Wednesday, July 15, 2009

വീണ്ടും രാഗം പാടി - (2)

പെങ്ങളുടെ കല്യാണം കഴിഞ്ഞ്‌ വീട്ടില്‍ വിരുന്നിനു വന്നപ്പോള്‍ അവള്‍ ചാത്തന്റെ കൈ പിടിച്ച്‌ വലിച്ച്‌ പുതിയ ബന്ധുക്കള്‍ക്ക്‌ മൊത്തം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞതാ ഇനി ഞങ്ങളുടെ കുടുംബത്തില്‍ അടുത്ത കല്യാണം ഇവന്റെതാ എന്ന്. അപ്പോള്‍പിന്നെ അവള്‍ക്കും കൂടി നാണക്കേടല്ലേ ചാത്തന്‍ പുര നിറഞ്ഞ നില്‍ക്കുന്നത്‌ എന്ന് കരുതീട്ടാണോ എന്നറീലാ, ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഇല്ലാത്ത ലീവും ഉണ്ടാക്കി ഓടിപ്പിടിച്ചു വന്ന അളിയനേം ചാത്തന്റെ അനിയനേം കുത്തിപ്പൊക്കി വീണ്ടും പെണ്ണുകാണാനിറങ്ങിത്തിരിച്ചത്‌.

ഏതായാലും ഒരു വഴിക്ക്‌ പോണതല്ലേ ഒന്നിനെ മാത്രം ആയി കാണാന്‍ നില്‍ക്കണ്ടാ എന്നു വിചാരിച്ച്‌ വേറെ ഒരു അഡ്രസ്സും കൂടി സംഘടിപ്പിച്ചു. ചാത്തനും അനിയനും വണ്ടി ഓടിക്കാന്‍ കുടുംബ സുഹൃത്തായ ജയേട്ടനും കൂടി പെങ്ങളുടെ വീട്ടിലെത്തി. ആങ്ങളയ്ക്ക്‌ വേണ്ടി ആദ്യമായി പെണ്ണുകാണാന്‍ പോണ വഹ അണിഞ്ഞൊരുങ്ങിയിട്ടുണ്ടെങ്കിലും ഒന്ന് സൂക്ഷിച്ച്‌ നോക്കിയാല്‍ ചാത്തന്റെ കടിഞ്ഞൂല്‍ മരുമകളുടെ വരവറിയാം. പെണ്ണിന്റെ വീടിന്റെ അഡ്രസ്‌ പറഞ്ഞപ്പോള്‍ ആ ഭാഗം മൊത്തം തനിക്കറിയാമെന്ന് അളിയന്‍ പറഞ്ഞു. പിന്നീട്‌ പോയ വഴിയിലൊക്കെ ആ ഭാഗത്ത്‌ ഒരു വീടുണ്ട്‌ അവിടെ ഞാന്‍ പെണ്ണുകാണാന്‍ പോയിട്ടുണ്ട്‌ എന്നുള്ള അളിയന്റെ കമന്ററി കേട്ട്‌ കേട്ട്‌ പെങ്ങള്‍ വയലന്റായി.
ഒടുക്കം വീടെത്തി.ഗൃഹനാഥന്‍ തന്നെ സ്വീകരിച്ചാനയിച്ചു. വീടെന്ന് പറയാന്‍ പറ്റൂല ഒരു മിനി കൊട്ടാരം. വീടിനകത്ത്‌ ഒരു കുളവും. പെങ്ങളുടെ ചെവിയില്‍ പറഞ്ഞു നമ്മള്‍ക്ക്‌ സ്ഥലം വിട്ടേക്കാം ഈ പെണ്ണിനെ ഏതായാലും എനിക്കിഷ്ടപ്പെടൂല. എടാ വന്ന സ്ഥിതിയ്ക്ക്‌ കണ്ടേയ്ക്കാം.

