ഇത് വായിക്കും മുന്‍പ് കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.
അഞ്ചില്‍ നിന്ന് ആറിലേയ്ക്ക്. അതിനിടെ ചാത്തന് വീടിന് കുറച്ചൂടെ അടുത്തുള്ള സ്ക്കൂളിലേക്ക് മാറി. അടുത്ത് എന്ന് മാത്രമല്ല വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊരു ഹൈസ്ക്കൂള് കൂടിയായിരുന്നു 6 ഉം 7ഉം രണ്ട് ഡിവിഷന് വച്ചും ബാക്കി 10 വരെ 8-10 ഡിവിഷനുകള്‍ വച്ചും, ഇനി 10 വരെ സ്ക്കൂള് മാറേണ്ട കാര്യമില്ല. പോരാഞ്ഞ് ചാത്തന്റെ അമ്മ അവിടെ യുപി വിഭാഗത്തില്‍ പഠിപ്പിക്കുന്നുമുണ്ട്.
കൂടുതല്‍ ബോറഡിപ്പിക്കുന്നില്ല. ആറാം ക്ലാസിലെ കായികദിനം വരുന്നു. ചാത്തനിത്തവണയും ലോങ്ങ് ജമ്പിനു പേര് കൊടുത്തു. ഒരൊറ്റ ഐറ്റത്തിനു മാത്രേ മല്‍സരിക്കുന്നുള്ളോന്ന് പി.ടി മാഷ് ചോദിച്ചപ്പോള്‍ ചാത്തനെന്തോ ഒരു വല്ലായ്മ. പിന്നേം ഐറ്റം ലിസ്റ്റ് മൊത്തം തപ്പി. ഒരെണ്ണം കൂടി കിട്ടി. 50 മീറ്റര്‍ ഓട്ടം അതിനാവുമ്പോള്‍ ചെറിയദൂരമേ കാണൂ പോരാഞ്ഞ് ഒരാള്‍ക്ക് 3 ഐറ്റത്തിനേ പേര് കൊടുക്കാന്‍ പറ്റൂ എന്ന നിര്‍ബന്ധവുമുണ്ട്. എല്ലാവരും 100ഉം 200ഉം 400ഉം തിരഞ്ഞെടുക്കുന്നതാണ് ട്രെന്റ്, ചാട്ടത്തിനുള്ളവര്‍ 400 ഒഴിവാക്കും, കിഡീസ് വിഭാഗത്തില്‍ 6, 7 ക്ലാസിലെ നാല് ഡിവിഷനില്‍ നിന്നുള്ളവരേയുള്ളൂ, അങ്ങനേം ആളു കുറയും. അങ്ങനെ 50 മീറ്ററിനും ചാത്തന് പേരു കൊടുത്തു.
50 മീറ്ററിനു വേണ്ടി ആരെങ്കിലും പരിശീലിക്കുമോ, ചാത്തന് ഫേവറിറ്റ് ഐറ്റത്തില്‍ മാത്രം ശ്രദ്ധിച്ചു. ലോങ്ങ് ജമ്പ് അടുത്ത പോസ്റ്റാണേ, ഇത്തവണ ഓട്ടം മാത്രമാക്കുന്നു.
കായികദിനം വന്നു. കുളിച്ച് കുറിതൊട്ട് വിക്ടറിസ്റ്റാന്ഡില് നില്ക്കുന്ന മകന് അമ്മതന്നെ മെഡല്‍ ചാര്‍ത്തിത്തരുന്നതൊക്കെ സ്വപ്നം കണ്ട് സ്ക്കൂളിലെത്തി.(സമ്മാനര്‍ഹര്‍ക്ക് ഏതെങ്കിലും രണ്ട് അദ്ധ്യാപകര്‍ (ഒരാള്‍ എസ്കോര്‍ട്ട്) മല്‍സരം കഴിഞ്ഞ് കുറച്ച് സമയത്തിനുശേഷം ഒരു വിക്ടറിസ്റ്റാന്ഡില് വച്ച് മെഡല്‍ ഇട്ട് കൊടുക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, സര്‍ട്ടിഫിക്കറ്റ് പിറ്റേന്ന് അസംബ്ലിയില്‍ വച്ചും)
മല്‍സര ഇനങ്ങളുടെ സമയം കാണിക്കുന്ന പട്ടിക നോക്കി ലോങ്ങ് ജമ്പിന്റെ സമയം കണ്ടുപിടിച്ചു, നാളെയേ ഉള്ളൂ, 50 മീറ്റര്‍ കിഡീസ് എവിടെ !!! പട്ടിക മൊത്തം വീണ്ടും വീണ്ടും അരിച്ച് പെറുക്കി നോ രക്ഷ!!!. പിന്നെ ഒരു പേപ്പര്‍ എടുത്ത് ഒരൈറ്റം ഒഴികെ ബാക്കിയൊക്കെ മറച്ച് പിടിച്ച് ഓരോന്നായി നോക്കി. ഇല്ലാത്ത സാധനം എവിടെ കിട്ടാന്‍. മാഷ് അത് ചേര്‍ക്കാന്‍ വിട്ട് പോയതായിരിക്കും 100 മീറ്റര്‍ മുതലുണ്ട്. അതും നാളെയാ. പിന്നെ മാഷെ തിരക്കി നടന്നു. സ്വതവേ ദുര്ബലന് പോരാഞ്ഞ് വയറിളക്കവും എന്ന് പറയുമ്പോലെ സ്വതവേ നാണം കുണുങ്ങി പോരാഞ്ഞ് മല്‍സരത്തിന്റെ ടെന്‍ഷനും മാഷാണെങ്കില്‍ ഒടുക്കത്തെ തിരക്കും.
ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ പി.ടി മാഷോട് പറയും മുന്‍പ് ക്ലാസ് ടീച്ചറോട് പറയണമെന്നാ. ചാത്തന്റെ ക്ലാസ് ടീച്ചറാണെങ്കില്‍ ചാത്തന്റെ അമ്മയും!!!. നേരെ അമ്മയോട് പോയി കാര്യം പറഞ്ഞു. നിനക്ക് വേണേല്‍ നീ തന്നെ പോയി ചോദിക്കെടാ. ആ വഴീം അടഞ്ഞു. വേറെ വല്ല പിള്ളേരുമാണെല്‍ അമ്മ പോയി ചോദിച്ചേനെ. ഇത് സ്വന്തം മോന്റെ കാര്യല്ലേ ചോദിക്കുന്നത് കുറച്ചിലല്ലേ.
അവസാനം മാഷെന്തോ തിരയാനായി സ്റ്റാഫ് റൂമിലെത്തി, വാതില്ക്കല് കാത്ത് നിന്ന് മാഷ് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ പിന്നാലെ കൂടി കാര്യം ചോദിച്ചു.
50 മീറ്ററല്ലേ അതിന് നീയല്ലാതെ വേറെ ആരും പേര് തന്നില്ലാ. ഒരാള്‍ക്ക് മാത്രായി എങ്ങനാ മല്‍സരം നടത്തുന്നേ?
അത് ന്യായം, എന്നാലും ആ ഇനത്തിനു അധികം ആരും പേര് കൊടുക്കരുത് എന്ന് പ്രാര്‍ത്ഥിച്ചത് ഇത്തിരി കൂടിപ്പോയോ പടച്ചോനേ. ദൈവം കുറച്ച് എക്സ്ട്രാ കനിഞ്ഞ് അനുഗ്രഹിച്ച് കളഞ്ഞു. ഓട്ടമല്‍സരത്തിനു മിനിമം മൂന്നാളെങ്കിലും വേണം എന്ന സാമാന്യബോധം ദൈവത്തിനില്ലാതെ പോയോ!.
അല്ലാ ബാക്കി രണ്ട് പേരെ ചാത്തന് സംഘടിപ്പിച്ചാല്‍ പോരെ. ഓടുമ്പോള്‍ മുടന്തില്ലാത്ത റിജുവും ചാത്തനേക്കാളും കൊച്ച് പയ്യന്‍സ് ബിജുവും തന്നെ ധാരാളമാണല്ലോ. മൂന്നെണ്ണത്തില്‍ ഒരു സമ്മാനം ഉറപ്പ് എന്നറിഞ്ഞാല്‍ അവരും സമ്മതിക്കും!. അപ്പോഴേക്കും മാഷ് ദൂരെയെത്തി. പിന്നേം കുറേ സമയം കറങ്ങി നടന്നു. മാഷ് ദേ തിരിച്ച് വരുന്നു.
ഇതിനിടെ വേറൊരു കാര്യം ബാക്ക് ഗ്രൗണ്ടില്‍ നടന്നിരുന്നു. 50 മീറ്റര്‍ എന്താ ഇല്ലാത്തേന്ന് മാഷോട് അമ്മ ചോദിച്ചിരുന്നു. മാഷ് കാര്യോം പറഞ്ഞു. ഇക്കാര്യം ചാത്തന് പിന്നെയാ അറിഞ്ഞത്. എന്തായാലും ചോദിക്കാനും പറയാനും ആളുള്ളതോണ്ടാവും ഇത്തവണ പഴയ തിരക്ക് കാണിച്ചില്ല.
മാഷേ രണ്ട് പേരെ വിളിച്ചോണ്ട് വന്നാല്‍ നടത്താമോ?
അതെങ്ങനെ ആദ്യം പേരു തരാത്തവരെ മല്‍സരിപ്പിക്കാന്‍ പറ്റൂല.
എന്നാപ്പിന്നെ ചാത്തന് ഒറ്റയ്ക്കോടിയാല്‍ മതിയോ?
മാഷൊരു ആക്കിയ ചിരി.
