

അത്‌ ന്യായം, എന്നാലും ആ ഇനത്തിനു അധികം ആരും പേര്‌ കൊടുക്കരുത്‌ എന്ന് പ്രാര്‍ത്ഥിച്ചത്‌ ഇത്തിരി കൂടിപ്പോയോ പടച്ചോനേ. ദൈവം കുറച്ച്‌ എക്സ്ട്രാ കനിഞ്ഞ്‌ അനുഗ്രഹിച്ച്‌ കളഞ്ഞു. ഓട്ടമല്‍സരത്തിനു മിനിമം മൂന്നാളെങ്കിലും വേണം എന്ന സാമാന്യബോധം ദൈവത്തിനില്ലാതെ പോയോ!.

അല്ലാ ബാക്കി രണ്ട്‌ പേരെ ചാത്തന്‍ സംഘടിപ്പിച്ചാല്‍ പോരെ. ഓടുമ്പോള്‍ മുടന്തില്ലാത്ത റിജുവും ചാത്തനേക്കാളും കൊച്ച്‌ പയ്യന്‍സ്‌ ബിജുവും തന്നെ ധാരാളമാണല്ലോ. മൂന്നെണ്ണത്തില്‍ ഒരു സമ്മാനം ഉറപ്പ്‌ എന്നറിഞ്ഞാല്‍ അവരും സമ്മതിക്കും!. അപ്പോഴേക്കും മാഷ്‌ ദൂരെയെത്തി. പിന്നേം കുറേ സമയം കറങ്ങി നടന്നു. മാഷ്‌ ദേ തിരിച്ച്‌ വരുന്നു.

ഇതിനിടെ വേറൊരു കാര്യം ബാക്ക്‌ ഗ്രൗണ്ടില്‍ നടന്നിരുന്നു. 50 മീറ്റര്‍ എന്താ ഇല്ലാത്തേന്ന് മാഷോട്‌ അമ്മ ചോദിച്ചിരുന്നു. മാഷ്‌ കാര്യോം പറഞ്ഞു. ഇക്കാര്യം ചാത്തന്‍ പിന്നെയാ അറിഞ്ഞത്‌. എന്തായാലും ചോദിക്കാനും പറയാനും ആളുള്ളതോണ്ടാവും ഇത്തവണ പഴയ തിരക്ക്‌ കാണിച്ചില്ല.

മാഷേ രണ്ട്‌ പേരെ വിളിച്ചോണ്ട്‌ വന്നാല്‍ നടത്താമോ?

അതെങ്ങനെ ആദ്യം പേരു തരാത്തവരെ മല്‍സരിപ്പിക്കാന്‍ പറ്റൂല.

എന്നാപ്പിന്നെ ചാത്തന്‍ ഒറ്റയ്ക്കോടിയാല്‍ മതിയോ?

മാഷൊരു ആക്കിയ ചിരി.

നിനക്ക്‌ വേണേല്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ തന്നേക്കാം.

മതി അത്‌ മതി ആര്‍ക്ക്‌ വേണം പീറ മെഡല്‍ അല്ലെങ്കില്‍ തന്നെ ലോങ്ങ്‌ ജമ്പിനു ഇത്തവണ ഒരെണ്ണം ഉറപ്പാ. പിന്നെന്തിനാ രണ്ട്‌. നമ്മള്‍ക്ക്‌ സര്‍ട്ടീറ്റ്‌ മതി.

അങ്ങനെ ഒന്നാം ദിവസത്തെ മല്‍സരം വളരെ വിശാലമായ മാര്‍ജിനില്‍ വിജയിച്ചോണ്ട്‌ ചാത്തന്‍ തുള്ളിച്ചാടി വീട്ടിലെത്തി. പങ്കെടുക്കാത്ത ഐറ്റത്തിനു സര്‍ട്ടിഫിക്കറ്റ്‌ എന്ന അഴിമതി അമ്മയ്ക്ക്‌ അങ്ങട്‌ ബോധിച്ചില്ലാന്ന് തോന്നുന്നു. അത്‌ ചാത്തനും മാഷും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍. ഒന്നന്വേഷിക്കാന്‍ പോലും സമയം കാണിക്കാത്ത അമ്മയ്ക്ക്‌ ഇതിലെന്ത്‌ കാര്യം?