കത്തി വച്ച്‌ വച്ച്‌ അളിയന്‍ അവസാനം ഗള്‍ഫീന്ന് വന്നത്‌ എപ്പോഴാ എന്ന് ഗൃഹനാഥന്‍ ചോദിച്ചു. അതിപ്പോള്‍ ഒരു 7-8 മാസമായിക്കാണും എന്ന് അളിയന്‍. ഒന്ന് ഞെട്ടിയ പെങ്ങള്‍ വയറിന്റെ മുകളില്‍ ഒന്നൂടെ സാരി വലിച്ചിട്ട്‌ അളിയനെ നോക്കി കണ്ണുരുട്ടി. അളിയന്‍ തിരുത്തി ഓ അല്ല 5 മാസം മുന്‍പാ അവസാനം വന്നത്‌. പാവം അളിയന്‍ ഇനി ഈ അവധി കഴിഞ്ഞ്‌ പോകുന്ന വരെ വല്ല തിരുമ്മ് ശാലയിലും കഴിച്ചു കൂട്ടേണ്ടി വരും.

അങ്ങനെ ആ ഇന്റര്‍ നാഷണല്‍ കത്തിയ്ക്ക്‌ ശേഷം പെണ്ണിനെ വിളിച്ചു. പാവം, ആ വീടിന്റെ ജാഡയൊന്നുമില്ല പക്ഷേ എന്നെ ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ പെണ്‍കുട്ടി മുഖത്തോട്ടൊന്ന് നോക്കണ്ടെ. വന്നപാടെ മച്ചിന്റെ മോളില്‍ വല്ല ചിലന്തിയുമുണ്ടോ എന്ന നോട്ടം പിന്നെ നിലത്തൂടെ വല്ല ഉറുമ്പും പോവുന്നുണ്ടോ എന്നായി. നിനക്ക്‌ ചെക്കനെ കാണണ്ടേ എന്ന് പെങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു സെക്കന്റ്‌ ചാത്തനെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നോട്ടത്തിനും ഒരായിരം അര്‍ത്ഥങ്ങള്‍, പക്ഷേ ചാത്തന്‍ വായിച്ചെടുത്തത്‌ ശരിയായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി. പാപദോഷം നിറഞ്ഞ ജാതകം, ഒരുപാട്‌ നാളായി പാവത്തിന്‌ ഈ പെണ്ണുകാണല്‍ നാടകം സഹിക്കേണ്ടി വരുന്നത്‌. എനിക്കിനിയും ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കാന്‍ മേല ഒന്നു പെട്ടന്ന് ഒഴിവാക്കിത്തരുവോ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. പേരല്ലാതെ വേറൊന്നും ചോദിക്കാനും തോന്നിയില്ല.

തിരിച്ച്‌ അളിയനെം പെങ്ങളേം അവരുടെ വീട്ടിലാക്കി മൂവര്‍ സംഘം അടുത്ത മേച്ചില്‍ പുറത്തേക്ക്‌ വിട്ടു. ആ വീട്ടില്‍ ആരുമില്ല ഒരു തോട്ടക്കാരന്‍ ചെടി നനച്ചോണ്ട്‌ നില്‍ക്കുന്നു.

ഇവിടെ ആരുമില്ലേ?
----- പറഞ്ഞിട്ട്‌ വന്നതാ, ഇവിടുത്തെ കുട്ടിയെ പെണ്ണുകാണാന്‍.

ഓ അവരെല്ലാം ഒരു കല്യാണത്തിനു പോയിരിക്കുവാ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വരും എന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞിരുന്നു. കയറിയിരിക്കൂ.

പെണ്‍കുട്ടിയുടെ ഫോട്ടോ വല്ലതുമുണ്ടോ? (അതില്‍ കാണാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ ഒരു മണിക്കൂറു കഴിഞ്ഞ്‌ ഞങ്ങളെ മഷിയിട്ട്‌ നോക്കിയാല്‍ മതിയല്ലോ)

അല്‍പ സമയത്തിനുള്ളില്‍ അങ്ങേര്‍ ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചു വന്നു, മുല്ലപ്പൂ ചൂടി സെറ്റ്‌ മുണ്ട്‌ ഒക്കെ യിട്ട ഒരു മലയാളി മങ്ക. കൊള്ളാം.

എന്നാല്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വരാം.

മുന്‍പേ പറഞ്ഞ ആ പറഞ്ഞ്‌ വിട്ട ആളുടെ വീട്‌ അടുത്തായതിനാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വിട്ടു. ഒരു മണിക്കൂറിനു ശേഷം ഒരു ചായകുടിയൊക്കെ കഴിഞ്ഞ്‌ ആ വീട്ടിലെ ഗൃഹനാഥനുമൊത്ത്‌ തിരിച്ച്‌ പെണ്‍ വീട്ടിലേക്ക്‌.

