ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ് നടക്കുന്നതെന്നുകൊണ്ട് പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്പര്യമില്ല. ഒരുപാട് കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ.
ഉത്തരേന്ത്യയില്‍ കുറച്ച് കാലമെങ്കിലും ജീവിച്ചിട്ടുള്ളവര്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്' എന്ന പത്രത്തെപ്പറ്റി കണ്ടും കേട്ടും കാണും. ഒന്ന് വിഗ്രഹിച്ചാല്‍ നമ്മുടെ മനോരമയുടെ വകയിലൊരു വല്യമ്മാവനായി വരും. ആദ്യ താളില്‍ പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകള്‍, ബാക്കി താളുകളില്‍ പൊടിപ്പും തൊങ്ങലും പരസ്യവും മാത്രം.
അത്ഭുതം അത്ഭുതം ആദ്യമായി ഒരു വാര്‍ത്താ ശകലം ഉള്‍താളില്‍ നിന്നും ചാത്തന് കണ്ടുപിടിച്ചിരിക്കുന്നു.
"പോയി ഒരു ലോട്ടറി എടുക്കെടാ 100% അടിച്ചിരിക്കും"
വാര്‍ത്ത ഇപ്രകാരം - വരുന്ന ഞായറാഴ്ച മൊഹാലിയില്‍ (അതേന്നേ ആ ക്രിക്കറ്റ് ഗ്രൗണ്ടൊക്കെയുള്ള ആ സ്ഥലം തന്നെ) കേരളാ ആഹാരമേള (Food Festival) നടക്കുന്നു. ഏവര്‍ക്കും സ്വാഗതം.
എത്രേം പെട്ടന്ന് ഞായറാഴ്ചയാവാന്‍, നടത്താന്‍ ഉദ്ദേശമില്ലാത്ത കുറെ വഴിപാടുകള്‍, പ്രാര്‍ത്ഥനകള്‍, ക്ലോക്കിന്റെ സൂചി മുന്നോട്ട് തിരിക്കല്‍, കലണ്ടറില്‍ കളം വെട്ട് മത്സരം, അങ്ങനെയങ്ങനെ ഒരുപാട് വഴികളിലായി എല്ലാവരുടേയും തീവ്രശ്രമം.
"എടാ ഉച്ചയാവുമ്പോഴേയ്ക്ക് അങ്ങെത്തിയാല്‍ പോരെ ചണ്ഡീഗഡ് മുഴുവനും കറങ്ങിവേണം അങ്ങെത്താന്, സ്ഥലം പഞ്ചാബിലാ"
"ഏയ് രാവിലെത്തെ ഐറ്റംസ് ഒന്നും കഴിക്കേണ്ടെ? നമ്മള്‍ക്കു രാവിലെത്തന്നെ പോകാം ഒരു ദിവസം ഇത്തിരി നേരത്തെ എഴുന്നേറ്റൂടെ?"
ശനിയാഴ്ച രാത്രി.
"നീ ഒന്നും കഴിക്കുന്നില്ലേ!"
"ഏയ് എനിക്കു നല്ല വിശപ്പില്ല"
എഴുന്നേല്ക്കാന് അലാറമോ! ഛായ്!
ഉറങ്ങിയിട്ടുവേണ്ടെ.
വിശപ്പിന്റെ കോഴി കൂവി.
പതിവുള്ള മാരത്തോണ്‍ കുളിക്കുപകരം ഒരു F1 കാറിനെ 100mts റേസിനു ഓടിച്ചു.
മൊഹാലി സ്റ്റേഡിയത്തിനടുത്തെത്തിയപ്പോള്‍ത്തന്നെ 9 മണി കഴിഞ്ഞു.
കൃത്യമായ അഡ്രസ്സൊന്നും അറിയില്ല. വഴി "ചോതിച്ച് ചോച്ച്" പോയിക്കൊണ്ടിരുന്നു.
മറ്റാരോട് വഴി ചോദിച്ചാലും ട്രാഫിക് പോലീസുകാരനോട്, ഊ ഹും.ചോദിക്കരുത്.
