ആദ്യഭാഗം വായിക്കാത്തവരും മറന്ന് പോയവരും എന്ത് എപ്പോള്‍ എങ്ങനെ എന്ന് ചോദിക്കരുത് ലിങ്ക് കണ്ടുപിടിക്കാന്‍ മടിയാണേല്‍ ഇവിടുണ്ട്.
ചാത്തന്റെ സ്വന്തം അക്കൗണ്ടിലെ കാശ് മൊത്തം വാടകയിനത്തില്‍ ഉരച്ചെടുത്തശേഷം റിസപ്ഷനിസ്റ്റ് മദാമ്മ ഒരു വര്‍ണ്ണക്കടലാസ് കൂട്ടം തന്നു. ബ്രോഷറാണെന്ന് തോന്നുന്നു. മുറീടെ പടം, സൗകര്യങ്ങള്‍ ഒക്കെ എഴുതീട്ടുണ്ട്. അടുത്തതായി സിനിമകളിലൊക്കെ കാണുമ്പോലെ ചാത്തന്റെ പെട്ടി ഉന്താനും ബാഗ് ചുമക്കാനും വരാനിടയുള്ള കോട്ടും സൂട്ടുമിട്ട റൂംബോയിയെ പ്രതീക്ഷിച്ച് ചാത്തന് നെഞ്ചും വിരിച്ച് നിന്നു. അക്കൗണ്ടിലെ കാശു മൊത്തം കൊടുത്ത് ഒരാഴ്ച താമസിക്കുന്നവന്റെ കയ്യീന്ന് നയാ സെന്റ് ടിപ്പ് കിട്ടൂലാന്ന് കരുതീട്ടാണോ എന്തോ ഒരുത്തനും അടുക്കുന്നില്ല. എന്നാപ്പിന്നെ വരുത്തീട്ടെയുള്ളൂ എന്ന ചിന്തയില്‍ ചാത്തനവിടെ തന്നെ കുറ്റിയടിച്ചു. ഉണ്ടക്കണ്ണുകള്‍ ഒന്നൂടെ തുറിപ്പിച്ച് അന്ധാളിച്ച് നോക്കിയശേഷം മദാമ്മ ചാത്തന്റെ കയ്യീന്ന് ബ്രോഷര്‍ തിരിച്ചു വാങ്ങി അവസാന പുറം തുറന്ന് രണ്ട് വട്ടം വരച്ചിട്ട് കയ്യില്‍ തന്നു.
യു ആര് ഹിയര്‍ എന്നെഴുതിയതിനു ഒരു വട്ടം, ചാത്തന്റെ റൂം നമ്പറിനു അടുത്ത വട്ടം. പറയാന്‍ മറന്നു ഹോട്ടലെന്നു വച്ചാല്‍ അംബരചുംബിയൊന്നുമല്ല ആകെ രണ്ട് നില മാത്രം അതിങ്ങനെ കഷ്ണം കഷ്ണമായി ഒരേക്കറില്‍ അവിടവിടെയായി കിടക്കുകയാണ്. ഇടയിലു കുറേ വഴികളും. പണ്ട് പൂമ്പാറ്റേലും ബാലരമയിലും വരുന്ന വഴി കണ്ടുപിടിക്കുക എന്ന പരിപാടി മുടങ്ങാതെ പയറ്റിത്തെളിഞ്ഞ ചാത്തനു ഇതൊക്കെ പുല്ലല്ലേ. പക്ഷേ അതിലൊക്കെ മൊത്തം മാപ്പിന്റെ ഏരിയല്‍ വ്യൂവിലൂടെയാ പെന്‍സില്‍ ഓടിക്കേണ്ടത് ഇതിപ്പോള്‍ അതിന്റെ ഒരു സൈഡില്‍ ഇറക്കി വിട്ടിരിക്കുകയല്ലേ. ഒന്നു രണ്ട് വട്ടം വഴി തെറ്റിയെങ്കിലും ഒടുക്കം ലക്ഷ്യത്തിലെത്തി. ദേ കിടക്കുന്നു അടുത്ത കടമ്പ താക്കോലിനു പകരം ഒരു കാര്‍ഡാണ്. അത് തിരിച്ചും മറിച്ചും തലകുത്തിനിന്നും അതിന്റെ സ്വൈപ്പ് ചെയ്യണ്ട ദ്വാരത്തില്‍ ഇട്ടിട്ട് കതക് തുറക്കുന്നില്ല. തിരിച്ച് റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക്. ഇത്തവണ അവരും കൂടെ വന്ന് ശ്രമിച്ചു. നോ രക്ഷ. അപ്പോള്‍ തെറ്റ് നമ്മടെ ഭാഗത്തല്ല ഭാഗ്യം. ചുളുവില്‍ കാര്‍ഡ് ഇടണ്ടതെങ്ങനെയെന്നും പഠിച്ചു. അവരു പുതിയ ഒരു കാര്‍ഡ് കൊണ്ട് തന്നു. അതു വച്ച് ചിരപരിചിതനെപ്പോലെ സ്വൈപ്പ് ചെയ്യുന്നു, കതക് തുറക്കുന്നു, താങ്ക്യൂ പറയുന്നു, അകത്ത് കയറുന്നു, വാതിലടയ്ക്കുന്നൂ, നേരത്തേ സ്റ്റോക്ക് ചെയ്ത് വച്ച മൊത്തം ശ്വാസം വിടുന്നു.
ഒരു വിധത്തില്‍ ഹോട്ടലിലെത്തിപ്പെട്ട കാര്യം വീട്ടിലേക്കും, വെള്ളവണ്ടി കണ്ടുപിടിച്ച കാര്യം ചൈനക്കാരന് ക്ലൈയന്റിനേയും ഫോണ്‍ വിളിച്ചറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു അതുകൊണ്ട് ഇനിയിന്ന് വിശ്രമിച്ചോളൂ നാളെ ഓഫീസില്ല, രാവിലെ കാണാം, പുറത്ത് പോവാം എന്നും പറഞ്ഞ് ചൈനക്കാരന് വെച്ചു. വൗ അപ്പോള്‍ നാളെം മറ്റന്നാളും ചാത്തനെ അമേരിക്ക ചുറ്റിക്കാണാന്‍ കൊണ്ട് പോവാന്‍ അങ്ങേരു വരും!! ആരെടാ പണ്ട് ചൈനയുമായി യുദ്ധം നടത്തിയത് നെഹൃവോ ശാസ്ത്രിയോ. അവരുടെ ഭാഗ്യത്തിനാ തട്ടിപ്പോയത്. ഇല്ലേല് തിരിച്ചു വരുമ്പോള്‍ ചാത്തന് കാണിച്ചു തന്നേനെ.