ഞങ്ങളുടെ കൂടെ വന്ന പുതിയ ആളെക്കണ്ടപാടെ തോട്ടക്കാരന്‍ പെണ്ണിന്റെ അച്ഛനായി മാറി!!!! നേരത്തെ കണ്ട മലയാളി മങ്കയുടെ ഫോട്ടോയില്‍ ദൃംഷ്ടകള്‍ മുളയ്ക്കുന്നതും ചാത്തന്‍ അടുക്കളപ്പണി ചെയ്യുന്നതും ബോബനും മോളിയിലെ ചേട്ടനും ചേടത്തി കാര്‍ട്ടൂണുകളും മനസ്സിലൂടെ മിന്നി മറഞ്ഞു.

കല്യാണത്തിനു പോയവര്‍ ഇതുവരെ എത്തിയില്ല പെണ്ണും പെണ്ണിന്റമ്മയും അമ്മയുടെ അമ്മയും അനിയനും ആണ്‌ പോയിരിക്കുന്നത്‌. അച്ഛനെ വീടുനോക്കാന്‍ ഏല്‍പിച്ചിട്ട്‌. തന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ നീളവും കുരുമുളകിന്റെ മാര്‍ക്കറ്റ്‌ വിലയും മറ്റും ഞങ്ങളുടെ കൂടെ വന്ന ഗൃഹനാഥനോട്‌ പെണ്ണിന്റെ അച്ഛന്റെ വക ഒന്നാന്തരം പ്രസംഗം. ഞങ്ങളൊന്നും അവിടെ ഉള്ളതായേ തോന്നില്ല. കല്യാണം കഴിക്കുന്നത്‌ പെണ്ണിനെയാണേലും ജനറ്റിക്സ്‌ എന്ന സാധനം പണ്ടെങ്ങാണ്ട്‌ പഠിച്ചതു കൊണ്ട്‌ ചാത്തന്‍ ഇരുന്നിരുന്ന സോഫ ഭൂഗുരുത്വാകര്‍ഷണം മൂലം രണ്ടിഞ്ച്‌ താഴോട്ട്‌ പോയി. അടുത്തിരുന്ന അനിയന്‍ എന്തോ പറയുകയാണെന്ന ഭാവത്തില്‍ ചാത്തനെ പിന്നേം സീറ്റിലോട്ട്‌ ഒട്ടിച്ച്‌ വച്ചു.

അപ്പോഴേക്കും പുറത്ത്‌ ഒരു മാരുതി വാന്‍ വന്നു നിന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി ഒരു ജ്വല്ലറി പരസ്യത്തിലെ മോഡല്‍ സാരിയുടെ പരസ്യത്തിലെ മോഡലിനെപ്പോലെ സാരിയുടെ മുന്താണി(നിങ്ങളൊക്കെ എന്താ പറയുക എന്നെനിക്കറീലാട്ടാ) വീശിക്കൊണ്ട്‌ മുറിയിലേക്ക്‌ വന്നു. പെണ്ണിനല്‍പം പ്രായക്കൂടുതലുണ്ടോ അതോ ലിപ്‌സ്റ്റിക്കിന്റെ കളര്‍ കാരണം തോന്നുന്നതാണോ?

ഇതാണ്‌ പെണ്ണിന്റമ്മ. പെണ്ണിന്റച്ഛന്റെ അവസാന വാക്കുകള്‍. മുറിയില്‍ മൊത്തം നിശബ്ദതയും ഊമകളായ നെടുവീര്‍പ്പുകളും കൊണ്ട്‌ നിറഞ്ഞു.

അവളൊന്ന് മുഖം കഴുകാന്‍ പോയിരിക്കുവാ അമ്മേടെ കൂടെ, ഇപ്പോള്‍ വരും.

ഭാഗ്യം പെണ്ണപ്പോള്‍ മേക്കപ്പൊന്നും ഇടുന്ന കൂട്ടത്തിലല്ല. മലയാളി മങ്കയുടെ ദൃംഷ്ട്രകള്‍ പിന്നെം ചുരുങ്ങി.

