നിഴലുകള്‍ക്ക് നിറം വച്ചുതുടങ്ങി. ആ ജീവികള്‍ കുതിരകളാണ്. അതിന്റെ മോളില് ഇരിക്കുന്നത് കാക്കിധാരികളും. പോത്തുകള്‍ ഇപ്പോള്‍ കാലന്റെ സര്‍വീസില്‍ ഇല്ലേ?
കാക്കിധാരികളെ കണ്ടിട്ട് ഒരു പോലീസ് ഛായ. അതെ പോലീസുകാരു തന്നെ. [കുറച്ച് മുന്‍പ് ഈ കുതിരപ്പോലീസിന്റെ ഒരു പടം പോസ്റ്റ് വന്നതും ചാത്തന്റെ വഹ ഒരു കമന്റ് ഇട്ടതും വല്ലവരും ഓര്‍ക്കുന്നുണ്ടോ ആവോ?]
പോലീസുകാര്‍ അടുത്തെത്തി.
എന്താ ഇവിടെ?
സിനിമയ്ക്ക് പോയിട്ട് വരുന്ന വഴിയാ.
ടിക്കറ്റ് കാണിച്ചേ.
ഉം ശരി ഇതെന്താ ഇത്രേം വൈകിയത്.
സത്യം പറഞ്ഞാല്‍ ഇവരു വിശ്വസിച്ചില്ലെങ്കിലോ?
അത് എന്റെ കൂട്ടുകാരു കൂടെ ഉണ്ടായിരുന്നു. അവരെ വീട്ടിലാക്കി വരുന്ന വഴിയാ. ഇതിനടുത്താ ഞങ്ങളുടെ ഓഫീസ് അതോണ്ട് ഈ വഴി എപ്പോഴും നടക്കുകയാ പതിവ്.
ഐഡി കാര്‍ഡുണ്ടോ?
ഉണ്ട് ദാ.
വിശ്വസിച്ചോ എന്തോ? വേഗം പോയിക്കൊള്ളാന്‍ പറഞ്ഞു.
ടിടിസിയില്‍ നിന്ന് അമ്പലമുക്കിലേക്ക് രാത്രി ഓഫീസു വിട്ടാല്‍ നടപ്പ് തന്നെയാണ്. പലപ്പോഴും വൈകാറുമുണ്ട്. അതോണ്ട് പകുതി കള്ളമേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിക്കാം. കൂടുതല്‍ അപകടങ്ങളൊന്നുമില്ലാതെ വീട്ടിലെത്തി, പുറത്ത് വച്ച താക്കോലെടുത്ത് വാതില്‍ തുറന്ന് ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു. ചപ്പാത്തീം കറീമൊക്കെ തണുത്ത് ഒരു പരുവമായിട്ടുണ്ട്. അടുക്കളയില്‍ വച്ച് തന്നെ കഴിച്ച്, പുറത്ത് വന്ന് സമയം നോക്കി. രണ്ട് മണി കഴിഞ്ഞു.
കിടക്കയിലേക്ക് വീണതേ ഓര്‍മ്മയുള്ളൂ. ഒരു സ്വപ്നം പോലും കാണാത്ത സുഖനിദ്ര.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ കൂടെ താമസിക്കുന്ന അമ്മാവന്മാരുടെ ചോദ്യങ്ങള്‍. എപ്പോഴാ വന്നത്? എന്താ വൈകിയത്?
ഇനിമേലാല്‍ സിനിമയ്ക്ക് പോകുകയോ വൈകുകയോ ചെയ്യുകയാണെങ്കില്‍ ആദ്യമേ ഫോണ്‍ ചെയ്ത് പറഞ്ഞിരിക്കണം എന്ന കണ്ടീഷനില്‍ തലയൂരി.
ഓഫീസിലെത്തിയപ്പോള്‍ തലേന്ന് തീയേറ്ററില്‍ വച്ച് കണ്ടവന് ചോദിച്ചു.
നീ എവിടെയാ താമസിക്കുന്നത്?
അമ്പലമുക്കില്‍.
ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്?
നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]
കേട്ടവന് ഒന്ന് ഞെട്ടിയോ എന്തോ. പിന്നൊന്നും മിണ്ടീല.
പതുക്കെ പതുക്കെ ആളുകള്‍ ഒറ്റയായും കൂട്ടമായും വന്ന് ചോദിച്ചു തുടങ്ങി.
ഇതെന്താ ഇത്രേം വല്യ ആനക്കാര്യമോ മറ്റോ ആണോ ഒരു നാലഞ്ച് കിലോമീറ്റര്‍ നടക്കുന്നത്?
കുട്ടിച്ചാത്തന്റെ കൂടെ താമസിക്കുന്ന കൂട്ടുകാരനാണ് ആദ്യം ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തത്. അവന്റെ കൂട്ടുകാരാണ് ചാത്തന്റെ, കമ്പനിയിലെ ആദ്യ കൂട്ടുകാര്‍. അവന് സ്ഥലത്തുമില്ലാലോ. ബാക്കിയുള്ളവരെ പരിചയപ്പെട്ട് വരുന്നേയുള്ളൂ. [അവന് നാട്ടില്‍ പോയ സമയത്താണ് ചാത്തന്റെ ഈ കൃത്യം എന്നോര്‍ക്കുമല്ലോ]. ആ കൂട്ടുകാരൊക്കെ ഓടി വന്നു.
ഡാ നിനക്കു വട്ടാണോ? പാതിരായ്ക്ക് ഇത്രേം ദൂരം നടക്കുകയോ!
ആ സിനിമ ഞായറാഴ്ച പകലെങ്ങാന്‍ കണ്ടാല്‍ പോരായിരുന്നോ?
നീ താമസിക്കുന്നിടത്തൂന്ന് ആരും ഒന്നും ചോദിച്ചില്ലേ?
നിന്റെ കൂട്ടുകാരന് എന്തു പാവമാടാ? നീ ഇത്രേം തലതിരിഞ്ഞവനാണോ?
ചോദ്യങ്ങള്‍ പലവിധം എന്നാല്‍ അതില്‍ എന്നും ഓര്‍ക്കുന്ന ഒരു ശബ്ദം ഇങ്ങനെ ....
എടാ ഇനി നിനക്കിനി ഇതുപോലെ വല്ല പടോം കാണണമെന്നുണ്ടെങ്കില്‍ മുന്‍പേ പറയണം. ഞങ്ങളെല്ലാം മുന്‍പേ കണ്ടതാണെങ്കിലും, കാണാനാഗ്രഹമില്ലെങ്കിലും, നീ പോകണമെന്ന് പറഞ്ഞാല്‍ പടം തുടങ്ങുന്നതിനു മുന്‍പ് അങ്ങോട്ടും കഴിഞ്ഞ് തിരിച്ചും ബൈക്കില്‍ കൊണ്ടുവിട്ടുതരാം മേലാലിമ്മാതിരി സാഹസം കാണിച്ചേക്കരുത്.
വാല്‍ക്കഷ്ണം:
എന്തായാലും ആ ഒരു സംഭവത്തോടെ, ചേര്‍ന്നിട്ടധികം നാളാവാത്ത കുട്ടിച്ചാത്തനെ, 60ല്‍ പരം ആളുകളുള്ള കമ്പനിയില്‍ അറിയാത്തവരില്ലാതായി.
സൃഷ്ടിപുരാണം
4 years ago