പിറ്റേന്നത്തെ മല്‍സരങ്ങള്‍ തുടങ്ങും മുന്‍പ്‌ തലേന്നത്തെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം.

ഓരോ ഐറ്റങ്ങളായി സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.

50 മീറ്റര്‍ കിഡീസ്‌. ഫസ്റ്റ്‌ പ്രൈസ്‌ കുട്ടിച്ചാത്തന്‍.

നീണ്ട കരഘോഷം.

ചാത്തന്‍ മുന്നോട്ടാഞ്ഞു. ആരോ പിറകില്‍ നിന്ന് വലിക്കുന്നു.

വിടെടാ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വരട്ടെ.

ഷര്‍ട്ടീന്ന് വിടെടാ എന്റെ പേര്‌ വിളിച്ചു.
ഇവനിട്ട്‌ രണ്ട്‌ പൊട്ടിക്കേണ്ടി വരുമെന്നാ തോന്നുന്നേ.

ചാത്തന്‍ തനതായ വടക്കന്‍ നാടനടി സ്റ്റൈലില്‍ കുനിഞ്ഞ്‌ ഒന്ന് പൊട്ടിക്കാനായി തിരിഞ്ഞു.
---------------------------------------------------------------

നീ വരുന്നില്ലേ ഗ്രൗണ്ടിലേക്ക്‌? എന്താ ആലോചിച്ചോണ്ട്‌ നില്‍ക്കുന്നത്‌! അസംബ്ലി കഴിഞ്ഞതൊന്നും അറിഞ്ഞില്ലേ?

എന്റെ സര്‍ട്ടീറ്റ്‌!!!!!!!!!!!!! ആരോട്‌ ചോദിക്കാന്‍?. ചോദിക്കേം പറയേം ചെയ്യേണ്ടവരു തന്നെയാവണമല്ലോ പാര വച്ചത്‌..

വീണ്ടും ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ.....

വാല്‍ക്കഷ്ണം:
അന്ന് വൈകീട്ട്‌ വീട്ടില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നു. മേലില്‍ ഒരു ക്ലാസിലും ചാത്തന്റെ ക്ലാസ്‌ ടീച്ചറാവുകയോ, ചാത്തന്റെ കാര്യങ്ങളില്‍ ഇടപെടുകയോ, ഹെഡ്‌ മാഷ്‌ എന്‍ഗേജ്‌ പിര്യേഡ്‌ ഇട്ടാല്‍ പോലും ആ വഴി വരികയോ ചെയ്യില്ല. എന്ന മൂന്ന് അലിഘിത കരാറുകളില്‍ ഉഭയകക്ഷികളുടെ സാന്നിധ്യത്തില്‍ ഉടമ്പടിയായ ശേഷം മാത്രമായിരുന്നു അത്താഴം.

ചാത്തന്‍ ഏഴിലെത്തിയപ്പോഴേക്കും അമ്മ ജയിച്ച്‌ ഹൈസ്ക്കൂളില്‍ എത്തിയത്‌ കൊണ്ട്‌ പിന്നെ അങ്ങനൊരു പ്രശ്നമുണ്ടായില്ലാ. ഹൈസ്ക്കൂളില്‍ ഒരുപാട്‌ ഡിവിഷനുണ്ടായിരുന്നതോണ്ട്‌ തുടര്‍ന്നും.

ഗുണപാഠം: മാതാപിതാക്കള്‍ അദ്ധ്യാപകരായിരിക്കുന്ന സ്ക്കൂളില്‍ ചേരാതിരിക്കുക, അഥവാ ചേര്‍ന്നാലും-- ക്ലാസ്‌ ടീച്ചര്‍ !!! ഒരിക്കലും ആ അബദ്ധം കാട്ടാതിരിക്കുക.

39 comments:

കുട്ടിച്ചാത്തന്‍ said...