ഞങ്ങളു പുതുതായി ഒരു മൊഹാലി സ്റ്റേഡിയം കൂടി കണ്ടുപിടിച്ചു.
തലേന്നത്തെ തയ്യാറെടുപ്പും രാവിലത്തെ തണുപ്പും എല്ലാം കൂടി ചാത്തന് ഒരു പരുവമായി.
ഇനി എന്തായാലും ആള് കേരളാ പ്രാതല്‍ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചേ അടങ്ങൂ.
കുറച്ച് സമയത്തെ അലച്ചിലിന് ശേഷം ഞങ്ങള്‍ ശരിയായ വഴിക്കെത്തിയെന്ന് തോന്നുന്നു. എന്നാലും ഒന്ന് ഉറപ്പ് വരുത്തിയേക്കാം.
ഹിന്ദിയില്‍.
"സഹോദരീ ഈ കേരളാ ഫുഡ് ഫെസ്റ്റിവല്‍.......
ഇതു വഴി തന്നെയല്ലേ പോകേണ്ടത്?"
മറുപടി പച്ചയോ ചോപ്പോ..വിശന്നിരിക്കുമ്പോള്‍ ഇതൊക്കെ ആരോര്‍ക്കുന്നു!
ഏതോ ഒരു മലയാളത്തില്‍
"ഇതു തന്നെ വഴി, നേരെ പോയിട്ട് രണ്ടാമത്തെ വലത്തോട്ട്. അവിടെ ബാനര്‍ കെട്ടിയിട്ടുണ്ട്"
" നന്ദി, നിങ്ങളെവിടുന്നാ?"
"അതൊക്കെ അറിയാന്‍ നിന്നാല്‍ നിങ്ങള്‍ക്കൊന്നും കിട്ടില്ല വേഗം ചെല്ല്"
സ്ഥലത്തെത്തി. പറഞ്ഞപോലെ വലിയ തിരക്കൊന്നും കാണുന്നില്ല.
പിന്നേ അവരു എവിടുന്നാന്നറിയാഞ്ഞിട്ടു ഉറക്കം വരൂല പോലും ഒരു കുശലം ചോദിക്കാന്‍ പാടില്ലേ. ഉത്തരം പറയാന്‍ മേലേല് കള്ളം പറയണോ?
സ്റ്റാളുകളില്‍ എടുത്ത് കൊടുക്കാന്‍ നില്‍ക്കുന്നതെല്ലാം മലയാളി മുഖങ്ങള്‍. കുറച്ച് സര്‍ദാര്‍ജി കുടുംബങ്ങള്‍ നടുവിലിട്ട ബെഞ്ചിലിരുന്നും നിന്നും എന്തൊക്കെയോ തട്ടിവിടുന്നുണ്ട്.കുറേ സ്റ്റാളുകള്‍ ഉണ്ട്. എല്ലാത്തിന്റെയും മുന്പില് ആ സ്റ്റാളില്‍ നിന്നും കിട്ടുന്ന പലഹാരങ്ങളുടെ പേര് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിവച്ചിട്ടുണ്ട്.
അതിന്റെ ആവശ്യമുണ്ടായിരുന്നോ? വെറുതേ സ്ഥലം കളയാന്‍, പുട്ടും ദോശേം ഒക്കെ കണ്ടാല്‍ത്തന്നെ തിരിച്ചറിയാന്‍ ഏതു മലയാളിക്കും പറ്റില്ലേ.പക്ഷേ മലയാളി കസ്റ്റമേഴ്സിനെയൊന്നും കാണാനില്ല. എല്ലാം താടിക്കാര്‍ മാത്രം.
പുട്ടിന്റെ സ്റ്റാളിലേക്കു നടന്നു.
എന്നിട്ട് ഇവിടെ സാധനം ഒന്നും കാണുന്നില്ലല്ലോ? ഓ ഓര്‍ഡര്‍ അനുസരിച്ച് ചുടോടെ ഉണ്ടാക്കിത്തരുമായിരിക്കും.
