എടാ വിമാനം പോണ കാണണേല് ഓടിവാ.
എവിട്യാ ഏച്ചീ?
അദോ ആ വെള്ള വര പോണ കണ്ടാ ജറ്റാ ജറ്റ്.
ഏച്ചി നോക്കിക്കോ ഒരീസം ഞാനും ജെറ്റിലു പോകും മോളീന്ന് കൈ കാണിക്കാം ട്ടാ.
.....................................................
ഒരു ഫോണ്‍ കോളിനിടയില്‍ നിന്ന്.
എടാ എല്ലാ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും ഫോറിനിലൊക്കെ പോണില്ലെ നിനക്കെന്താ എവിടേം പോണ്ടേ?
പോവണമെന്ന് ആഗ്രഹമുണ്ട് പക്ഷെ നിങ്ങളെ ഒക്കെ ഇടക്കിടെ കാണാന്‍ തോന്നുമ്പോള്‍ ഓടിവരാന്‍ പറ്റൂലാലോ.
അതിനു നിന്നോടു കാലാകാലം അവിടെപ്പോയി നില്‍ക്കാനല്ല പറയുന്നത്, ചുമ്മാ ഒന്ന് രണ്ട് മാസമൊക്കെ പോയി വന്നൂടെ. അങ്ങനെ നീ പണ്ട് പറയാറുള്ളതു പോലെ വിമാനത്തിലും കയറാലോ?
ഒന്ന് രണ്ട് മാസമൊക്കെ പോയി ഒന്ന് കറങ്ങി വരാന്‍ ആഗ്രഹമില്ലാഞ്ഞാണോ കമ്പനി വിടണ്ടേ?
എന്നാപ്പിന്നെ നിനക്കു ചുമ്മാ ചെറിയ ദൂരത്തേക്ക് ഒന്ന് വിമാനത്തിലു കയറിക്കൂടെ?
--പിന്നേ ഇന്ത്യേടെ ഒരറ്റത്തൂന്ന് മറ്റേ അറ്റത്ത് പോയപ്പോള്‍ പോലും വിമാനത്തിലു പോയിട്ടില്ല. പിന്നാ. കാശെത്ര ചെലവാകുമ്ന്ന് വെച്ചിട്ടാ. ഇനി എങ്ങനേലും ഐടി കൂലിപ്പണിക്കാരന്റെ മാനം രക്ഷിക്കണമല്ലോ--
ഞാന്‍ അടുത്ത തവണ തിരുവനന്തപുരത്തിനു പോകുന്നത് വിമാനത്തിലാ.
എന്നിട്ട് വന്നിട്ട് വിശേഷം പറയണേഡാ.
ശരി.
............................................................
കൂട്ടുകാരില്‍ പലരും നാട്ടിലു പോണതു എയര്‍ഡക്കാനിലാ, ബസ്സിന്റെ കാശിലും ഇത്തിരി കൂടുതലേ ആവൂ.പിന്നെന്താ ഒരിക്കലെങ്കിലും ചാത്തനും ഒന്ന് വിമാനത്തില്‍ കയറിയാല്‍? എന്തായാലും ഒരു വാക്ക് പറഞ്ഞതല്ലേ പോയിക്കളയാം. ടിക്കറ്റ് ബുക്ക് ചെയ്തു. ഒരു ശനിയാഴ്ച രാവിലെ ബാംഗ്ലൂരീന്ന് തിരുവനന്തപുരത്തേക്ക്. തിരിച്ച് ഞായറാഴ്ച വൈകീട്ട് ബസ്സിനുള്ള ടിക്കറ്റ് തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെക്കൊണ്ട് ബുക്ക് ചെയ്യിച്ചു. അങ്ങനെ കാത്ത് കാത്ത് ആ ദിവസം വരാനായി.