തികച്ചും ആവേശോജ്വലമായ ഒരു ഓട്ടമത്സരത്തിന്റെ ഫോട്ടോഫിനിഷ്(പടം പോസ്റ്റല്ലാട്ടോ)

Sethunath UN said...

ഠേ...
ഞാനിതാ.. ഒരു തേങ്ങ കുട്ടിച്ചാത്തന്റെ മ‌ടയുടെ പടിയില്‍ അടിച്ചിരിയ്ക്കുന്നു.

കമന്റ് പി‌റകെ..

Sethunath UN said...

:)
ആ പ്രായത്തില്‍ ന‌മ്മക്കിതിലൊന്നും യാതൊരു കണ്‍ട്രോ‌ളും ഇല്ലല്ലോ ചാത്താ.
കുട്ടി(ചാത്ത)ത്ത‌ം കാണാനുണ്ട് എഴുത്തില്‍.
ആ ലോങ്ങ്‌ ജമ്പ്‌ പോസ്റ്റൂടെ പോര‌ട്ടെ.

ശ്രീ said...

“സ്വതവേ ദുര്‍ബലന്‍ പോരാഞ്ഞ്‌ വയറിളക്കവും”

ഓ... ഈ പഴഞ്ചൊല്ല് ഇപ്പോ ഇങ്ങനെ മാറ്റിയോ... മൊത്തത്തില്‍‌ ബിസിയായിപ്പോയതോണ്ട് അറിയാനൊത്തില്ല. ;)

“ചാത്തന്‍ ഏഴിലെത്തിയപ്പോഴേക്കും അമ്മ ജയിച്ച്‌ ഹൈസ്ക്കൂളില്‍ എത്തിയത്‌ കൊണ്ട്‌ ...”
ഇതും കലക്കി. അതു പോലെ ആ ഗുണപാഠവും.
:)

കൊച്ചുത്രേസ്യ said...

എന്നാലും പെറ്റമ്മ തന്നെ ചാത്തനോടീ ചതി ചെയ്തല്ലോ!!!ങാ ചാത്തന്റെ കഴിവുകളെ പറ്റി നല്ല ബോധ്യമുള്ളതുകൊണ്ടായിരിക്കും. എന്തായാലും എല്ലാരും പോയിക്കഴിഞ്ഞ്‌ ആ വിക്ടറി സ്റ്റാന്‍ഡിന്റെ മുകളില്‍ കയറി ചുമ്മാ ഒന്നു നില്‍ക്കാരുന്നു ..ഒരു ആശ്വാസത്തിന്‌...

സു | Su said...

അടുത്ത മൈല്‍ക്കുറ്റി ഏതാ?

ജാസൂട്ടി said...

ഇന്ത്യക്ക് നഷ്ട്ടമായത് ചുരിദാറിട്ടു ബ്ലോഗേഴ്‌സ് മീറ്റിനു പോകുന്ന ഒരു 'പി.റ്റി.ഉഷന്‍'നെ ആണല്ലോ എന്റെ പടച്ചോനേ..:)

അടുത്ത കായിക ഇനം പോരട്ടേ...അതില്‍ ഇനി അച്ഛന്മാര്‍ അധ്യാപകര്‍ ആയാലുള്ള ദോഷ വശങ്ങളെ കുറിച്ചാണോ ആവോ?

Vish..| ആലപ്പുഴക്കാരന്‍ said...

:D

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

പരിചയമുള്ള പോലീസുകാരന്‍ രണ്ടടി കൂടുതലടിക്കുമെന്നല്ലെ ചാത്താ..

അടുത്ത മൈല്‍കുറ്റി പോരട്ടെ..

കുഞ്ഞന്‍ said...

ചാത്തന്റെ പ്രാര്‍ത്ഥനക്കു ഇത്ര ശക്തിയൊ? അതൊ ചാത്തന്‍ സേവ വല്ലതും...

സ്വാതന്ത്ര്യ സമരം വിജയം കണ്ടു.. അപ്പോളൊരു ധീര സമരവീര നായകനാണ്..

