ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ് നടക്കുന്നതെന്നുകൊണ്ട് പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ ചാത്തനു താത്പര്യമില്ല. ഒരുപാട് കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..
ആര്‍ത്തിക്കഥകള്‍ പഴയ കഥകള്‍ സൈഡ് ബാറില്‍, ചണ്ഡീഗഡ് യാത്ര സീരീസ് ഇവിടെ
ചാത്തനും ഒരു കൂട്ടുകാരനും ചണ്ഡീഗഡില്‍ എത്തീട്ട് കുറച്ചായി. ഓഫീസിലെ മറ്റു സഹപ്രവര്‍ത്തകരിലെ ചിലര്‍ അവിടുത്തെ മലയാളി സമാജം നടത്തിയ ഓണാഘോഷത്തില്‍ പാട്ടൊക്കെ പാടി താരങ്ങളായതാ. അതോണ്ട് സമാജം നടത്തുന്ന അയ്യപ്പന്റെ അമ്പലത്തില്‍ ഉത്സവമുണ്ട് എല്ലാരും തീര്‍ച്ചയായും വരണം എന്ന് ക്ഷണം കിട്ടി.
ഒരു മോഡേണ്‍ അമ്പലത്തിലെ മോസ്റ്റ് മോഡേണ്‍ ഉത്സവത്തിനു പോകാന്‍ ചാത്തനു വല്യ താല്പര്യമൊന്നുമില്ലായിരുന്നു.എല്ലാവരും പോകാന്‍ റെഡിയായി.തിരിച്ചു വരുമ്പോള്‍ രാത്രിയാവും ഭക്ഷണോം വരുന്ന വഴി കഴിച്ചേ വരൂ. അതു കൂടി കേട്ടപ്പോള്‍ വെറുതേ ഒറ്റക്കിരുന്ന്, ഫ്ലാറ്റ് ഭേദനം നടത്താനുദ്ദേശിച്ച ഏതോ ഒരു സര്‍ദാര്‍ജീടെ എകെ 47 ന്റെ ഒരു ഉണ്ട വെറുതേ കളയണോ എന്ന് ധീരവീരശൂരപരാക്രമിക്കൊരു ശങ്കയുദിച്ചു.
ഒന്ന് നില്ക്ക് ഞാനും വരുന്നുണ്ട്.
അങ്ങനെ ആറ് ചെത്ത് കുട്ടപ്പന്മാര് 5 മണിയാവുമ്പോഴേക്ക് കറങ്ങിത്തിരിഞ്ഞ് അയ്യപ്പന് കോവിലില്‍ എത്തി. മൊത്തം മലയാളികള്‍, അതും മുണ്ടിന്റെം കസവു സാരിടെം ഒരു ബഹളം. കളറുകുപ്പായം ഇട്ട് വന്നവര്‍ ഞങ്ങളും കൊച്ച് പിള്ളേരും മാത്രം. അല്ലാ വേണമെന്ന് വച്ചാലും മുണ്ട് എവിടിരുന്നിട്ടാ??
അമ്പലത്തിന്റെ ഒരു വിഹഗവീക്ഷണം നടത്തി. ഒരു നല്ല മുല്ലപ്പൂചൂടിയ മലയാളിപ്പെണ്‍കൊടീല്‍ കണ്ണുടക്കി. "ആദ്യമായി കണ്ട നാള്" എന്ന പാട്ട് പാടി നോക്കിയാലോ, വേണ്ടാ മനസ്സില്‍ പോലും പാടുന്നത് അവളെങ്ങാന്‍ കേട്ടാല്‍ അവളു പാടുന്നത് "ഒരു ചാത്തനെ വഴിയില്‍ മുട്ടും കണ്ടാലുടനെ തട്ടും" എന്നായിരിക്കും. അവളെങ്ങാന്‍ "ആരാദ്യം പറയും" എന്നോ മറ്റൊ പാടുന്നുണ്ടോന്ന് നോക്കിയിരിക്കാം. അവളൊന്ന് ചിരിച്ചത് സൈഡില്‍ നിന്ന കൂട്ടുകാരനോടാണോ? ,അല്ലാതാവാന്‍ വഴിയൊന്നുമില്ല. അവനെക്കണ്ടാല്‍ ആരുമൊന്നു ചിരിക്കും, ഗ്ലാമറുള്ള കൂട്ടുകാരുണ്ടായാല്‍ അതും തലവേദന തന്നെ. ദേ വരുന്നു കൂട്ടത്തില്‍ പ്രായം കുറഞ്ഞ ചാത്തനും കൂട്ടുകാരനും ബാക്കിയുള്ളവരുടെ വഹ ഫ്രീ ആയി ഒരു ഉപദേശം, നാട്ടിലെ പോലെ വായിനോക്കി നടന്നേക്കരുത്. ഇവിടെ എല്ലാവര്ക്കും അന്യോന്യം അറിയാം.നിര്‍ത്തി, അല്ലേലും പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം.
പൂജാരി പൂജ തുടങ്ങി.എല്ലാവരും കണ്ണുമടച്ച് പ്രാര്‍ത്ഥനയും. ഒരു കണ്ണടച്ചാലും പ്രാര്‍ത്ഥിക്കാന്‍ വളരെ എളുപ്പാ. എന്നാലും ആള് അയ്യപ്പനല്ലേ എന്തിനാ പരീക്ഷിക്കുന്നത്. പൂജ കഴിഞ്ഞു, പ്രസാദവിതരണവും.പ്രസാദം അധികം കഴിക്കുന്നത് നന്നല്ല. പിള്ളേരുടെ ഇടയിലൂടെയാണെങ്കിലും നാലാമത്തെ തവണ വാങ്ങുന്നത് പൂജാരിക്ക് മനസ്സിലായാല്‍ ഒരു ചമ്മലല്ലേ.
അയ്യപ്പന്റെ പടം ആനയ്ക്ക് പകരം സ്വന്തം കുടവയര്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പൂജാരി മൂന്ന് പ്രദക്ഷിണം കൂടി നടത്തി. സൂര്യന് റ്റാറ്റാ പറഞ്ഞ് പിരിഞ്ഞ് പോയി. കുറച്ച് മത്താപ്പ്, പടക്കം, ചിന്ന വെടിക്കെട്ട്, അതുംകൂടെ കഴിഞ്ഞപ്പോള്‍ സമയം വൈകി, ഓടിച്ചാടി നടന്ന് പ്രസാദം മുഴുവനും ദഹിച്ചു. വിശപ്പിന്റെ വിളി വീണ്ടും തുടങ്ങി അടുത്തെങ്ങും ഒരു ഹോട്ടലോ തട്ട് കട പോലെ വല്ല സാധനോ ഇല്ല.
സ്വന്തായിട്ട് ബൈക്ക് ഓടിക്കാന്‍ അറിയുമായിരുന്നെങ്കില്‍ എവിടെങ്കിലും പോയി വല്ലോം കഴിച്ചിട്ടു വരായിരുന്നു. ചില കല്യാണസ്ഥലങ്ങളില്‍ കൊച്ച് പിള്ളേര് അച്ഛാപോവ്വാ അമ്മാ പോവ്വാ ന്ന് പറേണ മാതിരി, കൂടെ വന്ന ഓരോരുത്തന്റെം അടുത്ത് പോയി ചാത്തന് തോണ്ടല് തുടങ്ങി. ഒരുത്തന് തിരിഞ്ഞ് നോക്കണല്ലോ. അവര്‍ക്കൊക്കെ പരിചയക്കാരുണ്ട്, ഓണാഘോഷത്തിന്റന്ന് പരിചയപ്പെട്ടത്.
അബദ്ധവശാല്‍ ചാത്തന് പോവാന്ന് പറഞ്ഞത് വേറാരോ കേട്ടു.
അല്ലാ ഇനിയിപ്പോ ഊണു കഴിക്കാതാണാ പോവണത്? അല്പ സമയം കൂടി നില്‍ക്കെന്നേ അന്നദാനം ഉണ്ട്. തനി കേരളാ സ്റ്റൈല്‍ ഊണ്.
പായസോം കാണ്വോ?
