സെക്രട്ടേറിയറ്റിന്റെ മുന്‍വശത്ത് സമരപ്പന്തലുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണ ബസ്സിലായിരിക്കുമ്പോള്‍ അതങ്ങനെ ശ്രദ്ധിക്കുക പതിവില്ല. എന്നാല്‍ അന്നൊരു ദിവസം വൈകീട്ട് സമരപ്പന്തലില്‍ എങ്ങോ കണ്ട് മറന്ന ഒരു മുഖം മിന്നി മറഞ്ഞപോലെ.
താമസസ്ഥലത്തെത്തി, കണ്ടുമറന്ന മുഖങ്ങള്‍ മനസ്സിലേക്ക് വീണ്ടും വീണ്ടും കയറ്റിയിറക്കി. അതേ അതവര്‍ തന്നെ സഹമുറിയന്‍ സഹപാഠിയും കൂടെയായതോണ്ട് അവനോട് ചോദിച്ച് ഉറപ്പ് വരുത്തിയേക്കാം.
എടാ നമ്മളുടെ കോളേജിനടുത്ത് കുറച്ച് കാലം ഒരു വല്യമ്മ ഹോട്ടല്‍ നടത്തിയിരുന്നില്ലേ നിനക്കാ ഹോട്ടലിന്റെ പേര് ഓര്‍മ്മയുണ്ടോ? ആ വല്യമ്മയെ ഇന്നു ഞാന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിലെ ഏതോ സമരപ്പന്തലില്‍ കണ്ടു.
ഒന്നു പോടാ അവരങ്ങ് കേരളത്തിന്റെ മറ്റേ അറ്റത്ത് അവരെപ്പോലെ വേറെ വല്ലോരും ആയിരിക്കും. വല്യമ്മയുടെയും വല്യമ്മയുടെ പകുതി സന്യാസിയെപ്പോലിരിക്കുന്ന താടിക്കാരന്‍ ഭര്‍ത്താവിന്റെ പേര് അന്ന് രാത്രി ചുമ്മാ ഓര്‍ത്തെടുത്തു.
രണ്ട് ദിവസം കഴിഞ്ഞ് ഒരു രാവിലെ പത്രവുമെടുത്ത് സഹമുറിയന്‍ ഓടിവന്നപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ശരിക്കും ഞെട്ടി, വല്യമ്മയുടെയും ഭര്‍ത്താവിന്റെയും പേരും വാര്‍ത്തയും!. അവരു കാസര്‍ഗോഡ് നിന്നാണെന്നും ഭര്‍ത്താവിന്റെ എന്തോ പെന്‍ഷന്‍ ശരിയാക്കാന്‍ വേണ്ടി കുടുംബം മൊത്തം സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കുറച്ച് ദിവസമായി സമരത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രോഗം ബാധിച്ച് അവരുടെ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചെന്നും ഒക്കെയായിരുന്നു വാര്‍ത്ത.
ഞങ്ങള്‍ അന്വേഷിച്ച് ചെന്നപ്പോഴേക്ക് അവരൊക്കെ തിരിച്ച് നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരും വഴി വീണ്ടും ആ വാല്‍സല്യം നിറഞ്ഞ ചിരി മനസ്സില്‍ മിന്നിമറഞ്ഞു, ഒരു നിസ്സഹായത മനസ്സില്‍ തളം കെട്ടി നിന്നു.
സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ കോളേജുകാലം വീണ്ടും മനസ്സില്‍ തെളിഞ്ഞു. കോളേജ് ക്യാന്റീനു പിന്നിലായി അല്‍പം മാറിയായിരുന്നു വല്യമ്മയുടെ ഹോട്ടല്‍. ഒരു വര്‍ഷമേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അവിടെ ആകെ പുട്ടും കടലയും മാത്രമേ കാണൂ. ഉച്ചയ്ക്ക് ഊണും. നല്ല രുചിയായിരുന്നെങ്കിലും രാവിലെ എല്ലാവരും താമസസ്ഥലത്തിനടുത്ത് നിന്ന് കഴിച്ചിട്ട് വരുന്നതു കൊണ്ട് തിരക്ക് തുലോം കുറവായിരുന്നു. വല്യപ്പന്‍ അന്നേ ഒരു സന്യാസി മാതിരി താടിയൊക്കെ നീട്ടി പുറത്ത് കാഷ് കൗണ്ടറില്‍ ഇരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാചകവും വിളമ്പലും ഒക്കെ വല്യമ്മ തനിച്ചും.
ചാത്തനും കൂട്ടരും കോളേജില്‍ നിന്ന് നടക്കാവുന്ന ദൂരത്ത് താമസിച്ചിരുന്നതിനാല്‍ രാവിലെ ഞങ്ങള്‍ വല്യമ്മയുടെ ഹോട്ടലില്‍ പതിവുകാരായിരുന്നു. അവിടെ നിന്നാണ് ചാത്തന്‍ വെള്ളക്കടല കൊണ്ട് കടലക്കറിയുണ്ടാവും എന്ന് പഠിക്കുന്നത്, കറിക്കൊപ്പം പഞ്ചസാര കൂട്ടാന്‍ തന്നതും അവിടെ നിന്ന് തന്നെ!!!.