നമ്മുടെ സിനിമാ നടി സുകുമാരിയേയോ ഫിലോമിനയേയോ പെണ്ണ് കാണാന്‍ കൂടെ കൊണ്ട്‌ പോവാഞ്ഞത്‌ നഷ്ടമായി എന്ന് തോന്നി അവര്‍ക്ക്‌ ഉര്‍വ്വശി അവാര്‍ഡ്‌ വാങ്ങിക്കൊടുക്കാന്‍ പറ്റിയ കഥാപാത്രം. പെണ്ണിന്റച്ചന്‍ തോട്ടക്കാനായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. എന്തൊരു ബഹുമാനം, വിനയം, ഭാര്യാ- ഭര്‍തൃ ബന്ധത്തിനുള്ള ഉത്തമോദാഹരണം, വാമഭാഗം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഭര്‍ത്താവിരുന്ന സോഫയുടെ കൈപ്പിടിയില്‍ ഭാര്യ ഇരിപ്പുറപ്പിച്ചു. സാരി ഒന്ന് വീശി ടെക്സ്റ്റെയില്‍ ഷോപ്പിലെ സെയില്‍സ്‌ ഗേളായി. കല്യാണത്തിനു പോയിട്ട്‌ ഒന്നും കഴിക്കാതാണോ വരുന്നത്‌, കാലത്ത്‌ തേച്ച്‌ പിടിപ്പിച്ച അരക്കിലോ കുമ്മായവും കാല്‍ക്കിലോ ലിപ്‌സ്റ്റിക്കും ഇപ്പോഴും മുഖത്ത്‌ തന്നെയുണ്ടല്ലോ. അമ്മയുടെ ഓരോ വളയുടെയും മാലയുടെയും എടുത്തെടുത്ത്‌ കാണിച്ചോണ്ടുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോഴേയ്ക്ക്‌ മകളുടെ വരവായി.

നേരത്തെ പടത്തില്‍ കണ്ട പെണ്‍കുട്ടി ഇതല്ലാാാാാാാാ. നിങ്ങള്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണോ? ചാത്തന്‍ ചോദിക്കും മുന്‍പേ അനിയന്‍ ചോദിച്ചു.

ഏയ്‌ ഒരാളേയുള്ളൂ.

അപ്പോള്‍ ഇവിടാര്‍ക്കോ ഫോട്ടോഷോപ്പിന്റെ സൈഡ്‌ ബിസിനസ്‌ ഉണ്ട്‌.

അമ്മയേക്കാള്‍ ഒരുപടി മുന്നിലാണോ മകള്‍ എന്ന് വര്‍ണ്യത്തിലാശങ്ക. അമ്മ ചുവപ്പാണെങ്കില്‍ മകള്‍ റോസ്‌ ലിപ്സ്റ്റിക്‌, അമ്മ സ്വര്‍ണത്തില്‍ കുളിച്ചിട്ടാണെങ്കില്‍ മകള്‍ മൊത്തം എന്തൊക്കെ ഇടാന്‍ പറ്റുമോ അതൊക്കെ ഇട്ടിട്ടുണ്ട്‌.

അതിനു മുന്‍പും അതിനു ശേഷവും കണ്ട പെണ്‍കുട്ടികളൊന്നും കാണിക്കാത്ത ഒരു പ്രകടനം കൂടി ആ കുട്ടിയില്‍ നിന്നുണ്ടായി. ഞങ്ങളുടെ മുന്നിലുള്ള കസേരയില്‍ നേരെ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വച്ച്‌ രണ്ട്‌ കൈ കൊണ്ടും കൂടി മുകളിലുള്ള കാലിന്റെ മുട്ട്‌ വട്ടം പിടിച്ച്‌ ഒരിരുത്തം. പിന്നെ ചോദ്യങ്ങള്‍, അത്‌ ചെറുക്കനോടും കൂടെ വന്നവരോടെല്ലാരോടും!

