ഭാഗം ഒന്ന് എന്നത് ചുമ്മാ ഇട്ടതാ ഭാഗം രണ്ട് വരുമോ എന്നുള്ളതിനു ഒരു തീര്‍ച്ചയുമില്ല. അത് ഈ പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ അനുസരിച്ചിരിക്കും. ഏയ് അല്ലല്ല വായനക്കാരുടെ അല്ല ചാത്തന്റെ വീട്ടിലെ പ്രതികരണങ്ങള്‍.
പെണ്ണ് കാണണം പെണ്ണ് കാണണം എന്ന് പറഞ്ഞ് വീട്ടുകാര്‍ ശല്യപ്പെടുത്താന്‍ തുടങ്ങീട്ട് കാലം കുറേ ആയി. ഒരു പെങ്കൊച്ചിനെ കണ്ട് ഇഷ്ടപ്പെട്ടില്ലാ എന്ന് പറയാന്‍ ഒരു സിംപിള്‍ കാരണം കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാലോ എന്ന് വച്ചാ ഒന്നിറങ്ങി പയറ്റിയേക്കാന്‍ തീരുമാനിച്ചത്.
എന്തിനും ഏതിനും ഒരു മുന്‍പരിചയം ഉണ്ടാവുന്നത് നല്ലതല്ലേ. ബൂലോകത്തുള്ള പെണ്ണ് കാണല്‍ സീരീസ് പോസ്റ്റുകളെല്ലാം തിരഞ്ഞ് പിടിച്ച് ഒരാവര്‍ത്തി കൂടി മനഃപാഠമാക്കി. കൂടെ കൂട്ടാന്‍ കൂടെ താമസിക്കുന്നവന്മാര്‍ ഒരെണ്ണം ശരിയല്ല എല്ലാത്തിനും മുടിഞ്ഞ ഗ്ലാമറോ ഒടുക്കത്തെ പൊക്കമോ ഉണ്ട്.
ഉണ്ണിക്കുട്ടന് മതി, മുന്‍പ് ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു എന്ന ഒരൊറ്റ ദോഷം മാത്രമേ കൈമുതലായുള്ളൂ. ആളൊരു ഗ്ലാമര്‍ താരമാണേലും അഞ്ച് ഇഞ്ച് ഉയരം കൂടുതലുള്ളത് ചാത്തനല്ലേ. പോരാഞ്ഞ് ഈ വിഷയത്തില്‍ ധാരാളം മുന്‍പരിചയോം. 20-25 പെണ്ണ് കാണല്‍ നടത്തി, കെട്ടി, സുഖജീവിതം. സ്വന്തമായി ബൈക്കുമുണ്ട്, ഇനിയിപ്പോള്‍ അതിന്റെ പിന്നില്‍ കയറി ഇരിക്കുകയേ വേണ്ടൂ.
ബാംഗ്ലൂര്‍ തന്നെയാണ് രംഗവേദി, ഇന്ദിരാ നഗര്‍ എന്ന് പറയുന്ന ഹൈക്ലാസ് മലയാളികള്‍ താമസിക്കുന്ന സ്ഥലം. ഒരു ഞായറാഴ്ച രാവിലെ ഉണ്ണിക്കുട്ടന്റെ ബൈക്കില്‍ യാത്രതിരിച്ചു. ഇന്ദിരാ നഗറിന്റെ തുടക്കം എത്തിയപ്പോള്‍ തന്നെ മൊബെയിലില്‍ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. പെണ്‍കുട്ടിയുടെ അമ്മയായിരുന്നു ഫോണെടുത്തത്. കുറച്ചൂടെ മുന്പോട്ട് വന്നിട്ട് വിളിക്കൂ എന്നായിരുന്നു മറുപടി. മൂന്നാലു തവണ അങ്ങനെ ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇന്ദിരാ നഗറു കടന്ന് വെളിയിലെത്തി. വീണ്ടും വിളിച്ചു.
ഹലോ ഞങ്ങളിപ്പോള്‍ ഇന്ദിരാനഗറും കഴിഞ്ഞ് അള്‍സൂരിലെ വണ്‍വേയില്‍ എത്തി, ഇനി തിരിച്ച്, വന്ന വഴിയിലൂടെ വരണമെന്ന് പറഞ്ഞേക്കരുത്. അതോടെ ഒരു കിളിനാദം കനാല്‍, അമ്പലം, ടെമ്പോസ്റ്റാന്‍ഡ് എന്നൊക്കെ അമ്മയോട് പറഞ്ഞ് കൊടുക്കുന്നത് കേട്ടു. ആപ്പറഞ്ഞതൊക്കെ തൊട്ട് മുന്‍പേ കടന്ന് വന്ന ഞങ്ങള്‍ക്ക് സ്ഥലമൊക്കെ പിടികിട്ടി. അടുത്ത് കണ്ട ഊട് വഴിയിലൂടെ പിന്നോട്ട് തിരിഞ്ഞ ഞങ്ങള്‍ മുന്‍പ് പറഞ്ഞ വഴിയുടെ നേര്‍വിപരീത വഴിയിലൂടെ സ്ഥലത്തെത്തി. ബാല്‍ക്കണിയില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ ഞങ്ങള്‍ക്ക് വഴികാണിച്ചു.
ഭാഗ്യം വിചാരിച്ചത്ര ഹൈക്ലാസ് പാര്‍ട്ടീസല്ല. രണ്ടാം നിലയിലുള്ള ഒരു കൊച്ച്വീട്. ഉണ്ണിക്കുട്ടനോട് സ്വര്‍ണമാല അകത്തോട്ടും വിവാഹമോതിരമിട്ട കൈ മുന്നിലോട്ടും ആക്കി ഗോവണി കയറാന്‍ പറഞ്ഞിട്ടും മുകളിലെത്തിയ ഉടനേ അമ്മ ചോദിച്ചു ചെക്കനാരാണെന്ന് :(....
പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലില്ല. ഉണ്ണിക്കുട്ടന് അപ്പോഴേ പറഞ്ഞു എന്നാ നിനക്ക് അച്ഛനുള്ള സമയം വല്ലോം വന്നാല്‍ പോരായിരുന്നോ എന്ന്. പിന്നേ എന്നിട്ട് വേണം അങ്ങോരുടെ കത്തി മൊത്തം രാവിലെ വെറും വയറ്റില്‍ കേട്ടിരിക്കാന്‍. പക്ഷേ അല്പസമയത്തിനുള്ളില് അച്ഛന് ഏത് നിമിഷവും കയറി വരണേ എന്നതായി ഞങ്ങളുടെ പ്രാര്‍ത്ഥന. ഒരു ചായ പോലും തരാതെ പെണ്ണിന്റമ്മ കത്തി തുടങ്ങി.
തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പെട്ടന്ന് ഫോമിലെത്തിയ ചാത്തന് പിന്നെ ഇടക്കിടെ ബൗണ്ടറികളുമായി മുന്നേറി. ഒരു ചായപോലും കിട്ടാന്‍ സാധ്യതയില്ലേന്നോര്‍ത്ത് നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ണിക്കുട്ടന് ബേജാറായി, ഇടക്കൊരു വൈഡ് സിഗ്നല്‍ കാണിച്ചു.
അല്ല എനിക്ക് പോയിട്ടല്പം പണിയുണ്ടായിരുന്നു.
ഓ അതു മറന്നു ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ് പെണ്ണിന്റമ്മ അകത്തേക്ക് പോയി. ആ ഡ്രിങ്ക്സ് ബ്രേക്കില്‍ മുറി ഒട്ടാകെ ഒന്ന് നോക്കി. കരകൗശല വസ്തുക്കളുടെ ഒരു പ്രളയം. പണ്ട് സ്വന്തം അമ്മാവന് പെണ്ണ് കാണാന്‍ കൂടെപ്പോയപ്പോള്‍ ഇതേപോലുള്ള മുറി കണ്ടതും നിനക്കെന്തേലും ചോദിക്കാനുണ്ടോ ഭാവി അമ്മായിയോട് എന്ന് കേട്ടപ്പോള്‍ ചാടിക്കേറി ഇതൊക്കെ അമ്മായി ഉണ്ടാക്കിയതാണോ എന്ന് ചോദിച്ചതും, ഏയ് അതൊക്കെ കാശുകൊടുത്ത് വാങ്ങീതാ എന്ന് പറഞ്ഞ് അമ്മായി എന്നെ ക്ലീന്‍ ബൗള്‍ഡാക്കീതും പിന്നെ ഒന്നും ചോദിക്കാനില്ലാതെ ഉത്തരം മുട്ടി നിന്നതും ഓര്‍മ്മയില്‍ മിന്നിമറഞ്ഞു.
ദാ വരുന്നു ചായട്രേയുമായി വളയിട്ട രണ്ട് കൈകള്‍, പക്ഷേ എന്തോ ഒരു കുഴപ്പം, ങേ ഇത് നേരത്തേ കണ്ട കൈകള്‍ തന്നെയാണല്ലോ പെണ്ണെവിടെ!!!
അവളൊരുങ്ങുകയാ ഇപ്പോള്‍ വരും നിങ്ങള്‍ ചായ കുടിക്കൂ.
അഞ്ചാറുവട്ടം റിഹേഴ്സലെടുത്ത മാന്യമായ സ്റ്റൈലില്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഒരിറക്ക് കുടിച്ചു. ദൈവമേ പണ്ട് ബയോളജി ടെക്സ്റ്റില്‍ പടത്തില്‍ കണ്ട അന്നനാളം എന്ന് പറയുന്ന സാധനം എനിക്കും ഉണ്ട്. നാവ് ഞാനിത്തിരി കഴിഞ്ഞ് വരാം എന്നും പറഞ്ഞ് പാട്ടും പാടി ഒരു വഴിക്ക് പോയി. ഒടുക്കത്തെ ചൂട്. മാനേഴ്സൊക്കെ കാറ്റില്‍ പറത്തി നല്ലവണ്ണം ഊതി ഒരു കവിള് കൂടി കുടിച്ച് ബാക്കി ഫാനിന്റെ കാറ്റില്‍ ഉണക്കാനിട്ടു.
പഴയ അബദ്ധം ആവര്‍ത്തിക്കേണ്ടാന്നു കരുതി ഇതൊക്കെ ആരുണ്ടാക്കിയതാണെന്ന ഭാവത്തില്‍ ചുറ്റുമൊന്ന് നോക്കി. റിസല്‍ട്ടും കിട്ടി. ഇതൊക്കെ അവളു ചുമ്മാ ഇരിക്കുമ്പോള്‍ ഉണ്ടാക്കി വയ്ക്കുന്നതാ. പിന്നേയും കത്തി തുടര്ന്നതല്ലാതെ ആരും വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒന്ന് നിര്‍ത്തെടാ എന്ന ഭാവത്തില്‍ ഉണ്ണിക്കുട്ടന് നോക്കിയും കൈകൊണ്ട് തോണ്ടിയും ഒക്കെ സിഗ്നലോട് സിഗ്നല്‍. എന്തായാലും ഭാവി അമ്മായിയമ്മയ്ക്ക് ചെറുക്കനെ ഇഷ്ടപ്പെടാതെ വരില്ല. അമ്മാതിരി കത്തിയല്ലായിരുന്നോ നാട്ടിലെ അവരുടെ വീട്ടിന്റെ മുന്നിലിരിക്കുന്ന പൂച്ചെടിയിലെ പൂക്കളുടെ എണ്ണം ചാത്തനെയും പകരം പൊട്ടാസ്യം പെര്‍മാംഗനേറ്റും സോഡിയം ക്ലോറൈഡും മിക്സാക്കി വളമാക്കുന്ന ടെക്നിക്ക് ചാത്തനവരെയും പഠിപ്പിച്ചു.