ഒരു കള്ളച്ചിരിയോടെ അദ്ദേഹം പറഞ്ഞു കാണും കാണും..
ചാത്തന് ഒരു പതിനാറ് നില ഫ്ലാറ്റായി രൂപാന്തരം പ്രാപിച്ചു.
വിശപ്പൊക്കെ എവിടെയോ പോയി മറഞ്ഞു. ഏയ് ചാത്തനറിയാം ഒളിച്ചിരിക്കേണ്ട, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനല്ലേ ഈ ഒളിച്ചു കളി.
അമ്പലത്തിന്റെ സൈഡില്‍ പകുതി ഉപയോഗിച്ച് മാറ്റിവച്ചിരുന്ന അരക്കുപ്പി എണ്ണ എടുത്ത് കണ്ണിലൊഴിച്ചു. ഉറക്കം വരരുതല്ലോ. ആളുകള്‍ അധികമൊന്നുമില്ലാ ഒരു പന്തലിട്ടിട്ടുണ്ട് നാലു നിര ബഞ്ചും ഡസ്കും. മൂന്ന് പന്തിക്കുള്ള ആളു കാണും. കല്യാണച്ചെക്കന്റെ സൈഡായാലും പെണ്ണിന്റെ സൈഡായാലും ഒന്നാം പന്തിക്ക് തന്നെ ഇരിക്കണം എന്നുള്ളത് ഒരു വാശിയാ.
പന്തലിന്റെ മൂന്ന് ചുറ്റും തുണികൊണ്ട് മറച്ചിട്ടുണ്ട്. ഒരു ചെറിയ പ്രവേശനകവാടം മാത്രം. എന്തായാലും നാട്ടിലെ പോലെ തിരക്കൊന്നും കാണില്ല എല്ലാവരും മാന്യന്മാര് അല്ലേ പതുക്കെ തിരക്കൊന്നും കൂട്ടാതെ കയറിക്കോളുമായിരിക്കും.
നിമിഷങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു, വടിയെടുത്ത് ഒന്ന് പൊട്ടിച്ചാല്‍ ഓടിക്കോളുവോ?
ഊണ് റെഡി എന്ന് ആരെങ്കിലും പറഞ്ഞതു പോലെ തോന്നിയാ.
അയ്യോ തോന്നലല്ലാ പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും കൊച്ച് കവാടത്തില്‍ തിക്കിത്തിരക്കുന്നു. പടച്ചോനെ നടുക്കടലിലായാലും ഹിമാലയത്തിന്റെ മോളിലായാലും മലയാളി മലയാളി തന്നെ.
ഒരു സൂചി കിട്ടിയിരുന്നെങ്കില്‍ ഇടയുണ്ടോന്ന് ഒന്ന് കുത്തി നോക്കാരുന്നു. ഒരു അപ്പൂപ്പന് വല്ലോരും പറിച്ചെടുത്തോണ്ടിരിക്കുന്ന മുണ്ടില്‍ ഒരു വസ്ത്രാക്ഷേപം സ്റ്റൈലില്‍ തിരിച്ച് പിടിച്ച് വലിക്കുന്നു. നമ്മളു പാന്റാണെങ്കിലും ഇനി ഒരു പരീക്ഷണം വയ്യ കൂട്ടുകാരും അന്തം വിട്ട് നോക്കി നില്ക്കുകയാ. എവന്മാരെന്താ തിരക്ക് ആദ്യായിട്ടാ കാണുന്നേ?