ഇത്തവണ അനിയനിരുന്ന സോഫയ്ക്കാണ്‌ ഭൂഗുരുത്വാകര്‍ഷണം അനുഭവപ്പെട്ടത്‌.എന്നാപ്പിന്നെ അരക്കൈ നോക്കിക്കളയാം എന്നു വിചാരിച്ച്‌ ചാത്തന്‍ കത്തി തുടങ്ങി. പക്ഷേ അതൊരു കൊടുവാളാണെന്നും അതിനു മൂര്‍ച്ചകൂട്ടാന്‍ വക്കീല്‍ ഭാഗത്തിനു പഠിക്കുകയാണെന്നും കേട്ടതോടെ ചാത്തന്‍ സ്വന്തം പേനാക്കത്തി ദൂരെയെറിഞ്ഞ്‌ ആയുധം വച്ച്‌ കീഴടങ്ങി. എത്രയും പെട്ടന്ന് അവിടുന്നൊന്ന് കടന്നാല്‍ മതിയെന്നായി. ജാതകക്കുറിപ്പിന്റെ ഫോട്ടോസ്റ്റാറ്റും വാങ്ങി തടിതപ്പി. ഒരു വളവു കഴിഞ്ഞപ്പോഴേ ആ കടലാസ്‌ ചാത്തന്‍ കീറി കാറ്റില്‍ പറത്തി.

അനിയന്‍ ചോദിച്ചു. നിനക്ക്‌ നമ്മുടെ അമ്മയോട്‌ വല്ല ശത്രുതയുമുണ്ടോ?

ഇല്ല എന്തേ?

അല്ല ഉണ്ടെങ്കില്‍ നീ ഇവളെ തന്നെ കെട്ടണം മൂന്നാം ദിവസം അമ്മ അമ്മവീട്ടില്‍ പോയിക്കോളും.

വാല്‍ക്കഷ്ണം: ഇനീം ഒരുപാടുണ്ട്‌ പക്ഷേ വിഷയം എഴുതുന്ന ആള്‍ക്ക്‌ തന്നെ ബോറഡിയുണ്ടാക്കുന്നു. ഇനീം കാണാം ഒരു സംഭവ കഥയുമായി.

പരസ്യം: ഉടന്‍ വരുന്നു. കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ തുടങ്ങുന്ന കാലത്തെ ഒരു കഥയുമായി. ഒരു പ്ലസ്‌ റ്റൂ വിദ്യാര്‍ത്ഥിയുടെ വാക്കുകളിലൂടെ ഇത്തിരി ചിരിയും ഇത്തിരി കാര്യവുമായി. മറക്കാനാവാത്ത ഒരു സായാഹ്നത്തിലൂടെ.

23 comments:

കുട്ടിച്ചാത്തന്‍ said...

പിന്നേം വണ്ടി സ്റ്റാര്‍ട്ടാക്കി സ്പീഡ് എടുക്കാന്‍ ടൈം പിടിക്ക്വോ???

അരവിന്ദ് :: aravind said...

:-)

തിന്നാന്‍ കിട്ടിയ ഐ‌റ്റംസ് വിശദമായി എഴുതാഞ്ഞത് ശരിയായില്ല. ;-)

ബിച്ചു said...

ഠോ.............
തേങ്ങാ എന്റെ വക ....

ബാക്കി വായിച്ചിട്ട് .......

സു | Su said...

എനിക്കു ബോറടിച്ചില്ല. എന്തായാലും പണ്ട് അളിയൻ കാണാൻ പോയ പെണ്ണുങ്ങളുടെ വീട്ടിലൊന്നും കയറിയില്ലെന്ന് കരുതുന്നു. :)

കണ്ണനുണ്ണി said...

ചാത്തന്‍ വീണ്ടും സ്റ്റാര്‍ട്ട്‌ ആക്കി അല്ലേ.....
പെണ്ണുകാണല്‍ കഥകള്‍ ഇനിയും എപിസോടെ ആയി പോരട്ടെ

രഘു said...

എന്തായാലും അടുത്ത രാഗവിസ്താരത്തിനും അനിയനെ കൂട്ടാന്‍ മറക്കണ്ട!!!! ആവശ്യം വരും... ഹഹഹഹ

Minnu said...