"ചേച്ചീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ കുറ്റി പുട്ട്. കറിയെന്തുണ്ട്?"
"അയ്യോ തീര്‍ന്നുപോയല്ലോ ദോശേം അപ്പവും ചിലപ്പോള്‍ കാണുമായിരിക്കും"
പുട്ടില്‍ തുടങ്ങാമെന്നത് ഒരു കൂട്ടത്തീരുമാനമായിരുന്നു. ഇനി ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള വഴിയ്ക്ക് പോട്ടെ. നടുക്ക് കൊണ്ടുവന്ന് ഒരുമിച്ച് കഴിക്കാം.
അല്‍പ്പസമയത്തിനുള്ളില്‍ പലവഴിയ്ക്കും പോയവര്‍ എല്ലാം നടുവില്‍ ഒന്നിച്ചു. എല്ലാവരും അന്യോന്യം മുഖത്ത് നോക്കി മറ്റുള്ളവരുടെ കൈയ്യിലെന്താ കിട്ടിയതെന്ന് ഊഹിച്ചു.
അതാ വരുന്നു അവസാന സംഘാംഗം, പ്രതീക്ഷയുടെ മുല്ലമൊട്ടുകള്‍.
"അവിടൊരു സ്റ്റാളില്‍"
"സ്റ്റാളില്‍ സ്റ്റാളില്‍....."
"ചായേം കാപ്പീം ഉണ്ട്."
മനോഗതം--പ്പ പുല്ലേ ആര്‍ക്കു വേണം ആ ചാപ്പി--
"എനിക്കു വിശക്കുന്നേ എനിക്കു വിശക്കുന്നേ"
"ഇനീപ്പോ ചായകുടിച്ചിട്ട് നമ്മള്‍ക്ക് തിരിച്ച് പോവാം അല്ലാതെന്താ ചെയ്യുക"
ഇഞ്ചി കടിച്ച കുരങ്ങന്മാര് ചായേം വാങ്ങി ബെഞ്ചിലിരുന്നു.
................................................................
................................................................
കൂളിംഗ് ഗ്ലാസുവച്ച ഒരു അപരിചിത മുഖം കൂട്ടത്തിലൊരുത്തനോട്.
"........ അല്ലേ! ഇപ്പോള്‍ ഇവിടെയാണോ? എന്നെ മനസ്സിലായോ?"
മനോഗതം-- മനസ്സിലായെടാ തടിയാ.. ഞങ്ങള്‍ക്കു മുന്‍പ് ഇവിടെ വന്ന് എല്ലാം മൂക്ക് മുട്ടെ തട്ടിയ പാര്‍ട്ടിയില്‍ പെട്ട ആളല്ലേ--
"അതെല്ലോ എനിക്ക് മനസ്സിലായില്ല"
"നിനക്കൊരു മാറ്റവുമില്ല. അതോണ്ടല്ലേ എനിക്ക് മനസ്സിലായത്. ഞാന്‍ നിന്റെ കൂടെ നഴ്സറിയില്‍ ഒരുമിച്ച് പഠിച്ച........."
മനോഗതം-- വിശന്നിട്ട് കണ്ണു കാണാന്‍ മേല. എവരിനി മുഴുവന്‍ ചരിത്രോം അങ്ങോട്ടുമിങ്ങോട്ടും ഫ്ലാഷ് ബാക്ക് അടിച്ച് കളിക്കുമോ?--
"ഞാന്‍ ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയാ. ഞാനാ ഇതിന്റെ കാര്യം പത്രത്തിലിട്ടത്"
മനോഗതം-- എടാ ദുഷ്ടാ നിന്നെ ഞാന്‍....... നീയാണല്ലെ എന്നെ പട്ടിണിക്കിട്ടവന്‍....
