"ഞാനിനി സ്കൂളീപ്പോവുന്നില്ലാ"
വൈകീട്ട് വന്ന് പുസ്തകപ്പെട്ടി നിലത്തിട്ടോണ്ട് ഒരഞ്ചാം ക്ലാസുകാരന്റെ വിലാപം.
എന്താടാ ഇന്നും അവന് നിന്നെ തല്ലിയോ?
ഞാനിനി പോവുന്നില്ലാന്ന് പറഞ്ഞാല്‍ പോവുന്നില്ലാ.
ഈ ചെക്കന്റെ ഒരു കാര്യം നാണമില്ലേ വല്ലവന്റെം തല്ലും വാങ്ങി വന്ന് ചിണുങ്ങാന്‍.. ചേച്ചിമാരും അമ്മായിമാരും ഒക്കെ അമ്മേടെ ഭാഗം ചേര്‍ന്നു.
അമ്മ ടീച്ചറോട് പറയുന്നുണ്ടോ ഇല്ലയോ?
-- കാര്യം നടക്കണേല് ഇനിയിപ്പോള്‍ ഒറ്റക്കാലില്‍ നിന്നേ പറ്റൂ--
കാര്യം നിസാരം അഞ്ചാം ക്ലാസില്‍ ചാത്തന് സ്കൂളു മാറി, പഴയ കൂട്ടുകാര്‍ കുറേപ്പേരൊക്കെ അതേ ഡിവിഷനില്‍ ഉണ്ടെങ്കിലും ഏറെപ്പേരും പുതുമുഖങ്ങള്‍. അതിലൊരാളാണ് പക്രു. ആള് പാസ് ആയ ഒന്നാം ക്ലാസൊഴിച്ച് ബാക്കി എല്ലാത്തിലും അവന് എത്ര തവണ പഠിച്ചിട്ടുണ്ടെന്ന് കണക്കറിയില്ല. പൊക്കം അത്രയൊന്നുമില്ലെങ്കിലും ഇരുമ്പു പോലത്തെ ശരീരം., ക്ലാസിലെ അവനൊഴിച്ച് ബാക്കി ആര്‍ക്കും അവനെ കണ്ടുകൂടാ. ബാക്കിയുള്ളവരെ ഉപദ്രവിക്കലാണ് പ്രധാന വിനോദം.
എന്നും പക്രു ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചു, തോണ്ടി, മാന്തി, പിച്ചി, ചെമ്പകം, എന്നിങ്ങനെയുള്ള പരാതികളൊന്നുമില്ലാതെ ചാത്തന് വീട്ടിലെത്താറില്ല.
ചാത്തന്റെ അമ്മ ടീച്ചറായതോണ്ട് സ്കൂളു വേറെയാണെങ്കിലും പുതിയ സ്കൂളിലെ ടീച്ചര്‍മാരെയൊക്കെ നന്നായി അറിയാം. തിരിച്ചു തല്ലിയാല്‍ വീട്ടിലറിയും എന്നത് മൂന്നു തരം. പോരാഞ്ഞ് ക്ലാസിലെ നല്ല കുട്ടി എന്ന പേര് കളയുന്നതെങ്ങനെയാ? ടീച്ചര്‍മാരോട് പരാതി പറയാമെന്ന് വച്ചാല്‍ അതറിഞ്ഞാല്‍ പക്രൂന്റെ വക ഇരട്ടി കിട്ടും. അല്ലാതെ പക്രൂനെ പേടിയായിട്ടൊന്നുമല്ല.
ക്ലാസ്ടീച്ചര് ചാത്തന്റെ ഒരു ബന്ധുകൂടിയാണ്. അമ്മ ടീച്ചറെക്കണ്ടു പരാതി പറഞ്ഞു.