അടുത്തത്..വേഗം..:)

R. said...

"ആര്‍ച്ച ചതിച്ച ചതിയാ ചന്തൂ...
ടെങ് ടേങ്ങ്..."

അല്ലേ വേണ്ട, പോട്ടെ. നമ്മക്കെന്തിനാ ഓടാണ്ട് കിട്ട്ന്ന സര്‍ട്ടീറ്റ്, ല്ലേ ചാത്താ?

Appu Adyakshari said...

ചാത്താ...ഇങ്ങനെ മാതാപിതാക്കള്‍ അദ്ധ്യാപകരായ സ്കൂളില്‍ അവരുടെ ക്ലാസില്‍ പഠിച്ചതിന്റെ അനുഭവം എനിക്കുമുണ്ടെ....

നന്നായി അവതരിപ്പിച്ചിരിക്കുന്നു. :-)

സൂര്യോദയം said...

ചാത്താ... മല്‍സരിക്കാന്‍ ആളില്ലാത്ത പ്രശ്നം സ്കൂളില്‍ പഠിക്കുമ്പോള്‍ എനിയ്ക്കും ഉണ്ടായിട്ടുണ്ട്‌...

കഥാ രചന, കവിതാ രചന എന്നീ ഐറ്റംസിന്‌ വെറുതേ പേര്‌ കൊടുത്തു. മല്‍സരിക്കാന്‍ ആളില്ലാ എന്നറിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ ടൈറ്റസിനെ നിര്‍ബദ്ധിച്ച്‌ പേര്‌ കൊടുപ്പിച്ച്‌ കൊണ്ടുപോയി ക്ലാസ്സ്‌ റൂമിന്റെ ഓട്‌ മേഞ്ഞിരിക്കുന്ന കഴുക്കോല്‍ എണ്ണാം കൂട്ടിന്‌ കൊണ്ടുപോയി... പക്ഷെ, രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഈ രണ്ട്‌ ഐറ്റത്തിനും സമ്മാനദാനം ഉണ്ടായിരുന്നില്ല... മാത്രമല്ല, പേപ്പറില്‍ വല്ലതും എഴുതി ഞങ്ങള്‍ പേപ്പര്‍ വേസ്റ്റ്‌ ആക്കിയുമില്ലാ... :-)

(ടൈറ്റസ്‌ ഇപ്പോ പള്ളീലെ അച്ഛനാ.. ഇപ്പോ ഇറ്റലീലോ മറ്റോ ആണ്‌...)

krish | കൃഷ് said...

ചാത്താ, ഈ മൈല്‍ക്കുറ്റി, മൈല്‍ക്കുറ്റി എന്ന് പറേണത് നമ്മടെ നാട്ടിലെ ഒരു വളര്‍ത്തുമൃഗം കാണുമ്പോ കാണുമ്പോല്ലാം ഒരു കാല്‍ പൊക്കി ജലസേചനം നടത്തുന്ന സാധനല്ലേ.

Kaithamullu said...

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -രണ്ട്‌- വിശ്വാസവഞ്ചന"

ഈ തലക്കെട്ട് മനസ്സിലായില്ലാ ചാത്തങ്കുട്ട്യേയ്!
മൂന്ന് കുറ്റിസ് ഏന്‍ഡ് രണ്ട് വഞ്ചനാസ് എന്നാണോ?

asdfasdf asfdasdf said...

എന്നാപ്പിന്നെ ചാത്തന്‍ ഒറ്റയ്ക്കോടിയാല്‍ മതിയോ?
ഇങ്ങനെ ഓടിയോടിയാണോ ചാത്തന് കറുത്ത് പോയത് ? :)
നന്നായിട്ടുണ്ട് ട്ടാ.

സഹയാത്രികന്‍ said...