അവിടെ കുളിച്ച് കുട്ടപ്പന്മാരായി എത്തിയ ഞങ്ങള്‍ക്കു മുന്‍പ് പല്ലുപോലും തേയ്ക്കാതെ വന്ന് എല്ലാം തിന്നു തീര്‍ത്ത സര്‍ദാര്‍ജിമാരെ മനസ്സില്‍ ഹിന്ദിയിലും പുറത്ത് മലയാളത്തിലും ചീത്ത വിളിച്ച് തളര്ന്നിരിക്കുന്നതിനാല് തത്കാലം ഒന്നും ചെയ്യുന്നില്ല.--
"അല്ലാ അപ്പോള്‍ നിങ്ങള്‍ക്കൊന്നും കിട്ടിയില്ലേ. ഞാനിതിന്റെ സംഘാടകന്‍ കൂടിയാ വല്ലതും ബാക്കിയുണ്ടോന്ന് നോക്കാം നിങ്ങളു വാ"
മനോഗതം-- ഈശ്വരാ പറഞ്ഞത് മുഴുവന്‍ തിരിച്ചെടുത്തു. എന്തൊരു മഹാനുഭാവന്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയ കര്‍ത്താവിന്റെ പുനര്‍ജന്മമേ--
ഏറ്റവും അടുത്തുള്ള പുട്ടിന്റെ അണിയറയിലേക്ക് ഞങ്ങള്‍ കുതിച്ചു.
"ആരു പറഞ്ഞാലും ഇല്ലാത്ത സാധനം ഉണ്ടാക്കിത്തരാന്‍ പറ്റുമോ? ദാ ഇതു കണ്ടോ"
ആ ചേച്ചി 99 ശതമാനവും കാലിയായ ഒരു പുട്ടുപൊടി പാക്കറ്റ് എടുത്ത് കാണിച്ചു.
ചാത്തന്റെ വയറില്‍ നിന്ന് കരിഞ്ഞ് മുറിഞ്ഞ കുറേ വാക്കുകള്‍ ആവിയായി ബഹിര്‍ഗമിച്ചു.
"ചേച്ചീ ആ ബാക്കിയുള്ള പൊടികൊണ്ട് ഒരു കാല്‍ക്കഷ്ണം പുട്ടെങ്കിലും ഉണ്ടാക്കിത്തരാമോ??"
വാല്‍ക്കഷ്ണം:
പിറ്റേന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വാര്‍ത്ത.
"കേരളാ ആഹാര മേള വന്‍ വിജയമായിരുന്നു. എല്ലാ വര്‍ഷവും ഇത് തുടരണമെന്നും അടുത്ത തവണ വിഭവങ്ങളുടെ എണ്ണം കൂടുതല്‍ കരുതണമെന്നും പഞ്ചാബീ റസിഡന്‍സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന. ഇത്തിരി വൈകിയതിനാല്‍, ചണ്ഡീഗഡിന്റെ ഒരറ്റത്തു നിന്നും വന്ന്, ഒന്നും കിട്ടാതെ നിരാശരായി മടങ്ങിയ ഒരു കൂട്ടം മലയാളീ യുവാക്കള്‍ ലേഖകനോട് വിഭവങ്ങള്‍ അളവ് കുറഞ്ഞു പോയതിനെപ്പറ്റി പരാതിയും പറയുകയുണ്ടായി"
കൊറോണ ചൊല്ലുകൾ
4 years ago
20 comments:
ഇത് പോസ്റ്റ് ചെയ്ത് സ്വയം ചളി വാരി ഫേഷ്യല്‍ ചെയ്യരുതെന്നുള്ള മനസ്സാക്ഷിയുടെ മുന്നറിയിപ്പിനോട് ... പോടാ പുല്ലേന്ന് പറഞ്ഞുകൊണ്ട്......ബൂലോഗ സമക്ഷം....സദയം...
അടിപൊളി. പട്ടിണിയാല്ലേ. സാരമില്ല അടുത്തതിനു നോക്കാം. നേരത്തെ വരണം
ഹിന്ദുസ്ഥാന്‍ ടൈംസ് ഇത്ര ചളമായല്ലെ?? 90കളീല് തരക്കേടില്ലാത്ത പത്രമായിരുന്നു.. എന്തായാലും കുട്ടിച്ചാത്തനു ഒരു കാര്യം പുടികിട്ട്യല്ലോ.. ഒരു കാലത്തും പത്രങ്ങളെ വിശ്വസിക്കരുതെന്ന്...