ഉണ്ണിക്കുട്ടന്റെ തോണ്ടല് അസഹ്യമായപ്പോഴാണ് തലതിരിച്ച് നോക്കിയത് പെണ്ണ് വാതിലിന്റെ അടുത്ത് വന്ന് നില്ക്കുന്നു. ഇത്തിരികൂടി വല്യ നെറ്റിയുള്ള ഒരു മിനി ഐശ്വര്യാ റായ്!!!. ടി ജി രവിയും ജോസ്പ്രകാശുമൊന്നും നായികമാരെ നോക്കുന്ന തരത്തില്‍ നോക്കി ഇമ്പ്രഷന്‍ കളയരുതെന്ന് ഉണ്ണിക്കുട്ടന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പെട്ടന്ന് മുഖം തിരിച്ച് അമ്മയെ നോക്കി.
നിങ്ങള്‍ക്ക് വല്ലോം സംസാരിക്കാനുണ്ടാവില്ലേ എന്ന് അമ്മ പറഞ്ഞപ്പോള്‍ എണീച്ച് പോടാ എന്ന് പറയാന്‍ തിരിയുന്നതിനു മുന്‍പ് തന്നെ ഉണ്ണിക്കുട്ടന് വാതില്ക്കലെത്തിയിരുന്നു. പക്ഷേ ഭാവി അമ്മായിയമ്മ പിന്നേം ഞെട്ടിച്ചു അല്ലാ താനെവിടെ പോകുന്നു ഇവിടെ തന്നെ ഇരുന്നോ. പുറത്ത് നല്ല വെയിലാ..
അങ്ങനെ ക്രിക്കറ്റ് നിര്‍ത്തി ടെന്നീസ് കളി തുടങ്ങി. അമ്മയും മകളും ഒരു ടീമില്‍ ഞങ്ങളു മറ്റേ ടീമിലും.ഞങ്ങള്‍ എറിയുന്ന പന്തുകള്‍ മിക്കവാറും ലക്ഷ്യത്തില്‍ എത്തിയില്ല നേരെ പോയതൊക്കെ തിരിച്ചു വന്നപ്പോള്‍ പന്ത് പെറുക്കാന്‍ പോലും കളത്തിലാളില്ലാത്ത അവസ്ഥയും. ഉണ്ണിക്കുട്ടന് പത്തിരുപത് പെണ്ണ് കാണലിനു പോയിട്ടിങ്ങനെയാണോ ! ചാത്തന് തന്നെ കളം നിറഞ്ഞ് കളിക്കേണ്ട അവസ്ഥ.
ഇത് തന്റെ ആദ്യ പെണ്ണ് കാണലാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടാ തുടങ്ങിയതെങ്കിലും പെണ്‍കുട്ടി നിഷ്കരുണം ചാത്തനെറിഞ്ഞ പന്തുകള്‍ കോര്‍ട്ടിനു വെളിയിലെത്തിച്ചു കളഞ്ഞു, പോരാഞ്ഞ് അമ്മയുടെ സഹായവും. ഇനീപ്പോ സാംപിള്‍ വേണമെന്നുള്ളവര്‍ക്ക്.
ഈ കാണുന്നതൊക്കെ സ്വന്തമായി ഉണ്ടാക്കിയതാണോ നന്നായിട്ടുണ്ട്.
ഓ അതൊക്കെ എല്ലാരും ചെയ്യുന്നതല്ലെ അത്ര വല്യ കാര്യമൊന്നുമല്ല. നെക്സ്റ്റ് ക്വസ്റ്റ്യന്‍ പ്ലീസ്...
ആകെ സ്കോര്‍ ചെയ്യാന്‍ അവസരം കിട്ടിയത് പാട്ട് പാടാന്‍ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അല്പസ്വല്പം എന്ന മറുപടിയും കഴിഞ്ഞ് പെണ്ണിന്റെ അമ്മ ആ റാലി നെറ്റില്‍ വീഴ്തിയപ്പോഴാണ്. എന്നാ നീ ഒരു പാട്ട് പാടിക്കൊടുക്കു മോളേ ന്ന്. അത്രേം സമയം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരം വഴുതിവീണു. പഴയ 'ശിഷ്യനും മകനും' പദ്യത്തിലെ കാണാതെ പഠിച്ച വരികള്‍ ഈ സന്ദര്‍ഭത്തില്‍ അല്പം എഡിറ്റിങ്ങോടെ എടുത്ത് പ്രയോഗിക്കാവുന്നതാണ്
"ഉടന്‍ മഹാദേവിയിടത്തുകയ്യാലഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കി ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി പാര്‍ശ്വസ്ഥയാകും മാതാവിനോടൊന്നുരച്ചു"
ശ്ശൊ ഈ അമ്മ...
ഏയ് അതൊന്നും വേണ്ട. എന്ന് പറഞ്ഞ് ചാത്തന് രക്ഷകനായി അവതരിച്ചു.
മുന്‍പ് "ശ്ശൊ ഈ അമ്മ" എന്ന് പതുക്കെ പറഞ്ഞ് അമ്മയെ തോണ്ടിയത് ചാത്തന് കണ്ടു എന്നും മനസ്സിലാക്കിയതിനാല്‍ പിന്നീടങ്ങോട്ട് മഹാദേവി ലജ്ജാമുഖിയായി. അതോടെ സൈക്കിള്‍ ടയറു പൊട്ടിയപ്പോള്‍ സ്ഥലം വിട്ട പ്രാവുകളെപ്പോലെ ചാത്തന്റെ മനസ്സില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഒളിച്ചോടിയ ചോദ്യശരങ്ങള്‍ ഓരോന്നായി തിരിച്ചു വന്നു.
