തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്
വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ഒരു മുപ്പത്തഞ്ചു വയസ്സ് വരുന്ന ചെറുപ്പക്കാരന് ഞങ്ങളെ നോക്കിച്ചിരിച്ചു.
" കഴിഞ്ഞ തവണ ഇതേ ട്രെയിനില്‍ പോയപ്പോള്‍ ഏറണാകുളം വരെ ഈ ബോഗീത്തന്നെ കുറച്ചു പേരെ കണ്ടുള്ളൂ. അതാ പുസ്തകമെടുത്തത്. ഇനിപ്പോ മിണ്ടാനും പറയാനും ആളായല്ലോ. നിങ്ങളെവിടേക്കാ?"
ആദ്യമായിക്കാണുന്നവരോട് ഇത്രേം വലിയ വാചകത്തില്‍ തുടങ്ങിയ ആളെ ചാത്തനെന്തോ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷേ ദീര്‍ഘദൂരയാത്രയിലൊക്കെ ഇങ്ങനെയായിരിക്കും. കൂട്ടുകാരന് ഞങ്ങളുടെ വിവരണം തുടങ്ങിയപ്പോള്‍, ഏച്ചു കെട്ടിയ ഒരു ചിരിയില്‍ ചാത്തന് മറുപടിയൊതുക്കി.
പേരു പറഞ്ഞശേഷം ജനാലയിലേയ്ക്ക് മുഖം തിരിച്ച ചാത്തന്റെ അവഗണന അയാളും കണ്ടില്ലാന്നു നടിച്ചു. ഐടി രംഗത്തെ ജോലിയുടെ വിഷമങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങി പെട്ടന്ന് തന്നെ വഴി മാറി അയാളുടെ ചരിത്രോം ഭൂമിശാസ്ത്രോം കരഞ്ഞു തുടങ്ങിയപ്പോള്‍ മുഖം തിരിച്ചിരുന്നിട്ടും ചാത്തനത് അരോചകമായിത്തോന്നി.ആള് ഡെല്‍ഹിവരെയൊന്നുമില്ലാ തമിഴ് നാട്ടിലെവിടെയോ ആണിറങ്ങുന്നത്. ഭാഗ്യം.
ആ കാബിനില്‍ ആകെ ഞങ്ങള്‍ മൂന്ന് പേര് മാത്രം. ഇനി ബാക്കി കയറാനുള്ളത് ഏറണാകുളത്തൂന്നാണെന്ന് ഇടയ്ക്ക് വന്ന ടി ടി ആര് പറഞ്ഞിട്ടു പോയി.ടി ടി ആര് വന്നപ്പോള്‍ ഒരു ബ്രേക്കടിച്ചെങ്കിലും പിന്നേം അങ്ങേരുടെ അന്നനാളത്തീന്ന് വാക്കുകള്‍ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിച്ചു. ഒന്നാമത് നാട്ടീന്ന് വിട്ടുപോകുന്ന ദുഃഖം ഒരു വശത്ത് അണപൊട്ടാന്‍ നില്ക്കുന്നു. മറ്റേവശത്ത് ഈ ചെകുത്താന്റെ വചനങ്ങളും. മറ്റാരെങ്കിലും വരുന്ന വരെ ഈ കത്തി മുഴുവന്‍ ഞങ്ങളു തന്നേ സഹിക്കേണ്ടിവരുമല്ലോ!!
പട്ടാളക്കത്തി കേട്ട് തഴമ്പിച്ച ചെവികളായതോണ്ടാവാം കൂട്ടുകാരന് ഇടക്ക് മൂളി സഹായിക്കുന്നുണ്ട്. ചാത്തന്റെ അസ്വസ്ഥത മിസ്റ്റര്‍ കത്തിയുടെ ആവേശം കൂട്ടി. സഹികെട്ടപ്പോള്‍ സണ്‍സ്ക്രീന്‍ ഒട്ടിച്ച ഗ്ലാസിലൂടെ(തേര്‍ഡ് എ.സി ആയിരുന്നു) പുറത്തേക്ക് നോക്കുന്നത് ഒരു രസവുമില്ലാന്നും ഒരല്പം ശുദ്ധവായു ശ്വസിച്ചിട്ടു വരാമെന്നും പറഞ്ഞ് ചാത്തന് അവിടെ നിന്നും സ്ക്രോള്‍ ചെയ്തു.