ഒരാഴ്ച മുന്‍പ് ഒരു ദിവസം വൈകീട്ട് എയര്‍ഡക്കാനില്‍ നിന്ന് മൊബൈലില്‍ ഒരു എസ് എം എസ്. നിങ്ങള്‍ ബുക്ക് ചെയ്ത ഫ്ലൈറ്റ് കാന്‍സല്‍ ചെയ്തു. വേണമെങ്കില്‍ ശനിയാഴ്ച വൈകീട്ടുള്ള ഫ്ലൈറ്റില്‍ പോകാം, അല്ലെങ്കില്‍ ഞായറാഴ്ച രാവിലെ!!!. ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാനോ കാന്‍സല്‍ ചെയ്യാനോ കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിളിക്കുക. വെറും ഒന്നര ദിവസത്തേക്ക് പോകുന്നവനോട് വേണ്ടിയിരുന്നില്ല ഡക്കാനേ നിന്റെ ആനമയിലൊട്ടകം. ഇതിലും ഭേദം അങ്ങോട്ട് കൊണ്ട് പോകുന്ന വിമാനത്തില്‍ തന്നെ തിരിച്ചു കൊണ്ടുവരുന്നതായിരുന്നു.
എന്തായാലും പോയേ പറ്റൂ, അതിനി ശനിയാഴ്ച വൈകീട്ടുള്ള സര്‍വീസില്‍ പറ്റൂല. അതുമല്ല ഇങ്ങനെ അവസാന നിമിഷം ആളെപ്പറ്റിക്കുന്ന സര്‍വീസില്‍ ഇല്ലേയില്ല. എന്നാല്‍ പിന്നെ ഇരട്ടിക്കാശായാലും കൂടുതല്‍ വിശ്വാസയോഗ്യമായ മീന്‍ കൊത്തി ഫ്ലൈറ്റ് സര്‍വീസില്‍ തന്നെയായിക്കളയാം. അതിനു ബുക്ക് ചെയ്തു.
റീഫണ്ട് കസ്റ്റമര്‍ സര്‍വീസ് രാവിലെ 9 മുതല്‍ 5 വരെ മാത്രം. പിറ്റേന്ന് രാവിലെ മുതല്‍ ഫോണ്‍ വിളി തുടങ്ങി. എപ്പോള്‍ വിളിച്ചാലും എന്‍ഗേജ് ടോണ്‍. അവസാനം കിട്ടി. രണ്ട് മൂന്ന് കമ്പ്യൂട്ടര്‍ വഴിതിരിച്ചു വിടല്‍. അവസാനം ഒരിടത്ത് നിന്ന്. നിങ്ങളുടെ സര്‍വീസ് നമ്പര്‍ 19 അതെത്തുന്നതു വരെ ഫോണ്‍ ചെവിയില്‍ പിടിച്ചോണ്ട് നില്ക്കൂ.
അഞ്ച് മിനിറ്റ് ചെവീല് പിടിച്ച് മ്യൂസിക്കും കേട്ടോണ്ട് നിന്നു. ഇത് ശരിയാവൂല തലച്ചോറോക്കെ (എന്ത് അങ്ങനൊന്നില്ലല്ലോന്നാ എന്നാല്‍ തലച്ചേറൊക്കെ) ഉരുകിയൊലിച്ച് വരും. ഹാന്‍ഡ്സ്ഫ്രീ എടുത്ത് കുത്തി ചെവീല് വച്ചു. ഓഫീസ് ജോലി തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അതിന്റെ കാര്യം തന്നെ മറന്നപോലായി. പെട്ടന്ന് മ്യൂസിക്കും നിലച്ചു. ശ്ശോ അരമണിക്കൂറു കഴിഞ്ഞു. തന്നെ കട്ടായതെങ്ങനെ? വീണ്ടും വിളിച്ചു. മൊബൈലില്‍ കാശു തീര്‍ന്നു.
ഉച്ചയ്ക്ക് പിന്നേം വിളിച്ചു, തഥൈവ. അവസാനം വിളിച്ച് വിളിച്ച് മൊബൈലിലെ വീണ്ടും നിറച്ച കാശ് തീരാറാവുമ്പോഴേയ്ക്ക് കിട്ടി. റീഫണ്ട് ചെയ്തോളാം എന്ന് മറുപടി കിട്ടി പക്ഷേ ഒരു മാസമാവും. അതുശരി ബുക്ക് ചെയ്യുമ്പോള്‍ ഒരുമാസം കഴിഞ്ഞ് കാശ് തന്നാല്‍ മതി എന്ന ഓഫറൊന്നുമില്ലായിരുന്നില്ലാലോ. കാശ് കിട്ടേണ്ടത് എനിക്കല്ലേ, കിട്ടിയിട്ടാവാം ചീത്തപറയല്‍.