ഇതിനിടെ സൈഡ് ബെഞ്ചില്‍ കയറി ഇരിപ്പുണ്ടായ ഉണ്ണിക്കുട്ടന് അക്ഷമനായി. പെണ്‍കുട്ടിയോടുള്ള കത്തി അരമണിക്കൂറില്‍ മീതെ ആയപ്പോള്‍ ഉണ്ണിക്കുട്ടന്റെ വക എങ്ങിനെയെങ്കിലും നിര്‍ത്തെടാ പോകാം എന്ന് തോണ്ടല് മാന്തല്‍ പിച്ചല് മുഖേന ലെവല്‍ കൂട്ടി തന്നു കൊണ്ടിരുന്നു. അവസാനം ഹൈറ്റ് മാച്ച് ചെയ്യുമോ എന്നറിയാനായി ഹൈറ്റ് എത്ര സെന്റിമീറ്ററാണെന്നു കൂടി ചാത്തന് ചോദിച്ചു കളഞ്ഞു. അതൂടെ കേട്ട ഉണ്ണിക്കുട്ടന് ഗ്ലാസില്‍ ബാക്കി വന്ന ചായപ്പൊടിക്കൂടി ഒറ്റ വലിയ്ക്ക് കുടിച്ച് ചാടിയെഴുന്നേറ്റു.
ബാക്കി വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്നും പറഞ്ഞ് പുറത്തേക്ക് കടന്ന ഉടനേ ഉണ്ണിക്കുട്ടന് ബൈക്കിനടുത്തേക്ക് കുതിക്കുകയായിരുന്നു.
ഒന്നും മിണ്ടാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഒരല്പം അകലെ എത്തിയപ്പോള്‍ ചാത്തന് ഉണ്ണിക്കുട്ടന്റെ അഭിപ്രായമാരാഞ്ഞു. എങ്ങനുണ്ട് പെണ്‍കുട്ടി കൊള്ളാമോ? എനിക്ക് ചേരുമോ? നെറ്റിയ്ക്ക് ഒരല്പം വീതി കൂടുതലല്ലേ? ഇതു വേണോ അതോ ഒരു മൂന്നാലെണ്ണവും കൂടി കണ്ടിട്ട് തീരുമാനിച്ചാല്‍ മതിയോ?
അധികം ട്രാഫിക്കില്ലാത്ത ഒരിടത്ത് വണ്ടി സൈഡാക്കി ഉണ്ണിക്കുട്ടന് ഹെല്മെറ്റൂരി. നിന്നോടൊന്നും വണ്ടിയോടിച്ചോണ്ട് സംസാരിച്ചൂടാ ചുമ്മാ വല്ല കരിമ്പൂച്ചേം വന്ന് വട്ടം ചാടും. ഞാന്‍ വിചാരിച്ചു ആ ഹൈറ്റ് ചോദ്യത്തിനു ശേഷം അടുത്തടുത്ത് നിന്ന് ഹൈറ്റ് മാച്ചാവുന്നുണ്ടോ എന്ന് നോക്കിയശേഷമേ നീ ഇറങ്ങി വരൂ എന്ന്.
ഛേയ് അതൊക്കെ മോശമല്ലേ.
അപ്പോള്‍ നിനക്ക് ബോധം മൊത്തമായി പോയിട്ടില്ല അല്ലേ. എടാ ഞാന്‍ 20 പെണ്ണ് കാണാന്‍ എടുത്ത സമയം മൊത്തം നീ ഇന്ന് ഒരു പെണ്ണ് കാണാന്‍ എടുത്തു അതറിയാമോ? ആ പെണ്ണിന്റച്ഛന് അവിടെ ഇല്ലാത്തത് ഭാഗ്യം അല്ലേല്‍ കോളറ് പിടിച്ച് വെളിയിലാക്കിയേനെ.
അത് ഞാനവരോട് പറഞ്ഞില്ലേ ഇതാദ്യത്തേതാണ് പരിചയക്കുറവുണ്ടാകും എന്ന്.
പോടാ എന്ന് വച്ച് ഒരു 5- 10 മിനിറ്റ് സംസാരിക്കുക എന്നല്ലാതെ അരമണിക്കൂറിനു മോളിലാണോ കത്തി വയ്ക്കല്‍!!!
പിന്നെ പെണ്ണ് എങ്ങനെ കൊള്ളാവോ എന്ന് ചോദിച്ചില്ലെ. അതിന്. ആ പെണ്ണിനു തലേല് ഇത്തിരിയെങ്കിലും ആള് താമസമുണ്ടേല്‍ നിന്നെപ്പോലൊരു ഭൂലോക കത്തിയെ വേണ്ടാന്ന് പറയും.അഥവാ സമ്മതിച്ചാല്‍ പിന്നെ ഒന്നും നോക്കെണ്ട കെട്ടിക്കോ പെണ്‍പിള്ളാര്‍ക്കു ഇത്തിരി ബുദ്ധി കൂടുതലാണെല്‍ നമ്മള്‍ക്കു പ്രശ്നമാവും. അപ്പോള്‍ ഇതാ നല്ലത്.
ഒന്നൂടെ മേലാല്‍ നിന്റൂടെ പെണ്ണ് കാണാന്‍ എന്റെ ശത്രുക്കളെ വല്ലതും ഞാന്‍ ഏര്‍പ്പാടാക്കിത്തരാം.