നിനക്ക് അങ്ങിനെ തന്നെ വേണം. മനുഷ്യനായാല്‍ ഇത്ര ആക്രാന്തം പാടില്ല.
എന്തായാലും പോസ്റ്റ് ഉഗ്രന്‍. കലക്കന്‍
ഹാ. ഹാ. ആക്രാന്തം കൊണ്ട് ഓടി പോയതാ..ചാത്തന്.. പുട്ടിന്റെ പൊടിപോലും കിട്ടിയില്ലല്ലോ..
ഇനി പഞ്ചാബി ഫുഡ് മേള വരുമ്പോള്‍ ഒന്നു കാര്യമായി ശ്രമിക്കൂ..
പഞ്ചാബികളെയും ഒരു പാഠം പഠിപ്പിക്കണമല്ലോ..
കൃഷ് krish
കുട്ടിച്ചാത്താ, ഇതു തന്നെ വേണം. മര്യാദയ്ക്ക് വീട്ടില്‍ നിന്ന് ഒക്കെ ഉണ്ടാക്കിത്തിന്ന് വെറുതേ മേള കാണാന്‍ വന്നതാണെന്ന ഭാവത്തില്‍ നടന്നാല്പ്പോരായിരുന്നോ?
ഇനി ഞാന്‍ ഒരു ഭക്ഷണമേള നടത്തുന്നുണ്ട്. അപ്പോ ആദ്യ ചാന്‍സ് കുട്ടിച്ചാത്തനു തരാം. കാരണം, ഒക്കെ പരീക്ഷിച്ചിട്ടല്ലേ വേറെ ആള്‍ക്ക് കൊടുക്കാന്‍ പറ്റൂ.
ഹി... ഹി... ഹി....
(ഞാന്‍ നാല് ദിവസത്തേക്ക് എവിടെയും ഉണ്ടായിരിക്കുന്നതല്ല.) ;)
ഹ ഹഹ.. ഇതു രസിച്ചൂ ചാത്താ...
ആ കര്‍ത്താവിന്റെ പുനര്‍ജന്മമേ.. എന്ന വിളി കിടിത്സ് ! വേറേം കുറെ നല്ല വിറ്റുകളും!
:-)))
ചാത്താ,
ഫീലിങ്ങായെടോ ഇത് വായിച്ച്.. ശരിയ്ക്കും.
ഓടോ: ഇത് പോലൊരു മേള നടത്താന്‍ ആരുമില്ലേഡാ യു.ഏ.ഇയില്‍? സാഹിത്യസമ്മേളനം നടത്തുന്നതിലും നല്ലത് ഭക്ഷണമേള നടത്തുന്നത് തന്നെയാ. സംശല്ല്യ. :-)
നിരീക്ഷണം:
ഒന്ന് വിഗ്രഹിച്ചാല്‍ നമ്മുടെ മനോരമയുടെ വകയിലൊരു വല്യമ്മാവനായി വരും
പരീക്ഷണം:
പതിവുള്ള മാരത്തോണ്‍ കുളിക്കുപകരം ഒരു F1 കാറിനെ 100mts റേസിനു ഓടിച്ചു.
പാരാ-നിരാശാ-ക്ഷീണം:
"ചേച്ചീ ആ ബാക്കിയുള്ള പൊടികൊണ്ട് ഒരു കാല്‍ക്കഷ്ണം പുട്ടെങ്കിലും ഉണ്ടാക്കിത്തരാമോ??"
-ചാത്തുട്ടീ, കലക്കി,ട്ടോ...
ചാത്താ കലക്കി മോനേ ദിനേശാ....
കുട്ടിച്ചാത്തോ:എല്ലാര്ക്കും ഞാന്‍ മറുപടികൊടുക്കുന്നു.. എന്റെ എല്ലാ പോസ്റ്റിലും കമന്റ് ചെയ്തിട്ട് തന്നെ ഞാന്‍ എങ്ങനെ ഒഴിവാക്കും..ഒരുപക്ഷേ ബ്ലോഗ് ചരിത്രത്തിലാദ്യമായി...സ്വയം മറുപടി...