അങ്ങനെ ആ ദിവസവുമെത്തി. എയര്‍പോര്‍ട്ടിലെ നടപടികള്‍ പലരോടും ചോദിച്ച് പഠിച്ചു വച്ചു. പ്രിന്റഡ് ടിക്കറ്റും കൊണ്ട് ചെല്ലുക, ക്യൂ നില്ക്കുക, ബോര്‍ഡിംഗ് പാസ് വാങ്ങുക, പറക്കുക. ലഗേജ് തോളിലിടാവുന്ന ഒരു ബാഗ് മാത്രം അതാവുമ്പോള്‍ വേറെ ഗുലുമാലൊന്നുമില്ല, കയ്യില്‍ തന്നെ വയ്ക്കാം.
പോകേണ്ടതിനു തലേന്ന് രാത്രി വീണ്ടുമൊരു ഫോണ്‍, മീന്‍കൊത്തി വഹ. ചാത്തനു പോകാനുള്ള മീന്‍ കൊത്തി ഫ്ലൈറ്റും കാന്‍സലായീന്ന്!. പകരം അല്പം കഴിഞ്ഞുള്ള കൊച്ചി ഫ്ലൈറ്റിലുവിടാം അത് പിന്നെ തിരുവനന്തപുരത്ത് പോകുമെന്നും. ഭാഗ്യം ടേക്കോഫും ലാന്‍ഡിംഗുമൊക്കെ രണ്ട് തവണ ആസ്വദിക്കാം അതും ഒരു ടിക്കറ്റിന്റെ ചിലവില്‍!. അടുത്ത സെക്കന്റില്‍ സമ്മതിച്ചു.
വെളുപ്പിന് 5 മണിയ്ക്ക് എഴുന്നേറ്റു. ഷേവ് ചെയ്ത് കുളിച്ച് കുട്ടപ്പനായി എയര്‍പോര്‍ട്ടിലെത്തി. ക്യൂവില്‍ സ്ഥാനം പിടിച്ചു. സമാധാനം ബോര്‍ഡിംഗ് പാസ് കിട്ടി അതും സൈഡ് സീറ്റ്!. പിന്നെ ഒരു ടാഗ് തന്നു ബാഗിന്റെ സൈഡില്‍ കെട്ടിയിടാനുള്ളത് . അത് ഒറ്റക്കൈ കൊണ്ട് കെട്ടാന്‍ നോക്കീട്ട് പറ്റുന്നില്ല. മുന്‍പ് കണ്ടിട്ടുണ്ട് എയര്‍പോര്‍ട്ടീന്ന് (അതോ അങ്ങ് സ്വര്‍ഗത്തൂന്നോ) വരുന്നതാന്ന് കാണിക്കാന്‍ ഇമ്മാതിരി ടാഗും കെട്ടി നടക്കുന്നവരെ. ചാത്തനങ്ങനെ ജാഡ കാണിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും കിട്ടിയതല്ലേ ഇരിക്കട്ടേ, അതെടുത്ത് ബാഗിന്റെ ഉള്ളിലിട്ടു.
ചെക്ക് ഇന്നിനുപോയപ്പോള്‍ ആ സെക്യൂരിറ്റി എന്തോ കള്ളക്കടത്തുകാരന്റെ മാതിരി എന്റെ ബാഗെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു. മുന്‍പേ പോയവരുടേതൊന്നും ഇങ്ങനെ നോക്കീട്ടില്ല. അവസാനം സഹികെട്ട് അവിടെങ്ങാണ്ട് കിടന്ന ഒരു ജെറ്റ് എയര്‍വേസിന്റെ ടാഗെടുത്ത് കെട്ടി, അതിലൊരു സീലും വച്ച് തന്നു. അയ്യടാ ഇതിനായിരുന്നോ ബാഗ് തപ്പിയത്!
സീറ്റ് കണ്ടുപിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി. 1, 2 എന്ന് എണ്ണമിടാന്‍ ഇവന്മാര്‍ക്കറിഞ്ഞൂടെ. ബാഗിനു വലിപ്പം ഇത്തിരി കൂടിപ്പോയതോണ്ട് മുകളില്‍ വയ്ക്കാന്‍ പറ്റിയില്ല. കാലിന്റടിയില്‍ അതു വച്ചപ്പോള്‍ പിന്നെ സീറ്റ് ബെല്‍റ്റിട്ടില്ലേലും കുഴപ്പമില്ലാ. അയ്യോടാ സീറ്റ് ബെല്‍റ്റ് അതിന്റെ കാര്യം മറന്നു ഇട്ടേക്കാം . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടാവും ബെല്‍റ്റിനകത്ത് ചാത്തനെപ്പോലെ രണ്ടാള്‍ക്ക് ഇനിയും കയറാം. ഇതൊന്ന് ചെറുതാക്കാന്‍ ആരോടാ ഒന്ന് ചോദിക്കുക. അടുത്തിരിക്കാന്‍ വരുന്ന ആളോട് ചോദിക്കാം.