"ദൈവം കുറച്ച്‌ എക്സ്ട്രാ കനിഞ്ഞ്‌ അനുഗ്രഹിച്ച്‌ കളഞ്ഞു. ഓട്ടമല്‍സരത്തിനു മിനിമം മൂന്നാളെങ്കിലും വേണം എന്ന സാമാന്യബോധം ദൈവത്തിനില്ലാതെ പോയോ!"
ഹ ഹ ഹ ചാത്താ... ചരിത്രം രണ്ടും ഒരുമിച്ചങ്ങ് വായിച്ചു....
ഇനിയും പോന്നോട്ടെ

:)

മനോജ് കുമാർ വട്ടക്കാട്ട് said...

അമ്മയോട് പറയണം, കായിക ഭാരതത്തിന്റെ ഭാവിക്ക് അമ്മ വരുത്തിവച്ച നഷ്ടം ചില്ലറയൊന്നുമല്ലെന്ന്.

കുട്ടിച്ചാത്തന്‍ said...

നിഷ്കളങ്കന്‍ ചേട്ടോ: കുട്ടിത്തം എഴുത്തില്‍ മാത്രമല്ലാട്ടോ.
ശ്രീ: പഴഞ്ചൊല്ലല്ല പുതുചൊല്ലാ.

ത്രേസ്യാക്കൊച്ചേ: അമ്മ നിരപരാധിയാണേ ഇതൊക്കെ ഭാവനേടേ പരിപാടിയാ.വിക്ടറി സ്റ്റാന്‍ഡിന്റെ മുകളില്‍ കയറി ചുമ്മാ ഒന്നു നില്‍ക്കാനോ. അത് ഗ്രൌണ്ടില്‍ കൊണ്ടിട്ടതു പിന്നാരാ?
സൂ ചേച്ചീ: അടുത്ത മൈല്‍ക്കുട്ടി പിന്നേം ഒരു ലോങ് ജമ്പ്. അതു പറഞ്ഞിട്ടുണ്ടല്ലോ പോസ്റ്റില്‍.

ജാസൂട്ടീ: നഷ്ടം നികത്താന്‍ പോവാ. കമ്പനിയില്‍ ഓട്ടമത്സരത്തിനും ക്രിക്കറ്റിനും ഇന്ന് പേര് കൊടുത്തു--റിസല്‍ട്ട് ചോദിക്കരുത്..
ആലപ്പുഴക്കാരന്‍ച്ചേട്ടോ: ചിരിച്ചോ!! ഒരു സംഭവം തന്നെ!!!

കുട്ടന്‍സേ: കൊച്ചിനു കൊടുത്ത റിപ്ലേ വായിക്കൂ പോലീസുകാരന്‍ നിരപരാധിയാണേ...
കുഞ്ഞന്‍ ചേട്ടോ: എത്ര എത്ര സമരങ്ങള്‍!!!

രജീഷ് ചേട്ടോ: സര്‍ട്ടീറ്റ് വേണേല്‍ ഇപ്പോള്‍ പ്രിന്റ് എടുക്കും സ്വന്തമായി ഒന്ന്.;)
അപ്പ്വേട്ടോ: ആ അനുഭവം പോസ്റ്റാക്കൂ(ഒറിജിനല്‍ പേര് മാറ്റാന്‍ മറക്കരുതേ)

സൂര്യോദയം ചേട്ടോ: പറഞ്ഞപ്പോഴാ ഓര്‍ത്തത് കഥാരചന ചിത്രം വര ഇതിനൊക്കെ പേരു കൊടുത്തിട്ടുണ്ടായിരുന്നു.
കൃഷ് ചേട്ടോ: അതന്നെ സാധനം നാഴികക്കല്ല് എന്നത് നീളം കൂടിപ്പോവുമല്ലോ എന്ന് വച്ച് മാറ്റീതാ.

കൈതമാഷേ: ആകെ മൊത്തം മൂന്ന് കുറ്റീസ് അതില്‍ രണ്ടാമത്തേത് ഇത്. ഇനി ഒരു കുറ്റീം കൂടി ബാക്കി.
ഈ കുറ്റീടെ പേര് “വിശ്വാസവഞ്ചന“ ആദ്യത്തേത് “കാള്‍ ലൂയിസ്”


മേനോന്‍ ചേട്ടോ അത് പൊരിവെയിലത്ത് ക്രിക്കറ്റ് കളിച്ചിട്ടാ(ആ കണ്ണാടിക്ക് പകരം തന്നതാ അല്ലേ:))

സഹയാത്രികാ നന്ദി
പടിപ്പുരച്ചേട്ടോ: അമ്മ പാവം, പക്ഷേ കൊഞ്ചന്‍ ചാടിയാല്‍ ചട്ടീലു വരെ എന്ന് അമ്മയ്ക്കറിയാം.

sandoz said...