അപ്പോള്‍ പറഞ്ഞ് വന്നത് പുട്ടിന്റെ കാര്യം, ഒരു കുറ്റിയില്‍ മൂന്ന് പുട്ടുണ്ടാവും രണ്ടെണ്ണം വലുതും ഒരേ അളവിലുള്ളതും ഒരെണ്ണം ഇത്തിരി ചെറുതും. ഒരു പ്ലേറ്റ് പുട്ടും കറിയും ചോദിച്ചാല്‍ ഒരു വല്യപുട്ടും ഒരു ചെറിയപുട്ടും കറിയുമോ രണ്ട് വല്യപുട്ടും കറിയുമോ ആണ് സാധാരണ കിട്ടുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരെ ആര്‍ത്തിയില്ലാത്തതു കൊണ്ടോ ആസ്വദിച്ച് കഴിക്കണമെന്ന വാശിയുള്ളതു കൊണ്ടോ എന്താന്നറിയില്ല ഏറ്റവും ആദ്യം ചാത്തനു വിളമ്പിയാലും ഏറ്റവും അവസാനമേ ചാത്തന്‍ ഉണ്ടെണീക്കാറുള്ളൂ. അല്ലാതെ അവിടുള്ളതു മൊത്തം തിന്നു തീര്‍ത്തിട്ടേ എഴുന്നേല്‍ക്കൂ എന്ന് അര്‍ത്ഥമില്ലാ എന്ന് ഊന്നി ഊന്നി പറയുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചാത്തനൊരു കാര്യം കണ്ടുപിടിച്ചു കൂടെ കഴിക്കാനിരിക്കുന്നവര്‍ക്കെല്ലാം പുട്ടിന്റെ മേല്‍ പറഞ്ഞ അളവുകളിലാണ് കിട്ടിക്കോണ്ടിരുന്നതെങ്കിലും ചാത്തനുമാത്രം രണ്ട് കഷ്ണം പുട്ടും ചെറുത് തന്നെയാണ് കിട്ടുന്നത്.
ഒരു ദിവസം ക്ഷമിച്ചു, തിരക്കിനിടയില്‍ മാറിപ്പോയതാവാം.പിന്നേം രണ്ട് മൂന്ന് ദിവസം കൂടി ക്ഷമിച്ചു, യാദൃശ്ചികമാവാം. പിന്നേം ആവര്‍ത്തിച്ചപ്പോള്‍ ചാത്തന്റെ ക്ഷമ നശിച്ചു. പൊട്ടിത്തെറിച്ചു.
ഇതെന്തു പരിപാടിയാ എനിക്കെപ്പോഴും പുട്ടിന്റെ ചെറിയ കഷ്ണങ്ങള്‍ മാത്രം. ഒന്നെങ്കിലും വലുതു തരണം.
പെട്ടന്നുണ്ടായ ഒരു ഞെട്ടലില്‍ നിന്നും മോചിതയായ വല്യമ്മ ഒരു ചിരിചിരിച്ചു, എന്നിട്ട് പുറത്തുള്ള ഭര്‍ത്താവിനെ നീട്ടി വിളിച്ചു. ദേ ഈ കൊച്ചന്‍ പറയുന്നതു കേട്ടോ. ഞാന്‍ പറയാറില്ലേ ഇവന്‍ നമ്മുടെ അനിക്കുട്ടന്റെ പോലെയാ എന്ന്, ഇപ്പോള്‍ അവനെപ്പോലെ തന്നെ കണക്കുപറഞ്ഞതും കണ്ടോ....
വല്യപ്പനും അകത്തേക്കു വന്നു. നീ അവനു രണ്ട് വല്യകഷ്ണം പുട്ട് തന്നെ കൊടുക്കെടീ.
ചാത്തനാകെ ഐസായി, പിന്നെ വീണുകിടക്കുന്നിടത്തൂന്ന് കരകയറാനുള്ള ശ്രമമെന്ന നിലയില്‍ ചോദിച്ചു, ആരാ ഈ അനിക്കുട്ടന്‍.
അവന്‍ ഞങ്ങളുടെ രണ്ടാമത്തെ മകനാ, നിന്നെപ്പോലെ മെലിഞ്ഞുണങ്ങിയിരുന്നെങ്കിലും ഭക്ഷണക്കാര്യത്തില്‍ ഇതേപോലെ കണക്കുപറഞ്ഞിരുന്നു.
ഇപ്പോളെവിടാ?
ഇല്ല....വല്യപ്പന്‍ തിരിച്ച് പുറത്തേക്ക് പോയി.
പിന്നെ എല്ലാദിവസവും ചാത്തനവിടെ വിവിഐപി പരിഗണനയായിരുന്നു.
എടാ സ്റ്റോപ്പെത്തി ഇറങ്ങുന്നില്ലേ.
രണ്ടാമത്തെ മകനല്ലേ ഇല്ലാതിരുന്നുള്ളൂ അവരുടെ മറ്റു മക്കള്‍ കാണില്ലേ? അവരൊക്കെ ഉപേക്ഷിച്ചു പോയതോണ്ടാവുമോ വയസ്സുകാലത്ത് ഉപവാസത്തിനു വരേണ്ടിവന്നത്? ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......
സൃഷ്ടിപുരാണം
4 years ago