വാല്‍ക്കഷ്ണം: ജാതകപ്പൊരുത്തത്തിന്റെ പേരില്‍ അത് കലങ്ങിയെങ്കിലും .... ഹെന്ത് വിശ്വാസമില്ലേ!!! ആ പോട്ട് വിശ്വസിക്കേണ്ട. ഈ സീരീസിലെ ബാക്കി 29 എണ്ണവും ഒരു കഥയ്ക്കുള്ള വക തരുമോ എന്നറിയില്ല എന്നാലും ചിലതൊക്കെ രസകരമായിരുന്നു. ഒടുക്കത്തെ ക്ലൈമാക്സില്‍ എന്നെ ഇഷ്ടപ്പെട്ട വാമഭാഗം എന്തുകൊണ്ട് എന്ന് വെളിപ്പെടുത്താത്തിടത്തോളം കാലം പ്രപഞ്ചരഹസ്യങ്ങളില്‍ ഒന്നും കൂടെ ഉണ്ടാവും...
സൃഷ്ടിപുരാണം
4 years ago
46 comments:
പുതിയ പോസ്റ്റേയ്... ഒരു പെണ്ണ് കാണല്‍ അനുഭവം.. ബാച്ചിലേര്‍സ് ഗൈഡില്‍ ഉള്‍പ്പെടുത്താന്‍ ഒരു അദ്ധ്യായം...
ऽആളൊരു ഗ്ലാമര്‍ താരമാണേലും അഞ്ച് ഇഞ്ച് ഉയരം കൂടുതലുള്ളത് ചാത്തനല്ലേ./ /
ചോദ്യം: അപ്പോ ഉണ്ണിക്കുട്ടന്റെ ഹൈറ്റെത്ര? 4 അടി?
// ആപ്പറഞ്ഞതൊക്കെ തൊട്ട് മുന്‍പേ കടന്ന് വന്ന ഞങ്ങള്‍ക്ക് സ്ഥലമൊക്കെ പിടികിട്ടി. അടുത്ത് കണ്ട ഊട് വഴിയിലൂടെ പിന്നോട്ട് തിരിഞ്ഞ ഞങ്ങള്‍ മുന്‍പ് പറഞ്ഞ വഴിയുടെ നേര്‍വിപരീത വഴിയിലൂടെ സ്ഥലത്തെത്തി.//
ഓ.. അല്ലേലും തനിക്കൊക്കെ ഊടുവഴിയല്ലേ പണ്ടേ അറിയൂ!
( ഇത്തിരികൂടി വല്യ നെറ്റിയുള്ള ഒരു മിനി ഐശ്വര്യാ റായ്!!!. )
നൈറ്റിയിട്ട ഐശ്വര്യാ റായ്.. കൊള്ളാം!
(ആ പെണ്ണിന്റച്ഛന് അവിടെ ഇല്ലാത്തത് ഭാഗ്യം അല്ലേല്‍ കോളറ് പിടിച്ച് വെളിയിലാക്കിയേനെ.)\
അത് കറക്റ്റ്!
(ബാക്കി 29 എണ്ണവും )
ഹെന്റമ്മച്ചിയേ! പ്രണാമം..
ഈ പോക്കു പോകേണെങ്കില് അധികം പാടേണ്ടി വരില്ല..;)
ഇത് തീര്‍ച്ചയായും തുടരണം. ഞാനുള്‍പ്പെടയുള്ള വരും തലമുറക്ക് ഇത്തരം അനുഭവങ്ങള്‍ ഉപകാരപ്പെടും.
പിന്നെ വീട്ടുകാരെ സ്വന്തം ബ്ലോഗ് കാണിക്കാതിരിക്കുന്നതായിരിക്കും നല്ലത്. അവര്‍ക്ക് നമ്മളെ പറ്റി ഒരഭിപ്രായമുണ്ടാവില്ലേ. അത് കളഞ്ഞ് കുളിക്കണോ?
ദൈവമേ!!! 29 എണ്ണം ഇനിയുമുണ്ടോ???
ഇന്നസെന്റ് പെണ്ണു കാണാന്‍ പോകുന്നതു പോലെ ആയല്ലോ
;)
പുതുവത്സരാശംസകള്‍!
ഹഹഹ ഇനിയും 29 എണ്ണോം കൂടെ!
കാത്തോളണേ :)
ആ പെങ്കൊച്ചിനും ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു :)
എന്നാലും എന്റെ ചാത്താ !!!!!!!ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞില്ലെ ... എന്തായാലും സംസാരിച്ചു സംസാരിച്ചു ഉച്ച ആയി . ഇനി ഉണ്ടിട്ടു പോകാം എന്ന് ...?????
ഹെന്റമ്മോ.. 29 അദ്ധ്യായങ്ങളുള്ള ഒരു മഹാനോവലോ? പോരട്ടെ.അടുത്തത് പോരട്ടെ ചാത്താ.. ബാച്ചികള്‍ക്ക് ഉപകാരപ്പെടട്ടെ..
തീര്‍ച്ചയായും തുടരണം. അടുത്തത് പോരട്ടെ ചാത്താ
ഇതിന് ഒന്നാം രാഗം പാടി എന്നു പേരു വച്ചു. അടുത്തതിനെന്തു പേര് വെക്കും? പിന്നത്തേതിനോ... ഒരു മത്സരം വച്ചാലോ ചാത്താ 29 പേരുകള്‍ക്കായി.
എന്തായാലും കേമം.
-സുല്‍
തൊഴുതുമടങ്ങാറായിട്ടില്ല.ഇനിയും പൂജകള്‍ ബാക്കി കിടക്കുന്നേയുള്ളു..ഏത്?
എന്നാലും താനിത്രയ്ക്ക് കത്തിയാണൊ? എനിക്കങ്ങു വിശ്വാസം വരുന്നില്ല. ഈ കത്തിയെ എന്തെ ആ രണ്ടു വര്‍ഷം ഞങ്ങള്‍ ആരും തിരിച്ച്ചറിഞ്ഞില്ല ???
വേറാരോ ചോദിച്ച പോലെ ഞാനും ചോദിക്കട്ടെ .. ഇതു താന്‍ ആരെ കൊണ്ടാ എഴുതിപ്പിക്കുന്നെ ???