എന്തു ചെയ്യാനാ ടീച്ചറേ, അതങ്ങനൊരു സാധനം എത്ര തല്ലിയാലും ഉപദേശിച്ചാലും നന്നാവൂല. ടി സി കൊടുത്ത് വിടാന്‍ പലതവണ രക്ഷിതാവിനെ വിളിപ്പിച്ചതാ. ഒരു പാവം മനുഷ്യന്, എങ്ങനേലും പത്താം ക്ലാസ് വരെ എത്തിച്ച് തരണം എന്ന് പറഞ്ഞ് അയാളു എപ്പോഴും കരഞ്ഞ് കാലുപിടിക്കുന്നതു കൊണ്ടാ ഇതുവരെ പറഞ്ഞ് വിടാത്തത്. ഞാനിനി ഒന്നൂടെ ശ്രദ്ധിച്ചോളാം.
തല്ലു വാങ്ങുന്ന കാര്യത്തില്‍ ചാത്തന് ഒറ്റയ്ക്കല്ലാ ക്ലാസിലെ എല്ലാ പിള്ളേരും പക്രൂന്റെ തല്ല് വാങ്ങാറുണ്ട്. പതിവു ക്വാട്ടാ വാങ്ങി ഡസ്കില്‍ തലേം വച്ച് ചുമ്മാ ഇരിക്കുമ്പോഴാ(കരയുകയല്ല ;) ) ജിത്തു ചെവീല് പറയുന്നത് നമ്മള്‍ക്കവനെ തിരിച്ചു തല്ലിയാലോ?
അന്നു കിട്ടിയതിന്റെ വേദന എവിടെയോ പറന്ന് പോയി. എപ്പോള്‍? എവിടെ വച്ച്? വടി വേണ്ടേ?
ജിത്തു ആളു മിടുക്കനാ അവന് ചാത്തന്റെ ഒരു ബന്ധു കൂടിയാ. അവന്റെ വീടിനടുത്ത് കരാട്ടെ ക്ലാസുണ്ട് അവനവിടെയൊക്കെ പോവാറുണ്ട്. എന്നാലും കരാട്ടെ മോഡലില്‍ പക്രൂന്റെ അടി തടുത്താല്‍ ഓടും ഇഷ്ടികയുമൊക്കെ പോലെ പൊട്ടുന്നത് ജിത്തൂന്റെ കയ്യാവും. അവന്റെ ടീമില്‍ വേറെം മൂന്നാലു പേരുണ്ട്, ഇവരൊക്കെ ഇപ്പോള്‍ ഒരുമിച്ചാണ് നടക്കാറ്, ഒറ്റയ്ക്ക് കിട്ടുമ്പോഴാണ് പക്രൂന്റെ പരാക്രമം കൂടുതല്‍. പക്രൂന്റെ തൊട്ട് മുന്പില് ഇരിക്കുന്നതു കൊണ്ട് ഏറ്റവും ഉപദ്രവം ചാത്തനായിരുന്നു. പക്രൂനെ തല്ലാന്‍ ഒരു നല്ല സമയം നോക്കി നടക്കുകയായിരുന്നു ആ പാണ്ഡവ സംഘം. അവര്‍ക്ക് വേണ്ടത് ചൂണ്ടലില്‍ കോര്‍ക്കാന്‍ പറ്റിയ ഒരു ഇര മാത്രമായിരുന്നു.