അരുമയായ ചാത്തന്‍ അറിയുന്നതിന്‌.....
[പ്രത്യേകം ശ്രദ്ധിക്കുക-എരുമയെന്നല്ലാ..അരുമയെന്നാണ്‌]

നിനക്ക്‌ നാണാവൂല്ലേ...ഈ അമ്പത്‌ മീറ്ററൊക്കെ ഓടി വെല കളയാന്‍...
പങ്കെടുക്കണേല്‍ ഏറ്റവുംകുറഞ്ഞത്‌ ഹാമര്‍ത്രോക്കെങ്കിലും പങ്കെടുക്കണം...
എറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹാമര്‍ ദേഹത്ത്‌ വീണ്‌ കായികതാരം പൊലിഞ്ഞു എന്ന വാര്‍ത്ത വായിക്കാന്‍ കൊതിയായിട്ട്‌ പാടില്ല....

[സ്കൂള്‍ കായികമേളകളില്‍ ചീട്ട്‌ കളി ഒരു പ്രധാന ഐറ്റം ആക്കിയിരുന്നേല്‍...ഞാനൊക്കെ ഇന്ന് ആരാ....എനിക്ക്‌ ആലോചിച്ചിട്ട്‌ ഒരു പിടുത്തോം കിട്ടണില്ലാ...രോമാഞ്ചം വരണ്‌...]

ഉപാസന || Upasana said...

ചാത്താ ഒന്ന് ഓടുന്നോ എന്റെ കൂടെ.
50,100,200,250,500 ഏതു വേണമെങ്കിലും ചാത്തന് സെലക്ട് ചെയ്യാം. പക്ഷെ കരുതിയിരിക്കൂ. ഒരു Born Athlete നോടാണ് കോര്‍ക്കാന്‍ പോകുന്നേന്ന്...
കഥ കൊള്ളാം
:)
ഉപാസന

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോ കലക്കീട്ടാ.
ആ പൂതി മനസ്സിലിരിക്കട്ടെ. എന്തു കൊണ്ടാ ആ പറഞ്ഞതെന്നും മനസ്സിലായി.
“സ്കൂള്‍ കായികമേളകളില്‍ ചീട്ട്‌ കളി ഒരു പ്രധാന ഐറ്റം ആക്കിയിരുന്നേല്‍”
ആക്കിയിരുന്നേല്‍ നീ എന്നും രണ്ടാമതായേനെ!!!
അതൊഴിവാക്കാനല്ലേ എന്നെക്കൊണ്ട് ഹാമര്‍ എറീക്കാന്‍ നോക്കിയത്.

സുനില്‍:ഞാന്‍ മാരത്തോണിനുവരെ റെഡി. പക്ഷേ ഒന്നോര്‍ത്തോ ഒരു Bor'a'n Athlete നി നോടാ‍ നീ മുട്ടാന്‍ പോണത്.

Rasheed Chalil said...

ചാത്തന്‍സേ പണ്ട് മൈല്‍കുറ്റി രണ്ട് കലക്കി... അടുത്തത് വരട്ടേ...

R. said...

ചാത്തന്‍സ്, ഐ ഒബ്ജക്ട് !

എന്നെ 'ചേട്ടാ' എന്നു വിളിച്ച് നാണം കെടുത്തരുത്, പ്ലീസ്. കേക്കുന്നോരെന്ത് വിയാരിക്കും? കെട്ടീട്ടു കൂടിയില്ല, ന്തിനാ വല്ല പാറ്റേനേം പിടിച്ച് കഞ്ഞീലിട്‌ന്നേ. എനിക്ക് ചാത്തന്റത്രേം പ്രായൊന്നൂല്ലാ, ഞാനൊരു ചെറു ബാല്യ‌ക്കാരനാ!
:-D

ഉണ്ണിക്കുട്ടന്‍ said...