ഒളിച്ചിരുന്ന മഹാന് പുറത്തു വന്നു, അടുത്ത പന്തിക്കിരുന്നില്ലേല്‍ ശരിയാവില്ല. ഇല്ലെങ്കില്‍ കല്ല് മിക്സ് ചെയ്ത ചോറും പായസത്തിന്റെ തവിയുമെ കിട്ടൂന്നാ തോന്നുന്നേ. അടുത്ത യുദ്ധത്തിനു വേണ്ടി കൊച്ചമ്മമാരും കൊച്ചുങ്ങളും വല്യപ്പന്മാരും മുണ്ട് മാടിക്കെട്ടിയും സാരി ഊരയ്ക്ക് എടുത്ത് കുത്തിയും തയ്യാറാകുന്നത് കണ്ട ചാത്തന്റെ നെഞ്ഞിടിപ്പ് വര്‍ദ്ധിച്ചു. ഈ വിശപ്പും കടിച്ച് പിടിച്ച് ഒരു യുദ്ധത്തിനുള്ള ബാല്യം ഇനിയുണ്ടോ? അടുത്താ ആകെയുള്ള എല്ല് പൊടിയാവും എന്നുറപ്പാ, ഇവരൊക്കെ വര്‍ഷങ്ങളായി ഇവിടെ എക്സ്പീരിയന്‍സ് ഉള്ളവരാകും താഴെയുള്ള ഓരോ മണല്‍ത്തരികളെയും പരിചയമുള്ളവര്‍. വേറേ വഴി വല്ലതും???
ഒന്ന് ചുറ്റി നടന്നു. പന്തലിനു ഒരു വിള്ളല്‍!!! വിള്ളലായിട്ടൊന്നുമില്ലാ ആ ഭാഗത്ത് പന്തല്‍ ഇത്തിരി ലൂസാ. ചാരന് എല്ലാവരേം വിവരമറിയിച്ചു.ആറുപേരുടെ സംഘം ഇരുളിന്റെ മറവില്‍ പന്തലിന്റെ ആ ഭാഗത്തേക്ക് നീങ്ങി.
ഒന്നാം പന്തി കഴിഞ്ഞ് ആളെ ഇറക്കി, വൃത്തിയാക്കി, ഇലയിട്ടു, കവാടം തുറന്നു ജനസമുദ്രം വീണ്ടും ആര്‍ത്തലച്ചു. ആളോള് കടന്നു തുടങ്ങിയതും മറുഭാഗത്തെ തുണി പൊക്കി ആറ് അല്ല ഏഴ് അല്ലല്ല എട്ട്.... അയ്യോ ആ ഭാഗത്തെ തുണിയേ കാണാനില്ല. ഈ മലയാളികളുടെ ഒരു കാര്യേ..എന്തായാലും ആദ്യം ചാടിവീണതു കൊണ്ട് ഒരു ഇലകിട്ടി.
സ്ഥിരം വിളമ്പക്കാരൊന്നുമല്ലാത്തതു കൊണ്ട് ചോറു വിളമ്പലൊക്കെ പതുക്കെയാ. ആളോളെ നോക്കീം കണ്ടും ചിരിച്ചുമൊക്കെയാ വിളമ്പല്‍. ചാത്തന്റെ സൈസു നോക്കി ഇത്തിരീശെ ചോറും വിളമ്പി അടുത്ത ഇലയിലേക്ക് കടന്ന ആളെക്കൊണ്ടു ചാത്തന് പിന്നേം വിളമ്പിച്ചു പിന്നല്ലാതെ.
ജോലികിട്ടിയശേഷം കേരളത്തിലായിരുന്നിട്ടു പോലും അധികം സദ്യ കഴിക്കാനവസരം കിട്ടാത്തതാ, ഒന്നാന്തരം എ ക്ലാസ് സദ്യ.. രണ്ടാം തവണയും ചോറിട്ടത് ഒരേ ചേട്ടന്, ചാത്തനെ ഇരുത്തിയൊന്ന് നോക്കി. കൊക്കെത്ര കുളം കണ്ടതാ. ഛായ്. ഇല വീണ്ടും കാലിയായി. പായസമില്ലേ?
ദേ പിന്നേം അതേ ചേട്ടന് പായസവുമായി വരുന്നു. ഹോ ഇത്തവണ എന്തായാലും ചേട്ടന് പറയാതെ തന്നെ ഗൗനിച്ചോളും സന്തോഷം ചാത്തന്റെ മുഖത്തൊരു പുഞ്ചിരിയായി.
ഹെന്ത് വെറും രണ്ട് തവി പായസമോ ബാക്കി എല്ലാവര്ക്കും ഒന്നേ കൊടുത്തുള്ളൂ എന്നതൊന്നും ചാത്തന് കാണുന്നില്ലാ.