അങ്ങനെ പക്രു വധം ബാലെയുടെ തിരക്കഥ ആരംഭിച്ചു. അരക്കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. പക്രു ഏറ്റവും അവസാനമേ പരീക്ഷ എഴുതി പുറത്തുവരൂ. ഞങ്ങളുടെ ക്ലാസുകളൊന്നും പരീക്ഷാഹാള് ആക്കിയില്ലായിരുന്നു. പകരം ബഞ്ചും ഡസ്കും എല്ലാം ഹാളുകളിലേയ്ക്ക് എടുത്ത് കൊണ്ടുപോയിരുന്നു. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പക്രൂന്റെ തോളില്‍ അറിയാത്ത ഭാവത്തില്‍ ഒരു ചുമലു കൊണ്ട് ഒരു തട്ടും തട്ടി മുന്നോട്ട് നീങ്ങിയ ചാത്തന് മുനോട്ട് മൂക്കും കുത്തി വീണു പക്രു പിടിച്ച് തള്ളിയതാണെന്ന് തിരിഞ്ഞ് നോക്കാതെ തന്നെ മനസ്സിലായി. അടുത്ത ആക്രമണം ഉണ്ടാകും മുന്‍പ് ചാത്തന് ഒഴിഞ്ഞ് കിടക്കുന്ന ക്ലാസിലേക്കോടിക്കയറി.
പറഞ്ഞുറപ്പിച്ചതുപോലെ അഞ്ചംഗസംഘം അവിടെ തയ്യാറായിരുന്നു. ചാത്തനവരുടെ പിന്നിലൊളിച്ചു. പിന്നാലെ ഓടിക്കയറിയ പക്രൂനെ എല്ലാവരും കൂടി വളഞ്ഞു. ആക്രമണം പിന്നില്‍ നിന്നാരംഭിച്ചു. ഒരു തള്ള്. മുന്നോട്ട് ഒന്ന് ആഞ്ഞ പക്രു വെട്ടിത്തിരിഞ്ഞു തന്നെ തള്ളിയവനെ ഒന്ന് പൊട്ടിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്ക് പിന്നില്‍ നിന്നും അടുത്തവന് ഒന്ന് പൊട്ടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടി പിച്ച് മാന്ത്. ക്ലാസ് മുറി സിമന്റിട്ടതായതോണ്ട് പക്രൂനു പൂഴിക്കടകന്‍ അടിച്ച് രക്ഷപ്പെടാനും പറ്റീല. പക്രു ആരെ തിരിച്ചടിക്കാന്‍ ഒരുങ്ങിയാലും അവര്‍ പിന്നോട്ട് ഒഴിഞ്ഞ് മാറും ബാക്കിയുള്ളവര്‍ പിന്നില്‍ നിന്നാക്രമിക്കും.
ആദ്യമൊക്കെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെപ്പതുക്കെ കഴുതപ്പുലികളുടെ ആക്രമണത്തില്‍ സിംഹം തളര്‍ന്നു. പിന്നെ എങ്ങിനെയെങ്കിലും അടികള്‍ തടുക്കാനും രക്ഷപ്പെടാനുമായി ശ്രമം. അതോടെ തല്ലുസംഘത്തിനു ആവേശം കൂടി. പക്രു നിലത്തുവീണു. ചവിട്ടില്‍ നിന്നും തല്ലില്‍ നിന്നും രക്ഷപ്പെടാനായി ആകെ ചുരുണ്ടുകൂടി കിടപ്പായി. എല്ലാവരും കൂടി പക്രൂന്റെ ദേഹത്ത് "കര - വെള്ളം" കളി കളിച്ചു തുടങ്ങി. സിമന്റ് തറയില്‍ കിടന്ന പൂഴിമണ്ണില് മുഖം ഉരഞ്ഞ് ചോര പൊടിഞ്ഞ് തുടങ്ങി. എന്നാലും തല്ലരുത് എന്ന് പറയാന്‍ പക്രു തുനിഞ്ഞില്ല.