ഹോട്ടലില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് ഉണ്ട്. നാളെ നാളെ നാളെ എന്ന് പാട്ടും പാടി, മുറി ഒരു വിഹഗ വീക്ഷണം നടത്തി. നല്ല സൂപ്പര്‍ കിടക്ക മൊത്തം സ്പ്രിംഗ് ആക്ഷന്‍ രണ്ട് പുതപ്പ്, കൂട്ടിന് കുറേ തലയിണകള്‍. മുറിയുടെ ഒരു ചുവരിന്റെ പകുതി ഗ്ലാസാ, സായിപ്പും മദാമ്മേം ഒന്നിച്ചെങ്ങനെ ഇതില്‍ കിടക്കും?. കര്ട്ടന് മൊത്തം വലിച്ചിട്ടു. റൂം ഹീറ്റര്‍ ഉണ്ട് അതില്‍ പിടിച്ച് തിരിച്ച് കേടാക്കാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല. സായിപ്പിനു ബുദ്ധിയുണ്ട്. വാതിലിനു തൊട്ട് ഒരു കൊച്ച് മുറി പോലെ ഒരു അലമാര അതില്‍ അയണിംഗ് ടേബിള്‍. എവിടെയോ തൊട്ടപ്പോള്‍ അതുരുണ്ട് താഴെ വന്നു. തിരിച്ച് കയറ്റാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തി ഒരു രക്ഷേമില്ല. വല്ലവരേം സഹായത്തിന് വിളിക്കാനും പറ്റൂല. അയണിംഗ് ടേബിള്‍ തിരിച്ച് കയറ്റിയാലേ വാതില്‍ തുറക്കാന്‍ പറ്റൂ. പണ്ടെങ്ങാണ്ട് ഒരു സ്റ്റെപ്പ് ലാഡറിന്റെ കഥ പഠിച്ചിട്ടുണ്ട് ഒരേ സമയം അയണിംഗ് ടേബിളും ഗോവണിയും വേറേ എന്തോ ഒരു സാധനവും കൂടി ആയി ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടിപര്‍പ്പസ് സാധനം. അതെവിടെയൊക്കെയോ തൊട്ടാല്‍ ഒരുപകരണത്തില്‍ നിന്നു മറ്റൊന്നാവും. അയണിംഗ് ടേബിളിന്റെ എല്ലാ ഭാഗവും തൊട്ടു. ഒരു രക്ഷേമില്ല. അവസാനം ദേഷ്യത്തില്‍ അതിന്റെ കാലിനിട്ടൊരു ചവിട്ട്! ദേ അത് പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. സ്വസ്ഥം. പ്രൊജക്റ്റ് ലീഡിനു അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല എന്നും പറഞ്ഞ് ഒരു ഇമെയിലും അയച്ച് കിടക്കയിലേക്ക് ചെരിഞ്ഞു.
ക്ര്ണീം ക്ര്ണീം. ഫോണടിക്കുന്നു. രാത്രി രണ്ട് മണി കഴിഞ്ഞുകാണും. എന്നെ! ഇവിടെ! ആര്! ക്രെഡിറ്റ് കാര്‍ഡ്കാരോ, ബാങ്ക് ലോണ്‍കാരോ മൊബൈല്‍ ഫോണ്‍കാരോ ചാരന്മാരെ വിട്ടിരുന്നോ പിന്നാലെ? ക്ഷീണം കാരണം കണ്ണേ തുറക്കുന്നില്ല. തപ്പിത്തടഞ്ഞ് ഫോണെടുത്തു. ഇന്ത്യേന്ന്! അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ കാരന്. അവന്റെ പത്ത് തലമുറയെ മനസ്സില്‍ തെറിപറഞ്ഞു. സംഭവം ശരിയാക്കിയിട്ടുണ്ട് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ %@@&^%%&%#&*&$*%&^%&. അവനെ ഒരുവിധം പല്ലും കടിച്ച് സമാധാനിപ്പിച്ച് വീണ്ടും കിടന്നു. അടുത്ത ഫോണ്‍ പ്രൊജക്സ്റ്റ് ലീഡിന്റെ വക സംഭവം ശരിയാക്കിയിട്ടുണ്ട് ഒന്നും പേടിക്കണ്ടാന്ന്. ലീഡായിപ്പോയി. സന്തോഷം ഇനി ഞാന്‍ ഉറങ്ങട്ടെ. ദേ അടുത്ത ഫോണ്‍ എച്ച് ആര് മാനേജരുടെ വഹ എല്ലാം ശരിയാക്കിയിട്ടുണ്ട് അവരു വിളിച്ചില്ലേ എന്ന്. വന്ന് ഒന്നാം ദിവസം തന്നെ ഫോണ്‍ എടുത്തെറിഞ്ഞ് കേടാക്കി എന്ന് സല്പേര് വാങ്ങിക്കാന്‍ ആഗ്രഹമില്ലാത്ത കാരണം റിസീവറെടുത്ത് ദൂരെ മാറ്റിവച്ച് ഉറങ്ങാന്‍ തുടങ്ങി. അടുത്ത ഫോണ്‍!, രണ്ട് ഫോണുള്ള കാര്യം ഓര്‍ത്തില്ല!, അതു കുറച്ചകലെയാണ് ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ചെന്ന് എടുത്തു. വീണ്ടും ലീഡ്. എല്ലാം ശരിയാക്കിയെന്ന് കസ്റ്റമര്‍ കെയര്‍ അങ്ങേരെ വിളിച്ചു പറഞ്ഞത് അറിയിക്കാന്‍ വിളിച്ചതാണ്. വരാനുള്ളത് അമേരിക്കേലു ഫ്ലൈറ്റ് പിടിച്ചാണേലും വരും.