“നീ എന്തു വിവരക്കേടെഴുതിയാലും ശരി.നിന്റെ ആര്‍ത്തിക്കഥകള്‍ എഴുതിയാല്‍ നല്ല മാര്‍ക്കറ്റാ!!!”
കരീം മാഷേ: ഇവിടെ ആദ്യായിട്ടാണല്ലേ...നന്ദി..ഒരുദിവസം മുന്നേ എത്തിയേക്കാം
കണ്ണൂരാന്‍ ചേട്ടാ: നന്ദി. ഹിന്ദുസ്ഥാന്‍ ടൈംസ് അത്രെം ചളമായിട്ടില്ല.. ആ കാശിനു അതു വന്‍ ലാഭമല്ലേ!!! തൂക്കിവിറ്റാല്‍ പോലും കൊടുത്ത കാശില്‍ കൂടുതല്‍ കിട്ടും
ശ്രീജിത്തേ: നന്ദി.. നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് ബാംഗ്ലൂരില്‍ വല്ല മേളേം വരട്ടെ...നീ വരുന്നതിനു മുന്‍പ് ഞാന്‍ മൊത്തം സ്റ്റാളും കാലിയാക്കും...
കൃഷ് ചേട്ടാ: നന്ദി.. ശ്രമിച്ച് നോക്കാം പക്ഷേ ആ ഒണക്ക റൊട്ടി എങ്ങനെയാ തീര്‍ക്കുന്നത്!!!
സൂചേച്ചീ: നന്ദി..കമന്റിനും നടത്താന്‍ പോകുന്ന ഭക്ഷണമേളയ്ക്കും. ചാത്തനെ പരീക്ഷിക്കല്ലേ...ചാത്തനു നല്ല കപ്പാസിറ്റിയാ.. കുബേരന് ഗണപതിയെ പരീക്ഷിച്ചതു പോലാവും.
വാളേട്ടനോട് ഞാന്‍ എന്നാ പറയാനാ..ഗുരവേ നമഹ..
ഉപദേശങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും റെഡി..പിന്നെ നമ്മളു തമ്മില്‍ തീരെ പ്രസക്തിയില്ലാത്ത ഒരു ‘നന്ദി’ യും..(എന്നു വച്ചാല്‍ പിന്നെ ഞാന്‍ ഓരോ ഇമെയില്‍ ഉപദേശത്തിനും നന്ദി അയക്കേണ്ടി വരില്ലെ?)
ചേച്ചിയമ്മേ: നന്ദി. ആ ചിരിയുടെ അര്‍ത്ഥം വിശദമാക്കണം. സഹതാപമോ കളിയാക്കിയതോ?
ദില്ബൂഡിയര്:നന്ദി. ഫീലിങ്ങ് എന്നു വച്ചാല്‍ വിശപ്പിന്റെ വിളിയാണോ? യു.ഏ.ഇ യില്‍ മേള നടത്തിക്കോ “പഞ്ചാബികള്‍ക്ക് പ്രവേശനമില്ല” ബോര്‍ഡ് തൂക്കാന്‍ മറക്കരുത്...
കൈതമുള്ളേ : എന്റെ കുട്ടിയെ ഓപ്പറേറ്റ് ചെയ്ത് തലച്ചോറും ഹൃദയോം കരളും എല്ലാം പുറത്തെടുത്തു അല്ലേ..നന്ദി. അതിന്റെ കാറ്റുപോവും മുന്‍പ് എല്ലാം എടുത്തിടത്തു തന്നെ വച്ചേക്കണേ..
അരീക്കോടന്‍ ചേട്ടാ: നന്ദി..ആദ്യായിട്ടാ ഇവിടെ അല്ലേ..
ഇനീം വരണം..
എന്നോട് ചണ്ഡീഗഡ് കഥയെഴുതാന്‍ പറഞ്ഞ ഡാലി ച്ചേച്ചിയെ ആരെങ്കിലും ഒന്നറിയിക്കണേ..