സിനിമയിലെ വില്ലന്മാര് നായകനെ തല്ലി ചാവാറാക്കി നടന്നു നീങ്ങുന്ന ഭാവത്തില്‍ എല്ലാവരും ഇറങ്ങിപ്പോയി. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ. വീട്ടില്‍ വന്ന് അമ്മയോട് കാര്യം പറഞ്ഞു. ടീച്ചറായാലും സ്വന്തം മോനെ ഉപദ്രവിച്ചോണ്ടിരുന്ന ഒരുത്തനു തല്ലു കിട്ടിയതല്ലേ അമ്മയ്ക്ക് കണ്ഫ്യൂഷന് ആയിക്കാണും, ക്ലാസ്ടീച്ചറെക്കണ്ട് കാര്യം പറയണോ വേണ്ടയോ എന്ന്. എന്തായാലും അന്ന് പരീക്ഷയുടെ അവസാന ദിവസം ആയതിനാല്‍ ഇനി ഒരു കേസ് പത്ത് ദിവസം കഴിഞ്ഞേ കോടതിയിലെത്തൂ.. അത്രേം ആശ്വാസം, എന്നാലും അതിനിടെ ക്ലാസ്ടീച്ചറെ വഴീല് കണ്ടപ്പോള്‍ അമ്മ കാര്യം പറഞ്ഞു. സാരമില്ല അങ്ങനെ രണ്ട് കിട്ടിയാലൊന്നും അവനൊരു കൂസലുമുണ്ടാവൂല. ഇനി അവന്റെ ആരെങ്കിലും പരാതി തരുമ്പോഴല്ലേ അപ്പോള്‍ നോക്കാം. എന്ന് ടീച്ചര്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.
സ്കൂള്‍ തുറന്നു. ചാത്തന് അഞ്ചംഗസംഘത്തിനിടയിലേക്ക് ഇരിപ്പിടം മാറ്റി. പക്രു ദാ വരുന്നു. മുഖത്ത് മുറിവുണങ്ങിയ ഒരു ചെറിയ വെളുത്ത പാടുമാത്രം. പിന്നെ അങ്ങോട്ട് നോക്കിയില്ല. കുറച്ച് ദിവസം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവന് പിന്നേം പഴയപടിയായി പക്ഷേ ഞങ്ങള്‍ ആറുപേരെം പിന്നെ തൊട്ടിട്ടില്ല. എന്നാലും ചിലപ്പോഴൊക്കെ ചാത്തനെ ഒരു നോട്ടമുണ്ട് ഒറ്റയ്ക്കെങ്ങാനും കിട്ടിയാല്‍ നിന്നെ ഞാന്‍ ശരിയാക്കുമെടാ ചതിയാ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഒറ്റയ്ക്ക് കിട്ടിയിട്ട് വേണ്ടേ.
അങ്ങനെ വാര്‍ഷികപരീക്ഷയും കഴിഞ്ഞു. റിസല്‍ട്ട് അറിയാന്‍ കൂട്ടം കൂടി തന്നെ പോയി.
തിരിച്ചു വീട്ടിലേയ്ക്ക് നിലവിളിച്ചോണ്ട് കയറി വന്ന ചാത്തനെക്കണ്ട് എല്ലാവരും ഞെട്ടി..
"എന്താടാ നീ തോല്ക്കാന് സാധ്യതയൊന്നുമില്ലാലോ? വരുന്ന വഴി പിന്നേം തല്ലു വാങ്ങിയോ? "
"ഇല്ലാ" തേങ്ങലടക്കിക്കൊണ്ട് "ഞാന്‍ ജയിച്ചു".
"അതിനെന്തിനാ കരയുന്നേ?"
"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന് മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."
കൂട്ടച്ചിരി...
വാല്‍ക്കഷ്ണം: എന്തായാലും അതോടെ ആ സ്കൂളിനോട് ചാത്തന് വിടപറഞ്ഞു. പേടിച്ചിട്ടൊന്നുമല്ല. പുതിയ സ്കൂളില്‍ ആറാം ക്ലാസ് ഉണ്ടായിരുന്നു. അത് വീടിനു കൂടുതല്‍ അടുത്തുമായിരുന്നു. എന്ത് വിശ്വാസമില്ലാന്നോ.. വിശ്വസിച്ചില്ലേല് ചാത്തനു പുല്ലാ..
സൃഷ്ടിപുരാണം
4 years ago