നാട്ടിലെ പരപരാന്ന് വെളുക്കുന്ന സമയത്ത് അമേരിക്കയില്‍ ഇത്തിരി നേരത്തേ ചറപറാന്ന് വെളുത്തു. പെട്ടന്ന് റെഡിയായി. പ്രാതല്‍ ഹോട്ടലീന്ന് ഫ്രീ ആണ്. അണ്ണാന് കുഞ്ഞിനെ മരംകേറ്റവും, ഓസ് ശാപ്പാട് തിന്നാന്‍ മലയാളിയേയും ആരെങ്കിലും പഠിപ്പിക്കണോ. ഡൈനിംഗ് ഹാളില്‍ അവിടവിടെ ചില കിളവന് സായിപ്പന്മാരും മദാമ്മമാരും അതും ഇതും കൊറിച്ചോണ്ട് കത്തിയടിക്കുന്നു. എന്തു തിന്നണം എവിടെ തുടങ്ങണം, ഏതോക്കെ വെജ് നോണ്‍വെജ് ഒന്നും പിടിയില്ല. കുറച്ച് ബ്രഡ് കഷ്ണങ്ങളും ജാമും കണ്ടു. ബാക്കിയൊന്നും ഒരു പിടീമില്ല. ചിലരു ഒരു തരം മാവ് മെഷീനില്‍ കോരിയൊഴിച്ച് വേഫര്‍ ആക്കി തിന്നുന്നു. എന്തായാലും ഒന്ന് കണ്ട് പരിചയിച്ചിട്ടു മതി. ഹയ്യടാ ദേ കിടക്കുന്നു ഓംലെറ്റ് മുറിച്ചിട്ട പോലെ ഒരു സാധനം, എന്തായാലും മുട്ടയാണ് പേരെന്തോ ഫ്രഞ്ചാണ് അടുത്ത് തന്നെ സോസ് പോലെ ഒരു സാധനോം റ്റൊമാറ്റോ എന്നെഴുതിയിട്ടുണ്ട്. രണ്ടും പ്ലേറ്റ് നിറയെ കോരിയെടുത്തു. പാല് തന്നെ മൂന്ന് വിധം നോര്‍മല്‍, ലോ ഫാറ്റ് , ഫാറ്റേയില്ലാത്തത്. മൂന്നും ടെസ്റ്റ് ചെയ്തു ആദ്യത്തേത് പാലിന്റെ ഇത്തിരി ചൊവേം മണോം ഒക്കെയുണ്ട്. രണ്ടാമത്തേത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുസ്പൂണ്‍ പാല് ചേര്‍ത്തതാവാം, മൂന്നാമത്തേതിനു ആ നേരിയ വെള്ളനിറം എങ്ങനെ കിട്ടി എന്നത് കണിയാന് വന്ന് ഗണിച്ചാല്‍ പോലും പറയാന്‍ പറ്റൂല. റ്റൊമാറ്റോ സോസ് ഫ്രിഡ്ജീന്ന് തക്കാളിയെടുത്ത് ചുമ്മാ മുറിച്ചിട്ടതാണെന്ന് തോന്നുന്നു. മുട്ടയ്ക്കിത്തിരി ചൂടുള്ളതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.