( എറിയല്ലേ ... ചുമ്മാ...
താന്‍ പിന്നെ അന്നെന്താടോ മലയാളം രണ്ടാം ഭാഷയായി എടുക്കാതിരുന്നത് ?? )
സമാനുഭവം കേട്ടപ്പോള്‍ ഒരു സന്തോഷം :)
ഒന്നാം രാഗം കൊള്ളാം. ഇനിയുള്ള രാഗങ്ങളും പോരട്ടെ.
ഹഹ രസിച്ചു ചാത്തന്‍സ്.
(ബാക്കി 29 എണ്ണവും )
ബേക്കറി ഐറ്റംസ് വീക്ക്നെസ്സ് ആണ് ല്ലേ? :-)
വാളേട്ടോ: നാലടിയല്ല എട്ട് ഇടി , (എട്ടടി മൂര്‍ഖന്‍ ന്നു കേട്ടിട്ടില്ലെ)... സചിന് ടെണ്ടുല്‍ക്കര്‍ വരെ എന്റെ തോളിന്റെ അത്രേമെ വരൂ...:)പ്രണാമം വരവു വെച്ചു , ബാച്ചിലേഴ്സ് ക്ലബ്ബിന്റെ മുറ്റത്ത് എന്റെ ഒരു ചെരിപ്പിന്റെ പ്രതിമ സ്ഥാപിക്കുന്നെന്നു കേട്ടു ആ വകയില്‍ കൊള്ളിച്ചേക്കാം.
പ്രയാസീ: ഏയ് അധികമൊന്നും വേണ്ടി വന്നില്ല.
ടോകിഡൂ: നീയും എന്തായാലും ഹൈറ്റ് ചോദിക്കേണ്ടി വരും.. അല്ലേല്‍ ബാബു ആന്റണിയ്ക്ക് പെണ്കൊച്ചുണ്ടോന്ന് അന്വേഷിക്കേണ്ടി വരും.
ശ്രീ: ഇല്ലാത്തതു പറയരുത്. ഇന്നസെന്റിനു പെണ്ണ് കാണാന്‍ പോകാന്‍ തന്നെ പറ്റിയില്ലാലോ(നമ്പര്‍വണ്‍ സ്നേഹതീരം അല്ലേ ഉദ്ദേശിച്ചതു?)
അഗ്രൂ: അതോണ്ടല്ലേ അന്നവളോട് ബ്ലോഗിന്റെകാര്യം മിണ്ടാഞ്ഞത്.
നവരുചിയാ: വിളിച്ചിരുന്നെങ്കില്‍ നിന്നേനെ, ബട്ട് അച്ഛന് എങ്ങാനും കയറിവന്നിരുന്നേലോ?
അപ്പുവണ്ണോ: 29 എണ്ണം എഴുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.(ഈ ബ്ലോഗിന്റെ പേരുതന്നെ ആളോളു മാറ്റിക്കളയും)
Ashly A K : തുടരും എപ്പോഴെങ്കിലുമായി.
സുല്ലിക്കാ: പേരിടാനാണോ പ്രശ്നം?
യൂസുഫ്പ :മടങ്ങിയാലും ഇടക്കിങ്ങ് വരുമല്ലോ?
ജെസ്സ്:ഇനി നേരിട്ട് കാണുമ്പോള്‍ മനസ്സിലാവും പണ്ടത്തെ കുഞ്ഞ് ചാത്തനല്ല ഇപ്പോഴത്തെ കുട്ടിച്ചാത്തനെന്ന്. ഹിന്ദി എടുത്തതു കൊണ്ടല്ലേ സര്‍ദാര്‍ജിമാരുടെ കൈയ്ക്ക് പണിയുണ്ടാക്കാതെ തിരിച്ചെത്തിയത്.
സിജു: സമാനാനുഭവം പോസ്റ്റാക്കോയ്...
lakshmy: എല്ലാമൊന്നുമില്ലേലും രസകരമായതു ചിലതു പറയും.
അരവിന്ദേട്ടോ: ഈ സീക്രട്ടാരു പറഞ്ഞു!!! ബട്ട് എല്ലായിടത്തൂന്നും തട്ടൂലാട്ടോ ആന്റ് ഒരു ദിവസം തന്നെ ഒരു 4 ചായയില്‍ കൂടുതല്‍ അടുപ്പിച്ച് കുടിച്ചാല്‍ പിന്നെ.....
ചാത്തോ ആ വാൽക്കഷ്ണത്തിന്റെ ആവശ്യമില്ലായിരുന്നു.അല്ലാതെ തന്നെ എല്ലാം മനസ്സിലാകും.പോരട്ടെ ബാക്കി.
അടിപൊളി എഴുത്ത്. പെണ്നു കാണല്‍ ഇത്രയും രസമാണല്ലേ..
അടുത്തത് വരട്ടെ.
രാഗസാഗരത്തിന്റെ തീരത്ത് നില്ക്കുന്ന ഒരു കൊച്ച് കുട്ടിയാണ് കുട്ടിച്ചാത്തന് അല്ലെ ? കൊള്ളാം !
ചാത്താ,
മുപ്പത് പെണ്ണ്കാണലോ..!!!
ഒരു പുസ്തകം എഴുത് ഭായ്. ബൂലോകബാച്ചികള്ക്ക് ഉപകാരപ്പെടും.
പ്രായമായ വല്ല്യപ്പന്മാരാണ് പെണ്ണ്കാണലിന് കൊണ്ട് പോകാന്‍ പറ്റിയ പാര്‍ട്ടീസ്.
ഒരു സ്മോള്‍ വാങ്ങിക്കൊടുത്താല്‍ മാത്രം മതി.
വിവരണം ഉഷാര്‍.
ഇനിയും നന്നാക്കണം.