അതിനിടെ ചാത്തന്‍ വീടിന്‌ കുറച്ചൂടെ അടുത്തുള്ള സ്ക്കൂളിലേക്ക്‌ മാറി. അടുത്ത്‌ എന്ന് മാത്രമല്ല വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു.

സത്യം പറ.. പഴയ സ്കൂളീന്നു നിന്നെ പറഞ്ഞു വിട്ടതല്ലേടാ.. അല്ല ചാത്താ നിനക്കീ ഓട്ടോം ചാട്ടോം അല്ലാതെ പഠിത്തം ഇല്ലാരുന്നോ..?

സാജന്‍| SAJAN said...

ചാത്തനെയേറ്,
ശോ വായിക്കാന്‍ താമസിച്ചു പോയല്ലോ:(
ചാത്താ കലക്കി കടുക് വറുത്തു!!ശ്രീ ശാന്തിന്റെ അമ്മയെ കൊണ്ട് ഒന്ന് ക്ലാസ്സെടുപ്പിച്ചാല്‍ മതി ചാത്തന്റെ അമ്മയ്ക്ക് എല്ലാം ശരിയാവും!

ഹരിശ്രീ said...

കുട്ടിച്ചാത്താ... അടിപൊളി...

ഇനിയും പോരട്ടെ കായികവിശ്ശേഷങ്ങള്‍.

ഹരിശ്രീ said...

പാവം ചാത്തന്‍...


ഗുണപാഠം: മാതാപിതാക്കള്‍ അദ്ധ്യാപകരായിരിക്കുന്ന സ്ക്കൂളില്‍ ചേരാതിരിക്കുക, അഥവാ ചേര്‍ന്നാലും-- ക്ലാസ്‌ ടീച്ചര്‍ !!! ഒരിക്കലും ആ അബദ്ധം കാട്ടാതിരിക്കുക...

ഗുണപാഠം കൊള്ളാം ...

കുറുമാന്‍ said...

ശ്ശെ ഇന്ത്യക്കൊരു കായികതാരത്തിനെ നഷ്ടപെടാനുള്ള കാരണം ഇതൊക്കെയാണല്ലെ?

ഗുണപാഠം അടിപൊളി.

[ nardnahc hsemus ] said...

ആ “ദൈവത്തിന്റെ സാമാന്യബോധം“ എത്തിയപ്പോള്‍ ശരിയ്ക്കും ചിരിച്ചുപോയി.. ന്നന്നായിരിയ്ക്കുന്നു..

Murali K Menon said...

:)
ഒടുവില്‍ പറഞ്ഞ സാരോപദേശം ചാത്തന്‍ തമാശ പറഞ്ഞതല്ല എന്ന് എല്ലാവരോടും ഞാന്‍ പറയുന്നു. എനിക്കു പരിചയമുള്ളവരുടെ അനുഭവം അതു തന്ന്യാ

മെലോഡിയസ് said...

ചാത്താ...ഇതാണ് മാതാശ്രീമാര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിച്ചാലുള്ള കുഴപ്പം. ഒരു കുരുത്തകേടും എടുക്കാന്‍ പറ്റൂല്ലാ‍.. :( ഞാനും ചാത്തനെ പോലെ അനുഭവസ്ഥനാണേ..

കുട്ടിച്ചാത്തന്‍ said...

ഇത്തിരിച്ചേട്ടോ നന്ദി.
രജീഷ് : ചേട്ടാ വിളിയില്ലാ പക്ഷേ തിരിച്ചും വിളിക്കരുത് :) കുട്ടിച്ചാത്തനെന്നും പത്ത് വയസ്സാ..