"തിരിച്ച്‌ അളിയനെം പെങ്ങളേം അവരുടെ വീട്ടിലാക്കി മൂവര്‍ സംഘം അടുത്ത മേച്ചില്‍ പുറത്തേക്ക്‌ വിട്ടു. " സ്ഥിരം ഇതായിരുന്നു അല്ലെ പരിപാടി ..എന്തായാലും കൊള്ളാം...
:)

അരുണ്‍ കരിമുട്ടം said...

വീണ്ടും വന്നു അല്ലേ?
സന്തോഷം
കഥ കലക്കി, ഇഷ്ടമായത് ആ ലാസ്റ്റുള്ള പരസ്യമാ:)

R. said...

അലക്കും പാചകോം അടിച്ചുവാരലും കഴിഞ്ഞ് പോസ്റ്റിടാന്‍ ടൈം കിട്ടുന്നില്ല, അല്ലേ ചാത്താ? ;-)

ഡീറ്റെയിലായിട്ടു പറയൂ, ഇങ്ങനെ തെന്നിത്തെന്നിപ്പോവാതെ. :-P

Anil cheleri kumaran said...

കലക്കീട്ടുണ്ട് പെണ്ണുകാണല്‍ വിശേഷം.. തുടര്‍ച്ചയായി എഴുതൂന്നെ..
അല്ല, നമ്മളുടെ നാട്ടിനെ പറ്റിയാണോ എഴുതാന്‍ പോന്നേ..?

സാജന്‍| SAJAN said...

ചാത്തനെയേറ്,
അല്ലാ ചാത്തനും ഇവിടെയൊക്കെ ഉണ്ടാരുന്നോ?
പെണ്ണുകാണല്‍ ചരിത്രം ഇഷ്ടമായി!
രണ്ടാമത് കണ്ട കൊച്ച് കോണ്ടലീസ റൈസിനു പഠിക്കയാരിക്കും അദാ അത്തരമൊരിരിപ്പ്!

രാജീവ്‌ .എ . കുറുപ്പ് said...

പിന്നീട്‌ പോയ വഴിയിലൊക്കെ ആ ഭാഗത്ത്‌ ഒരു വീടുണ്ട്‌ അവിടെ ഞാന്‍ പെണ്ണുകാണാന്‍ പോയിട്ടുണ്ട്‌ എന്നുള്ള അളിയന്റെ കമന്ററി കേട്ട്‌ കേട്ട്‌ പെങ്ങള്‍ വയലന്റായി.

അത് കലക്കി ചാത്താ, പോരട്ടേ അടുത്തത്

ബോണ്‍സ് said...

മുന്‍ അയല്‍വാസി വീണ്ടും അലക്ക് തുടങ്ങിയല്ലേ? വായിച്ചിട്ട് വരാം..:)

ബോണ്‍സ് said...

കൊള്ളാം...അടുത്തത് പോരട്ടെ!!

ശ്രീ said...

അങ്ങനെ ആറുമാസത്തിനു ശേഷം ഒരു പോസ്റ്റ് അല്ലേ?

സംഗതി എല്ലാം കലക്കി. :)

Sureshkumar Punjhayil said...

വിഷയം എഴുതുന്ന ആള്‍ക്ക്‌ തന്നെ ബോറഡിയുണ്ടാക്കുന്നു

Angine karutharuthu... Valare nannayirikkunnu.

Ashamsakal...!!!

ഏകാന്ത പഥികന്‍ said...

എന്തായാലും അളിയന്‍ പറഞ്ഞത് കുറച്ചു കൂടിപ്പോയി...
"അവസാനം വന്നത് ഒരു ഏഴെട്ടു മാസം മുന്പനെന്നു തോന്നുന്നു"
പാവം പെങ്ങള്‍... തിരിച്ചു പോവുന്നത് വരെയുള്ള ദിവസങ്ങള്‍ അളിയന്‍ തിരുമ്മല്‍ ശാലയില്‍ തന്നെയാണ് കഴിച്ചുകൂട്ടിയതെന്നു വിശ്വസിക്കട്ടെ ....
--

Unknown said...

യ്യോ സീരിയല്‍ ഇവിടെ വച്ച് ഉപേക്ഷിച്ചോ.. പത്തുമുപ്പതെണ്ണം ഉണ്ടാരുന്നല്ലോ..

അപ്പുക്കുട്ടന് said...