:-)
ഉപാസന
'"ജാതകപ്പൊരുത്തത്തിന്റെ പേരില്‍ അത് കലങ്ങിയെങ്കിലും .... ഹെന്ത് വിശ്വാസമില്ലേ!!!""
തീരെ വിശ്വാസം പോര ...അടുത്ത ഭാഗങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു..
സത്യം പറ..30 പെണ്ണ് കാണല്‍ കഴിഞ്ഞോ??? വിശ്വസിക്കാന്‍ വയ്യ!! ശ്ശൊ!..എനിക്ക്, ആകെ ഒരെണ്ണം മാത്രം!
ചാത്താ 30 പെണണ്‍ കണ്ടാല്‍ അതിനെ പറ്റി എഴുതാന്‍ നൂറ് കഥ കിട്ടും.അതാ മോനെ കാലം.
(അനുഭവസ്ഥന്റെ വെളിപ്പെടുത്തല്‍)
ബാക്കി കൂടി ഇങ്ങുപോരട്ടെ...................
ഒന്നാം രാഗം പാടിയത്
വരവു വച്ചു,ചൂട് ചൂടായി നല്ല കിളി തത്ത പറയും പോലെ ബാക്കി കൂടെ ഇറക്ക് ...
ചാത്താ ഹൈറ്റ് വെയിറ്റ് ഒക്കെ വ്യക്തമയ് പറഞ്ഞാല്‍ ....
എല്ലാ ഭാഗങ്ങളും എഴുതിയാല്‍ ഇതു ഒരു പുസ്തകമാക്കുന്നതല്ലേ നല്ലത്.ഞങ്ങളെപ്പോലുള്ള ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടും.. പേരു ഞാന്‍ പറയാം..."അനുഭവങ്ങള്‍ പാളിച്ചകള്‍ !!!!"....എങ്ങനെയുണ്ട് ?
സതീശേട്ടോ:നിങ്ങളു രണ്ടാളും ബ്ലോഗുന്നതുകൊണ്ട് ആ വാല്‍ക്കഷ്ണത്തിന്റെ പ്രാധാന്യം മനസ്സിലാവാഞ്ഞിട്ടാ...;)
കുമാരന്‍സ്: അതേ ആദ്യത്തെ ഒരു ചളിപ്പേ ഉള്ളൂ പിന്നെ ഒരു രസമല്ലേ...
മുസാഫിര്‍ അണ്ണോ: പെണ്ണ് കെട്ടി ഒരു വര്‍ഷം കഴിഞ്ഞിട്ടാ ഇതെഴുതുന്നത് ഇപ്പോള്‍ ആ പറഞ്ഞ സാഗരത്തില്‍ വല്ല മരക്കഷ്ണോം കിട്ടുമോന്ന് നോക്കുവാ.മുങ്ങിച്ചാവരുതല്ലോ..
ഉപാസന:ഒന്നുരണ്ടെണ്ണം കൂടി എഴുതാം. എന്റൂടെ മിക്കവാറും വരാറുള്ളത് ഇളയ അനിയനാ.
സ്നോവൈറ്റ്: വിശ്വാസമില്ലേല് എന്റെ വാമഭാഗത്തെ പരിചയപ്പെടുത്തിത്തരാം നേരിട്ട് ചോദിച്ചോ...
മേരിച്ചേച്ചി: പാവം കുറൂറു..ഒരു ചോയിസില്ലാതെ പോയല്ലോ...
സുദേവ്: നന്ദി.
അരുണ്‍: നീയും സീരീസെഴുതാന് പോവാണോ??
ജാഫറിക്കോ:നന്ദി.
മാണിക്യം:58 കിലോ 5,5’ ഉള്ള ചെക്കന് ആറടി 60 കീലോ ഉള്ളപെണ്ണിനെ നോക്കുമോ?
നര്‍മ്മമധുരമായ അവതരണം. വളരെ രസിച്ചു വായിച്ചു. സന്തോഷമുണ്ട്.
നല്ല പോസ്റ്റ്.
ബാക്കി പോരട്ടെ......
"മേലാല്‍ നിന്റൂടെ പെണ്ണ് കാണാന്‍ എന്റെ ശത്രുക്കളെ വല്ലതും ഞാന്‍ ഏര്‍പ്പാടാക്കിത്തരാം"
ചാത്താ...29 എണ്ണം കൂടി പെട്ടെന്നു തീര്‍ത്ത് ഒരു പുസ്തകമാക്കി ഇറക്കൂ...
ഡാ ചാത്താ....ഈ ഉണ്ണിക്കുട്ടന് നമ്മടെ ബ്ലൊഗര്‍ കുട്ടനാണോടാ...
നീ 29 പെണ്ണുകണ്ടാ...കര്‍ത്താവേ...
എന്നിട്ട് നീ ഇവിടേന്നും തടയാതെ റഷ്യേല് പോയി പെണ്ണുകെട്ടിയാ...യേത് പുടികിട്ടിയാ...
[വയ്യടാ..സുഖമില്ലാ...മഞപ്പിത്തം..
മൊത്തം വീട്ടുതടങ്കലില്‍ ആയിരുന്നു..
എണ്ണ..എരിവ്..പുളി..ഉപ്പ്..കോപ്പ് ഒക്കെ ഉപേക്ഷിച്ച് ഒരുതരം അഭ്യാസം..
മഞ്ഞപ്പിത്തം കരളില്‍ കേറിയോന്നറിയാന് സ്കാന്‍ ചെയ്തു..
ആ സ്കാന്‍ റിസള്‍ട്ടും കയ്യില്‍ പിടിച്ച് ഡോക്ടര്‍ ഒരു ഇരുപ്പ് ഇരുന്നു...
എനിക്ക് ടെന്ഷനൊന്നുമുണ്ടായില്ലാ..
എനിക്ക് കരളില്ലായെന്ന് എനിക്ക് അറിയാവുന്ന പോലെ വേറെ ആര്‍ക്കറിയാം...