ഉണ്ണിക്കുട്ടാ മിടുമിടുക്കാ നീ കണ്ടു പിടിച്ചല്ലേ.:) അതിനെപ്പറ്റി പിന്നെ ഒരിക്കല്‍ എഴുതാം വേണേല്‍ ഒരു ക്ലൂ തരാം”ഇനി അവനെന്റെ ക്ലാസിലാണേല്‍ ഞാന്‍ പഠിക്കാന്‍ പോവൂല“

സാജന്‍ ചേട്ടോ:എന്നിട്ട് വേണം ഞങ്ങളെ രണ്ടാളെം നാട്ടുകാര് കല്ലെറിയാന്‍.
ഹരിശ്രീ നന്ദി ഗുണപാഠം ഓര്‍ത്ത് വച്ചോ :)

കുറു അണ്ണോ കാരണങ്ങള്‍ മലവെള്ളം പോലെ കിടക്കുന്നു അതിനാണോ പഞ്ഞം.
സുമേഷ് ചേട്ടായീ ഒരു ചെറുപുഞ്ചിരി തന്നെ വലിയ അംഗീകാരം :)

മുരളിച്ചേട്ടോ:അങ്ങനെയുള്ളവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വേറെതന്നെ ഒരു ഗ്രൂപ്പാ ഒരുമാതിരി അധഃകൃത വര്‍ഗ്ഗം :)
മെലോഡിയസ് :സേം പിഞ്ച് :)

ആഷ | Asha said...

ലോങ്ങ്‌ ജമ്പ്‌ അടുത്ത പോസ്റ്റാണേ, ഇത്തവണ ഓട്ടം മാത്രമാക്കുന്നു.

ഇതെന്താ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുവാ..ങേ.
പാവം ഓട്ടക്കാരന്‍ ചാത്തന്‍‌കുട്ടി.

Sathees Makkoth | Asha Revamma said...

ചാത്തന്‍ കുട്ട്യേ...
അസ്സലായിട്ടുണ്ട്.ട്ടോ.
ഇതുപോലൊരു പാര പിന്നിടുണ്ടായില്ല എന്നുള്ളത് ആശ്വാസത്തിന് വക നല്‍കുന്നു.
അടുത്ത് ഐറ്റത്തിനെങ്കിലും പ്രൈസ് അടിച്ചെടുത്തില്ലെങ്കില്‍.....

SUNISH THOMAS said...

:)

Tomkid! said...

ചാത്തേട്ടോ....ബ്ലോഗുകള് കലക്കെണൊണ്ട് കേട്ടാ...എല്ലാം വായിക്കാറുണ്ടെങ്കിലും ഒരു കമന്റിടാന്‍ പറ്റിയ സാഹചര്യം ഇല്ലാതിരുന്നതൊകൊണ്ടാണ് അനുമോദനങ്ങളരിയിക്കാന്‍ താമസിച്ചത്. തുടരുക.

ജിമ്മി ജോര്‍ജ്ജിനു ശേഷം കണ്ണൂരിന്റെ ഒരു സ്പോര്‍ട്സ് വാഗ്ദാനമായിരുന്നുല്ലേ....വിധി ചാത്തനോടും ക്രൂരത കാട്ടി

തെന്നാലിരാമന്‍‍ said...

എന്നാലും അമ്പതു മീറ്റര്‍ ഒറ്റക്കോടിക്കോട്ടേന്ന്‌ മാഷോടു ചോദിക്കാന്‍ എഞ്ചിന്‍ തോന്നി...ബോറടിക്കില്ലേ ചങ്ങാതീ അത്രേം ദൂരമൊക്കെ ഒറ്റക്കോടിയാല്‍..:-)

വിവരണം കലക്കീട്ടോ..വായിക്കാന്‍ കുറച്ച്‌ വൈകി....

കുട്ടിച്ചാത്തന്‍ said...

ആഷേച്ചീ സതീശേട്ടോ സുനീഷേ തോമസ് കുട്ടീ തെന്നാലീ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം കമന്റ് എഴുതിയിട്ടതാരുന്നു.ബ്ലോഗറു വിഴുങ്ങിക്കളഞ്ഞു :(
എനിക്കു മേല ഇനീം ടൈപ്പ് ചെയ്യാന്‍. :)