+2 കാരന്റെ കഥ ഉടന് തന്നെ പ്രസിദ്ധീകരിക്കൂ…….:)

അപ്പുക്കുട്ടന് said...

കുടകിലെ സംഭവം കഴിഞ്ഞ കൊല്ലം നടന്നതാണ് മഷേ….ലാസ്റ്റ് ഡിസംബര്

കുട്ടിച്ചാത്തന്‍ said...

അരവിന്ദ്:തിന്നാനൊന്നും കാര്യമായി കിട്ടീല. അതൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണെന്നാ തോന്നുന്നത്. ഒരിടത്ത് കുറേ സമയം കഴിഞ്ഞ് പെണ്ണ് വരാത്ത കാരണം കാര്യമായി വല്ലോം ഒരുക്കുകയാണെന്ന് തെറ്റിദ്ധരിച്ചു കിട്ടിയത് ഒരു ഹോര്‍ലിക്സ് മാത്രം ;(

ബിച്ചു: തേങ്ങയ്ക്ക് നന്ദി, വായിച്ചിട്ട് പിന്നാ വഴിയങ്ങ് മുങ്ങി അല്ലേ?

സു ചേച്ചീ: ബോറഡിച്ചില്ലേ!! ഞാന്‍ ഞെട്ടിപ്പോയി.;) ഇല്ല പെണ്ണുങ്ങളൊന്നും ഇപ്പോളങ്ങനെ പുരനിറഞ്ഞ് നില്‍ക്കാറില്ലാന്ന് തോന്നുന്നു.

കണ്ണനുണ്ണി: ഇനി എപ്പിസോഡ് ഇനി ഒരിക്കല്‍.
രഘു: രാഗവിസ്താരം ഒക്കെ കഴിഞ്ഞു.

സ്നോവൈറ്റ്:: അതെ ഒരിടയ്ക്ക് വീട്ടില്‍ പോയാല്‍ എനിക്കു വേറേ പണിയൊന്നുമില്ലേന്ന് സ്വയം ചോദിച്ചിരുന്നു.

അരുണ്‍:പരസ്യങ്ങളെ സ്നേഹിക്കുന്ന മഹാന്‍ നീ ചാനത്സിനൊരു മുതല്‍ക്കൂട്ടാണല്ലോ ;)
R.: ശ്ശെടാ ഒന്നും പറയുന്നില്ല. പാവം പച്ചപ്ലാവില

കുമാരന്‍സ്: നാട്ടിനെ പറ്റിതന്നെ ഇത്തിരി നല്ല പേരുണ്ടാക്കാമോന്ന് നോക്കട്ടെ.

സാജന്‍ ചേട്ടോ: ഇവിടെയൊക്കെയുണ്ടോ എന്ന് ചോദിക്കുന്ന ആളിനെയാണല്ലോ ഇവിടെ കാണാത്തത്.
കുറുപ്പിന്‍റെ കണക്കു പുസ്തകം : ഹോ ഒരു പുസ്തകം സംസാരിക്കുന്നത് ആദ്യമായി കാണുന്നു ;)

ബോണ്‍സ്: നന്ദി ഇനീം കാണാം
ശ്രീ : പുതിയ ബ്ലോഗ് ലേ ഔട്ട് മാസക്കണക്കിനു സഹായിച്ചോ?

Sureshkumar Punjhayil :അപ്പോള്‍ ചേട്ടന്‍ എന്റെ വളരെ പഴയപോസ്റ്റുകളൊന്നും വായിച്ചിട്ടേ ഇല്ല.
ഏകാന്ത പഥികന്‍ : അല്ലേലും ആണുങ്ങള്‍ വര്‍ഷക്കണക്കിനു മോശമാ.

കുഞ്ഞന്‍സ്: പൂര്‍ണമായും ഉപേക്ഷിച്ചില്ല.
അപ്പുക്കുട്ടന്‍സ്: ആ കഥ ഉടന്‍ വരുന്നു.

Ashly said...

oh....welcome back !!!

സുധി അറയ്ക്കൽ said...

ഊമകളായ നെടുവീര്‍പ്പുകളും കൊണ്ട്‌ നിറഞ്ഞു.//////////കമന്റാതെ പോകാൻ തോന്നുന്നില്ല.അടിപൊളി.