ഒരു ചെറുപ്പക്കാരന് ഒരു ചെറുഷോള്‍ഡര്‍ ബാഗുമെടുത്ത്, ഐടി സന്തതി തന്നെ. ചോദിക്കാന്‍ ചെറിയൊരു അപകര്‍ഷതാബോധം. പക്ഷേ ഇതെന്താ അങ്ങേര്‍ക്ക് എന്നെക്കാളും ഒരു ചമ്മല് ഇങ്ങോട്ട് നോക്കാന്‍!! കുറച്ച് സമയമായി സീറ്റ് ബെല്‍റ്റിന്റെ ഒരറ്റം പിടിച്ച് തിരിച്ചും മറിച്ചും നോക്കുന്നു, എന്തോ പിടിച്ച് വലിച്ചപ്പോള്‍ ആ സൈഡ് നീളം കൂടി എന്നാലും മറ്റേ സൈഡിലേക്ക് എത്തുന്നില്ല. ഓഹോ അങ്ങനെയാണല്ലേ. യുറേക്കാാാാ...
എന്താ മാഷേ പ്രശ്നം സീറ്റ് ബെല്‍ട്ടിടാനാണോ? അറീലെങ്കില്‍ ഇതൊക്കെ ചോദിക്കേണ്ടേ. ആദ്യമായിട്ടാണോ ഫ്ലൈറ്റില്‍? ബെല്‍റ്റിന്റെ നീളം കൂട്ടുന്നതെങ്ങനെ എന്ന് അപ്പോഴേക്കും ചാത്തന് മനസ്സിലാക്കി. ചുവന്ന ഉടുപ്പിട്ട ഒരു എയര്‍ ഹോസ്റ്റസ് (വാമഭാഗം സൈഡിലിരിക്കുന്നതു കൊണ്ട് അതിനെപ്പറ്റി നോ കമന്റ്സ് വേണേല്‍ പണ്ടാരോ പറഞ്ഞത് ഒന്ന് ക്വോട്ട് ചെയ്യാം വിമാനത്തീനിറങ്ങുമ്പോ എയര്‍ ഹോസ്റ്റസ് ചിരിച്ചു കാണിച്ചാ പലരും തിരിച്ചു കയറും എന്ന്(എന്നോട് പറഞ്ഞത് കൂളിങ്ഗ്ലാസൊക്കെ വച്ച് പാരാ പാരാ(തേരാ പാരാ അല്ല, പാരകള്‍ പാരഗ്രാഫുകളായി എന്നര്‍ത്ഥം) കമന്റിട്ട് നടക്കുന്ന ഒരു ബാച്ചിയാണ്) ) സീറ്റ് ബെല്‍റ്റിടാനും സേഫ്റ്റിമെഷേര്‍സും പഠിപ്പിക്കാന്‍ തുടങ്ങി.
വിമാനം പൊങ്ങി. ഓ അത്ര വല്യ പ്രശ്നമൊന്നുമില്ല. ജനലിലൂടെ താഴെ കളിവീടുകള്‍ പുല്‍മേടുകള്‍ വെള്ളച്ചാലുകള്‍. സൈഡിലിരിക്കണ പാര്‍ട്ടി സീറ്റിന്റെ മോളില് അള്ളിപ്പിടിച്ചിരിപ്പാണ്, ഓ ഇത്രേം ഒന്നും പേടിക്കാനെന്തിരിക്കുന്നു. ഇനി താഴോട്ട് പോവുമ്പോളാത്രേ കൂടുതല്‍ പ്രശ്നം.