കുട്ടിച്ചാത്തന് said...
..."നീ എന്തു വിവരക്കേടെഴുതിയാലും ശരി.നിന്റെ ആര്‍ത്തിക്കഥകള്‍ എഴുതിയാല്‍ നല്ല മാര്‍ക്കറ്റാ!!!”..
ശരിയാണല്ലൊ ചാത്തൂ..ദോശ,മീന്‍..എല്ലാത്തിനും കൃത്യമായി ഞാന്‍ വന്നു കമന്റിയിട്ടുണ്ട്.. :-)
ഈ കഥയും ഇഷ്ടായി.
പീലിക്കുട്ട്യേച്ചീ:നന്ദി.ശാപ്പാട് കാര്യം മാത്രം ഇഷ്ടാവും അല്ലേ!!!എന്നാല്‍ ഇനി ഒരു കൊല്ലം കഴിഞ്ഞു ഇങ്ങു പോന്നാല്‍ മതി.. ചാത്തന് അതിനെപ്പറ്റി എഴുതൂല...
ആ കുരങ്ങു പുരാണം കഴിഞ്ഞു പിന്നൊന്നും എഴുതുന്നില്ലേ?
ചാത്തൂട്ട്യേ,ഞാ നിന്റെ എളയതാ!..ചേച്ചി,അമ്മൂമ്മാ ന്നൊന്നും വിളിക്കണ്ടാ :-)
qw_er_ty
ഓം... ഹ്രീം .. ഓം ഹ്രീം...
ഏയ് വെറുതെ. വല്ലപ്പോഴും മേളകള്‍ കാണുമ്പോ വിളിച്ചാല്‍ ഇനീം വര്വാന്ന് ടെസ്റ്റ് ചെയ്തതാ..
അപ്പോ ഇനീം വര്വാല്ലൊ.. ല്ലേ.
lekhakan palappozhum vayanakkare chirippikkan valare budhimuttunnathayi thonnunnu.
thamasakal theere nilavaram pularthunnilla. palathum evideyo vayichu maranna thamasakal.. try to improve your thamasa sense
with love and blessings
oru aaradhakan
ആഹാ ഇവിടെ ചാത്തനേറ് മൊത്തം കരാറടുത്തിരിക്കുന്നത് ആ പഴയ ചാത്തനാണല്ലേ?.
സര്ദാര്ജിമാര് വലിയ ആഹാരപ്രിയരാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. (പിന്നെ എനിക്കു തോന്നിട്ടു വേണം!). ഞാന്‍ മൊഹാലിയില്‍ പോയപ്പോള്‍ 2 സര്ദു കുട്ടന്മാര്ഉം ഒരു സര്ദു കുട്ടിം എന്നെ സെക്റ്റര്‍ 17 (ഷോപ്പിങ് സെക്ടറേ) കാണിക്കാന്‍ കൊണ്ട് പോയി. ആദ്യം ചെയ്തതു ഒരു 5 പാക്കറ്റ് ചിപ്സും 10 ചോളം ചുട്ടതും വാങ്ങി കരുതുക എന്നതയിരുന്നു. സെക്ടര്‍ 17 വരെ സൈകിള്‍ റിക്ഷയില്‍ എത്തുന്ന നേരം കൊണ്ട് അത് തിന്നു തീര്‍ത്തു. പിന്നെ അവിടെ ഇറങ്ങിയിട്ടു അടുത്ത സെറ്റ് തീറ്റി സാധനങ്ങള്‍... അവസാനം പോരുമ്പോള്‍ ഷോപ്പിങ്ങിനു പകരം ഒരു സഞ്ചി ചുട്ട കോണും! ഇങ്ങനത്തെ ആളോള്ടെ ഇടയില്‍ ഒരു കാപ്പിയെങ്കിലും ചാത്തനും കൂട്ടര്‍ക്കും കിട്ടിയല്ലോ. അതു ഭാഗ്യം!
ഹാ ഹാ ഇഷ്ടായി.
Post a Comment