ഉച്ചയായതോണ്ടാവും ആരെയും പുറത്തു കാണാനില്ലാ. വാതില്‍പ്പടിയില്‍ മുറുകെപ്പിടിച്ച് കാറ്റും കൊണ്ട് നില്ക്കാന് നല്ല രസം. തോളില്‍ ഒരു സ്പര്‍ശം.
നീയാരുന്നോ എന്തേ ഇങ്ങോട്ട് പോന്നത്? കത്തി തീര്‍ന്നോ?
നീയെത്ര സമയായി പോന്നിട്ട്? അങ്ങോട്ട് വാ.
പിന്നേ എനിക്കയാളുടെ കത്തി കേള്‍ക്കാഞ്ഞിട്ടല്ലേ, നിനക്ക് വേണേല്‍ പോയി കേള്‍ക്കെടാ. എനിക്ക് വയ്യ അതു സഹിക്കാന്‍.
അതല്ല, നീ വാ..
എന്താ, ഇത്ര അത്യാവശ്യം?
അയാള്‍.. അയാള്‍..
അയാള്‍ക്കെന്താ?
അയാള്‍ ശരിയല്ലാ. നമ്മടെ പണി കളഞ്ഞ് കൂടെ ചെല്ലാന്‍ പറയുന്നു അയാള്‍ വേറെ പണി ശരിയാക്കിത്തരാന്ന്.
ഓ ഇത്രേ ഉള്ളോ അതു നമ്മളു ഇത്രേം ദൂരെ പോകുന്നതു കണ്ടു സങ്കടം തോന്നീട്ടാവും.
അതല്ലാ, നീ ഇങ്ങു വന്നേപ്പിന്നെ അയാളുടെ നോട്ടോം സംസാരവും ഒന്നും ശരിയല്ലാന്ന് ഒരു തോന്നല്‍.
ചാത്തന് ഞെട്ടി!!! കാബിനിലിരിക്കുന്നത് നരഭോജിയോ, ചാന്തുപൊട്ടോ, കിഡ്നി മാഫിയക്കാരനോ ആരുമായിക്കൊള്ളട്ടെ, അതോര്‍ത്തല്ലാ ചാത്തന് ഞെട്ടിയത്!
അടുത്ത കാബിനിലൊക്കെ ആളുകളിരിക്കുമ്പോള്‍ ആള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാവില്ലാ എന്ന സാമാന്യബോധം കൊണ്ടുള്ള ഒരു മിനിമം ധൈര്യമെങ്കിലും കൂട്ടുകാരനു വേണ്ടേ!!!!
ചാത്തനു സ്വതേ ധൈര്യം കുറവാണ്, ഇന്ത്യയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള യാത്രയില്‍ ഇന്ത്യ മൊത്തം കറങ്ങി നടന്ന, കുറേ ഭാഷകള്‍ അറിയുന്ന ഒരുത്തന് കൂടെയുണ്ടല്ലോ എന്നതായിരുന്നു ചാത്തന്റെ ധൈര്യം. ആ ധൈര്യത്തിന്റെ കടയ്ക്കലാണിവന്‍ മണ്ണെണ്ണയൊഴിച്ച് തീവച്ചിരിക്കുന്നത്.ചണ്ഡീഗഡ് ഹിമാലയത്തിനും അപ്പുറമാണെന്ന് തോന്നിച്ച നിമിഷങ്ങള്‍.
ശരി നിര്‍ത്തി. ഇനി ഇപ്പോ ഇവനെ നമ്പീട്ട് കാര്യമില്ലാ. പത്താം ക്ലാസുവരെ മുന്പിലെ ബഞ്ചിലിരുന്നിട്ടും, ക്ലാസിലെ പിന് ബെഞ്ചിലിരിക്കുന്ന തലമൂത്ത പിള്ളാരുടെ കയ്യീന്ന് വരെ തല്ലു വാങ്ങിയ കാര്യം മനസ്സിലോര്‍ത്തു. അണ്ണാറക്കണ്ണനും തന്നാലായത് എന്നത് ഓര്‍മ്മയുള്ള കാര്യം മുതല്ക്കേ കൊണ്ടു നടക്കുന്ന മുദ്രാവാക്യമാണ്.