ഒരു ഇന്ത്യക്കാരി പെണ്‍കൊച്ച്! അവളു ഏതാണ്ട് മിക്സ്ചറു മാതിരിയുള്ള കുറേ സാധനം ഒരു ടാപ്പ് തിരിച്ച് എടുക്കുന്നു അതില്‍ പാലൊഴിക്കുന്നു സ്പൂണ്‍ വച്ച് കഴിക്കുന്നു.. ഓഹോ അപ്പോള്‍ അതങ്ങനെയാണ് കഴിക്കേണ്ടത്. പിന്നെ ബാക്കിയുള്ളത് പഴങ്ങളും ജ്യൂസും മാത്രം അതിപ്പോള്‍ ഓറഞ്ച് മാത്രേ കുടിക്കാന്‍ പറ്റുന്ന ജ്യൂസ് ഉള്ളൂ. അതിനിത്തിരി കൈപ്പാണെങ്കിലും കഴിക്കാം. പിന്നെ പഴങ്ങളും കൂടി തിന്നാന്‍ സ്ഥലമില്ല. ആരോ ഒരു ഓറഞ്ചെടുത്ത് റൂമിലേക്ക് കഴിക്കാന്‍ പോകുന്നത് കണ്ടു. പരിണിതഫലം - രണ്ടാഴ്ച കഴിഞ്ഞ് ചാത്തന് നാട്ടിലേക്ക് തിരിച്ച് വിട്ടപ്പോള്‍ ഫ്രിഡ്ജിലിരുന്ന് ചീഞ്ഞ ഓറഞ്ചുകളും ആപ്പിളുകളും ക്ലീന്‍ ചെയ്യാന്‍ വന്നവന് ഒരു മിനി ലോറി വിളിച്ചുകാണും. കഴിച്ചില്ലെങ്കിലും മുടിപ്പിക്കാതെ വരാന്‍ പറ്റുമോ?
പെണ്‍കൊച്ച് ചാത്തനെ കണ്ടിട്ടും വല്യ മൈന്‍ഡില്ല. മലയാളിയല്ല, തല കണ്ടാലറിയാം എണ്ണ കാറോടിക്കാനും ചിക്കന്‍ പൊരിക്കാനുമുള്ളതാണെന്ന്. ചാത്തനും മൈന്‍ഡ് ചെയ്തില്ല. അബദ്ധങ്ങള്‍ കൂടാതെ കഴിഞ്ഞ് കൂടാന്‍ പഠിച്ചിട്ട് സംസാരിക്കാം. ഭക്ഷണ ശേഷം ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ നിറച്ച പഴങ്ങളുമായി. തിരിച്ച് റൂമിലെത്തി. കാഴ്ച കാണിക്കാന്‍ വരാമെന്നേറ്റ ചൈനക്കാരനേം പ്രതീക്ഷിച്ചിരിപ്പായി.
ഓടോ: ഈ എഴുതിയതിലൊന്നുമില്ലേലും ഇതൊക്കെ മറക്കുന്ന കാലത്ത് സ്വന്തം വായിച്ച് ഓര്‍ക്കാലോന്ന് വച്ച് എഴുതിയതാ. തൊട്ട് മുകളിലുള്ള പാരഗ്രാഫിലെ ചൈനക്കാരനെ പറ്റി ഒരു വാക്ക്. അമേരിക്കയില്‍ ഒരു യൂസ് ആന്റ് ത്രോ സംസ്കാരം ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇങ്ങോരത് പ്രാവര്‍ത്തികമാക്കുന്നത് നേരില്‍ കണ്ടു. രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്) എല്ലാദിവസവും ഒരേ ഷര്‍ട്ട് ഒരേ പാന്റ്!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന് ഉപയോഗിക്കുമെന്നാ തോന്നുന്നത്!!!.
സൃഷ്ടിപുരാണം
4 years ago