കഴിക്കാനെന്താ വേണ്ടത് വെജ് ഓര് നോണ്‍വെജ് -- രണ്ടും വേണമെന്ന് പറഞ്ഞാലോ രാവിലെ ഒന്നും കഴിച്ചിട്ടില്ല. മെനു നോക്കി വെജ് വെറും വടെം ചപ്പും ചവറും ഫ്രീ അല്ലേ നോണ്‍ വെജ് മതി--ജീവിതത്തിലാദ്യമായിട്ടാവും ചിക്കന്‍ ബ്രേക്ക്ഫാസ്റ്റിന്!!!!
കൂടെ ഒരു ഫ്രൂട്ട്ജ്യൂസും കിട്ടി വെള്ളം കുടിച്ചപ്പോള്‍ തന്നെ ദാഹം മാറി ഇതിനി ബാഗിലിരിക്കട്ടെ.
കൊച്ചി എത്താനായി. യാത്രയ്ക്കാര്‍ സീറ്റ് ബെല്‍ട്ടിടുക. ബെല്‍റ്റിട്ടു കുറച്ച് സമയമായി ഇറങ്ങുന്ന ലക്ഷണമൊന്നുമില്ല. നല്ല മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു. താഴെ ഒന്നും കാണാന്‍ മേലാ. വിമാനത്തിന്റെ ചില്ലില്‍ ഒരു സൈഡിലേക്ക് നീങ്ങുന്ന വെള്ളത്തുള്ളികള്‍. പെട്ടന്ന് വിമാനം ഒന്നിളകി.പിന്നെ തുടര്‍ച്ചയായി ഇളക്കങ്ങള്‍. തൊണ്ടവരെ എത്തുന്ന അനേകം നിലവിളിശബ്ദങ്ങള്‍ പുറത്തുവരാതെ പലരുടേയും കണ്ണില്‍ കാണാം.
വീ ആര് എക്സ്പീരിയന്‍സിംഗ് എ മൈനര്‍ ടര്‍ബുലന്‍സ്.
അയ്യടാ അതിതായിരുന്നോ കോളടിച്ചു ആദ്യവിമാനയാത്രയില്‍ തന്നെ ഫ്രീ ആയി ടര്‍ബുലന്‍സും. ചാത്തനാകെ ത്രില്ലടിച്ചിരിപ്പായി. ഇനി മോളില് വച്ച ബാഗുകളൊക്കെ ഇപ്പോള്‍ ഉരുണ്ടു താഴെ വീഴും, ഓക്സിജന്‍ മാസ്ക് താഴോട്ടേയ്ക്ക് വരും ആകെ ബഹളമാകും ഹായ് ഹായ്.
ഒന്നും സംഭവിച്ചില്ല. പക്ഷെ വിമാനം പിന്നേം ശക്തമായി ഇളകിക്കൊണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വിമാനം താഴോട്ടേയ്ക്ക് കുതിച്ചു. താഴെയെത്തി നിര്‍ത്തിയതും ആളുകളെല്ലാം എണീച്ച് റ്റോയ്ലറ്റിനടുത്തേയ്ക്ക് ഓട്ടം പിടിച്ചു. അതിലാകെ ഒന്നേയുള്ളൂ അവിടൊരു ക്യൂ തന്നെയായി. കോട്ടും സൂട്ടുമണിഞ്ഞ് ക്യൂ നിന്ന ഒരു മാന്യന് എയര്‍ ഹോസ്റ്റസ്മാരെ തെറി വിളിക്കുന്നു. പല ടര്‍ബുലന്‍സും ഞാന്‍ കണ്ടിട്ടുണ്ട്. ഇങ്ങനാണോ ഓടിക്കുന്നത് അവിടെ വച്ച് തന്നെ തീര്‍ന്നെന്നാ വിചാരിച്ചത്. ദൈവത്തിന്റെ കൃപ. ഇതാണോ വെറും മൈനര്‍ ടര്‍ബുലന്‍സ്!!!!!
"അയ്യോ വെയിറ്റ് വെയിറ്റ് ക്യൂവില്‍ ഇനീം ആളു കേറാനുണ്ടേ....."
വാല്‍ക്കഷ്ണം: വീണ്ടും പൊങ്ങിത്താണ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. ഒരു വിഷമം മാത്രം താഴെ നോക്കി കൈ കാണിക്കാന്‍ വിമാനത്തിന്റെ ചില്ലുജാലകം പൊട്ടിക്കാന്‍ പറ്റീല്ല.
സൃഷ്ടിപുരാണം
4 years ago