നീ വാടാ അയ്യാളെന്താ ചേയ്യുകേന്ന് നോക്കാലോ.
ചാത്തന് മുന്നിലും എസ്കോര്‍ട്ട് പിന്നിലുമായി കാബിനിലേക്ക് നടന്നു.
എന്നാ കിടിലം സസ്പെന്‍സ്. ഇവിടെ നിര്‍ത്തിയേക്കട്ടെ? അതോ ഒരു തല്ലു കാണാനുള്ള ബൂലോഗരുടെ ആഗ്രഹം,ചാത്തനു തല്ലു കിട്ടുന്നതു വായിക്കാനുള്ള ശ്രീജിത്തിന്റെ ആഗ്രഹം ഇവയൊക്കെ മുന്‍ നിര്‍ത്തി പറഞ്ഞു തീര്‍ത്തേക്കാം അല്ലേ?
വീണ്ടും മുന്നില്‍ ചിരിക്കുന്ന മുഖം.
രൗദ്രം, ഭീകരം, ബീഭത്സം ഇതിലേതാ പകരം ചാത്തന്റെ മുഖത്തു വരുത്തേണ്ടേ? കഥകളി പഠിച്ചിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു. ശരി എല്ലാം കൂടി കൂട്ടിപ്പെരുക്കി ഒരു ഭാവമായിക്കളയാം.
ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ കൈയ്യുടെ ബട്ടണ്‍സഴിച്ചു. കൈ മുട്ടുവരെ തെറുത്ത് കയറ്റി. വാച്ച് ഊരാന്‍ നോക്കിയപ്പോഴാണ് അത് കെട്ടിയില്ലാന്ന് ഓര്‍മ്മവന്നത്.ബെല്‍റ്റൂരി വലത്തേ കൈപ്പത്തിയില്‍ ചുറ്റി. ഇത്രേം ആയപ്പോള്‍ പ്രതി വിരണ്ടെന്നാ തോന്നണേ. മുഖം, തിരിച്ച് പുസ്തകത്തിലേക്ക് താഴ്ത്തി.
കൂട്ടുകാരനും വിരണ്ടു നില്‍ക്കുകയാണ്. തന്റെ വാക്ക് കേട്ട് ഇവന് ഇവിടെ ചോരപ്പുഴയെങ്ങാന്‍ ഒഴുക്കുമോ? വിശ്വസിച്ചൂടാ ഇത്തിരിയേ ഉള്ളുവെങ്കിലും ബോംബും വാളും കളിപ്പാട്ടത്തിനൊപ്പം കൊണ്ടു നടക്കുന്ന നാട്ടുകാരനാ.
മതി ബാക്കി പിന്നെ....
(തുടരും)
വാല്‍ക്കഷ്ണം:
നിനച്ചിരിക്കാതെ കഥാഗതിയില്‍ മാറ്റത്തിനിടയാക്കിയ കമന്റുകള്‍ക്ക് നന്ദി. കൈതമുള്ളേ ഇതാ ആ കമന്റിനുള്ള മറുപടി. അടുത്ത ലക്കത്തില്‍ കഥ വീണ്ടും ചാത്തന് ഉദ്ദേശിച്ചിരുന്ന ട്രാക്കിലേക്ക് മാറ്റി ഓടിക്കും. ഇനി ഈ സസ്പെന്‍സും പൊളിക്കാന്‍ ശ്രമിച്ച് പിന്നേം ചാത്തന്റെ ട്രാക്ക് തെറ്റിക്കുമോ? ഇതിലിപ്പോ എന്താ സസ്പെന്‍സ് അല്ലേ ഒന്നുകില്‍ തല്ലു "വാങ്ങും" അല്ലെങ്കില്‍ തല്ല് "കൊള്ളും" അത്രയല്ലേ ഉള്ളൂ???
സൃഷ്ടിപുരാണം
4 years ago