ചേട്ടാ ഇത്തിരി പായസം കൂടെ....
ചേട്ടന് തിരിഞ്ഞു നിന്നു. പിന്നെക്കേട്ടത് വെള്ളിടിയായിരുന്നു.
.
.
.
.
.
മോനേ ഇത് സദ്യയൊന്നുമല്ല അന്നദാനാ അന്നദാനം.
.
.
.
.
.
--(ട്രാന്സ്ലേഷന്- മോനേ ഇങ്ങനെ വെട്ടി വിഴുങ്ങാതെ തരുന്നതും തിന്നേച്ച് എണീച്ചു പോടാ)
കൂടെ ഇരുന്ന സഹപ്രവര്‍ത്തകരെ തിരിഞ്ഞു നോക്കി ഒരു സപ്പോര്‍ട്ടിന്. ഇവനെ ഞാന്‍ കണ്ടത് കഴിഞ്ഞ ആലുവാ ശിവരാത്രിക്കോ തൃശൂര്‍ പൂരത്തിനോ എന്ന് സംശയിച്ചോണ്ടിരിക്കുന്ന അഞ്ച് മുഖങ്ങള്‍..!!!!!!!!!!!
മുന്നോട്ട് നോക്കി. അമര്‍ത്തിപ്പിടിച്ച ചിരികള്‍, ഒരുത്തി കഴിച്ചത് ചിരിച്ച് തലേല് കയറീട്ട്, ഒരു കൈകൊണ്ട് സ്വന്തം വാ പൊത്തി, തലേല് കയറിയവളുടെ തലയ്ക്കടിക്കുന്ന മുല്ലപ്പൂ പെണ്‍കൊടി.
ദൈവമേ!!! മനസ്സില്‍ ഒന്ന് അറിഞ്ഞ് വിളിച്ചോണ്ട് താഴോട്ട് നോക്കി.
ഭൂമീലു വല്ല വിള്ളലും ഉണ്ടായിവരുന്നുണ്ടോ?...
പണ്ട് സീതയെ ഭൂമീദേവി രക്ഷിച്ചപോലെ ഭൂമി പിളര്‍ന്ന് അങ്ങ് താഴോട്ട് പോയിരുന്നെങ്കില്‍!!
എബടെ!!!
അമ്പലം അയ്യപ്പന്റെയല്ലേ, അയ്യപ്പനു ഭൂമി പിളര്‍ക്കണ ജെസിബിയൊന്നും സ്വന്തായിട്ടില്ലാന്ന് തോന്നണു. ഇല്ലേല് ചാത്തനെ ഒന്ന് സഹായിച്ചേനേ, അത്രയ്ക്ക് ആത്മാര്‍ത്ഥമായ വിളിയല്ലായിരുന്നോ...........
വാല്‍ക്കഷ്ണം:
ഇരട്ടക്ക്ലൈമാക്സ്: വായനക്കാര്‍ക്ക് ഇഷ്ടമുള്ള ക്ലൈമാക്സ് തെരഞ്ഞെടുക്കാം.
ചേട്ടാ നിങ്ങളു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കഴിയുന്നവര്‍, നിങ്ങള്‍ക്കെപ്പോ വേണേലും എന്തും സ്വാദോടെ ഉണ്ടാക്കിക്കഴിക്കാം. ഞങ്ങളു പാവം തനിച്ച് കഴിയുന്നവര്‍ പായസം വെച്ചാല്‍ നൂഡില്‍സും നൂഡില്‍സുവച്ചാല്‍ പായസവും ആകും ഇങ്ങനെയൊക്കെയല്ലേ കഴിക്കാന്‍ പറ്റൂ...
ഒരു കൂട്ടച്ചിരിയില്‍ കഴുകിക്കളയുന്ന ചമ്മലും എക്സ്ട്രാ രണ്ട് തവി പായസോം മുല്ലപ്പൂവിന്റെ വഹ തമാശക്കാരനു ഒരു നിറഞ്ഞ പുഞ്ചിരിയും...
സൃഷ്ടിപുരാണം
4 years ago