എന്നിട്ടും ക്ലൈമാക്സില്‍ ഡാക്കിട്ടര് പറഞ്ഞു..കുഞ്ഞേ..നോ പ്രോബ്ലം..
ഹിപ് ഹിപ് ഹൂറേ...
നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു..]
ചാത്തനെയേറ്:
ചാത്തനെ കണ്ടാ പറയില്ല്ല കേട്ടോ 29 എണ്ണം സ്കിപ്പായീന്ന്, അതെങ്ങെനെ?
മിസിസ് ചാത്തന് ഇതിലപ്പുറം ഏതാണ്ട് വരാനിരുന്നതാ, വരാനുള്ളത് വഴീല് തങ്ങില്ലല്ലൊ?
എന്തായാലും സിരീസ് നിര്‍ത്തണ്ടാ:)
appo motham 30 ennam kandaayrunno?? ;)
1ആം ദിവസം - പാവം ഇവനിത്രയെ സംസാരിക്കുള്ളൊ!!! 10ആം ദിവസം - കൊള്ളാം നന്നായി സംസാരിക്കുന്നു. ഇവനെ ഒരു ഫ്രന്റ്റാക്കിയാലൊ? 30ആം ദിവസം - ഈശ്വരാ ഇവനെ പരിചയപ്പെട്ടതു അബദ്ധമായല്ലൊ#!@#@%
ithnya entem shtithi
ആശാനെ, കുറെ ദിവസം ആയി ഈ വഴി വന്നിട്ട്... വന്നു നോക്കിയപ്പോഴോ ഇപ്പോഴും ഒന്നില്‍ തന്നെ നിക്കുന്നു..എന്നാല്‍ പിന്നെ അന്ന് ചെയ്യാത്ത കമന്റ് ഇട്ടേച്ചു പോകാം എന്ന് കരുതി. ...
അപ്പോള്‍ നിനക്ക് ബോധം മൊത്തമായി പോയിട്ടില്ല അല്ലേ. എടാ ഞാന്‍ 20 പെണ്ണ് കാണാന്‍ എടുത്ത സമയം മൊത്തം നീ ഇന്ന് ഒരു പെണ്ണ് കാണാന്‍ എടുത്തു അതറിയാമോ? ആ പെണ്ണിന്റച്ഛന് അവിടെ ഇല്ലാത്തത് ഭാഗ്യം അല്ലേല്‍ കോളറ് പിടിച്ച് വെളിയിലാക്കിയേനെ.
കൂട്ടുകാരന് അപ്പോള്‍ ഇരുപതില്‍ നിര്‍ത്തി... എന്നിട്ട് കെട്ടിയോ എന്തോ? ബാക്കി ഇരുപത്തിഒന്പതും എന്ന് വരും? വെറുതെ ആശിപ്പിക്കല്ലേ!
ഇപ്പോഴും ട്രാവന്‍കൂര്‍ മെസ്സില്‍ പോകാറുണ്ടോ? നമ്മുടെ സ്ഥിരം സുഹൃത്തുക്കള്‍ ഇപ്പോഴും അവിടെ വരാറുണ്ട്...കണ്ടാല്ഹല്ലോ പറയണേ!!
ഇങ്ങനെ തന്നെ ഒരെണ്ണം ഞാനും എഴുതുന്നുണ്ട്.
ആണ് കുട്ടികള്‍ക്ക് മാത്രമേ ഉള്ളോ പെണ്ണുകാണല്‍ വിശേഷങ്ങള്‍.
ഏതായാലും വായിക്കാന്‍ രസമുണ്ട് . ആശംസകള്‍
ഒന്നാം രാഗം പാടിയത് കേട്ടു...കൊള്ളാം
അടുത്തതിനായി കാത്തിരിക്കുന്നു.
ഒന്നാം രാഗത്തിന്റെ ഹാങ്ങ്ഗ്ങോവറു ഇത്റ്റുവരെ മാറീല്ലേ ഉണ്ണീ? 29 രാഗവും കഴിഞ്ഞ് മംഗളം പാടി അവസാനിപ്പിച്ച് ഗാനമേളക്ക് ട്രോഫി വാങ്ങിക്കഴിഞ്ഞപ്പോ ബാക്കി രാഗങ്ങള്‍ മറന്നു അല്ലേ കശ്മലാ? :)
നമ്മക്കിതിനൊന്നും യോഗമില്ലേയ്? ......
ഭയങ്കര ഹ്യൂമറസ് സെൻസ് ആണല്ലോ..
ഹും.. ഇനി പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല...എല്ലാം പോരട്ടെ...
കൊറച്ചു കാലം കഴിഞ്ഞിട്ട് ഒക്കെ ഒന്ന് പരീക്ഷിക്കാന്‍ ഉള്ളതാ...
(അതിലിടെ വേറെ വല്ലതും തലയില്‍ ആയില്ലേല്‍ ;-)...
ജാതകപൊരുത്തം ഒന്നും ആവില്യാ ചാത്താ ...ഉണ്ണികുട്ടന് പറഞ്ഞെ തന്നെയാവും കാരണം..
what happed ? not seeing any new posts after wedding ?
ചാത്താ,
വളരെ വൈകിയാണ് ഇവിടെ എത്തിയത്. നല്ല പോസ്റ്റ്. പെണ്ണുകാണല്‍ ചടങ്ങ് കൊള്ളാട്ടോ ...
:)
സത്യം പറഞ്ഞ മനസ്സിലായില്ല. പിന്നെ കഥകള്‍ എഴുതാന്‍ ഒരു.. ഇത്.. വരുന്നില്ല. അതാ പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നത്. ശ്രമിക്കാം..
ചാത്തന്‍സ് കഥകള്‍ പുറത്തുവരട്ടെ ഇനിയുമിനിയും
Post a Comment