നിനക്ക് വേണേല്‍ ഒരു സര്‍ട്ടിഫിക്കറ്റ് തന്നേക്കാം.
മതി അത് മതി ആര്‍ക്ക് വേണം പീറ മെഡല്‍ അല്ലെങ്കില്‍ തന്നെ ലോങ്ങ് ജമ്പിനു ഇത്തവണ ഒരെണ്ണം ഉറപ്പാ. പിന്നെന്തിനാ രണ്ട്. നമ്മള്‍ക്ക് സര്‍ട്ടീറ്റ് മതി.
അങ്ങനെ ഒന്നാം ദിവസത്തെ മല്‍സരം വളരെ വിശാലമായ മാര്‍ജിനില്‍ വിജയിച്ചോണ്ട് ചാത്തന് തുള്ളിച്ചാടി വീട്ടിലെത്തി. പങ്കെടുക്കാത്ത ഐറ്റത്തിനു സര്‍ട്ടിഫിക്കറ്റ് എന്ന അഴിമതി അമ്മയ്ക്ക് അങ്ങട് ബോധിച്ചില്ലാന്ന് തോന്നുന്നു. അത് ചാത്തനും മാഷും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍. ഒന്നന്വേഷിക്കാന്‍ പോലും സമയം കാണിക്കാത്ത അമ്മയ്ക്ക് ഇതിലെന്ത് കാര്യം?
പിറ്റേന്നത്തെ മല്‍സരങ്ങള്‍ തുടങ്ങും മുന്‍പ് തലേന്നത്തെ സര്‍ട്ടിഫിക്കറ്റ് വിതരണം.
ഓരോ ഐറ്റങ്ങളായി സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.
50 മീറ്റര്‍ കിഡീസ്. ഫസ്റ്റ് പ്രൈസ് കുട്ടിച്ചാത്തന്.
നീണ്ട കരഘോഷം.
ചാത്തന് മുന്നോട്ടാഞ്ഞു. ആരോ പിറകില്‍ നിന്ന് വലിക്കുന്നു.
വിടെടാ സര്‍ട്ടിഫിക്കറ്റ് വാങ്ങി വരട്ടെ.
ഷര്‍ട്ടീന്ന് വിടെടാ എന്റെ പേര് വിളിച്ചു.
ഇവനിട്ട് രണ്ട് പൊട്ടിക്കേണ്ടി വരുമെന്നാ തോന്നുന്നേ.
ചാത്തന് തനതായ വടക്കന്‍ നാടനടി സ്റ്റൈലില്‍ കുനിഞ്ഞ് ഒന്ന് പൊട്ടിക്കാനായി തിരിഞ്ഞു.
---------------------------------------------------------------
നീ വരുന്നില്ലേ ഗ്രൗണ്ടിലേക്ക്? എന്താ ആലോചിച്ചോണ്ട് നില്‍ക്കുന്നത്! അസംബ്ലി കഴിഞ്ഞതൊന്നും അറിഞ്ഞില്ലേ?
എന്റെ സര്‍ട്ടീറ്റ്!!!!!!!!!!!!! ആരോട് ചോദിക്കാന്‍?. ചോദിക്കേം പറയേം ചെയ്യേണ്ടവരു തന്നെയാവണമല്ലോ പാര വച്ചത്..
വീണ്ടും ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ.....
വാല്‍ക്കഷ്ണം:
അന്ന് വൈകീട്ട് വീട്ടില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നു. മേലില്‍ ഒരു ക്ലാസിലും ചാത്തന്റെ ക്ലാസ് ടീച്ചറാവുകയോ, ചാത്തന്റെ കാര്യങ്ങളില്‍ ഇടപെടുകയോ, ഹെഡ് മാഷ് എന്‍ഗേജ് പിര്യേഡ് ഇട്ടാല്‍ പോലും ആ വഴി വരികയോ ചെയ്യില്ല. എന്ന മൂന്ന് അലിഘിത കരാറുകളില്‍ ഉഭയകക്ഷികളുടെ സാന്നിധ്യത്തില്‍ ഉടമ്പടിയായ ശേഷം മാത്രമായിരുന്നു അത്താഴം.
ചാത്തന് ഏഴിലെത്തിയപ്പോഴേക്കും അമ്മ ജയിച്ച് ഹൈസ്ക്കൂളില്‍ എത്തിയത് കൊണ്ട് പിന്നെ അങ്ങനൊരു പ്രശ്നമുണ്ടായില്ലാ. ഹൈസ്ക്കൂളില്‍ ഒരുപാട് ഡിവിഷനുണ്ടായിരുന്നതോണ്ട് തുടര്‍ന്നും.
ഗുണപാഠം: മാതാപിതാക്കള്‍ അദ്ധ്യാപകരായിരിക്കുന്ന സ്ക്കൂളില്‍ ചേരാതിരിക്കുക, അഥവാ ചേര്‍ന്നാലും-- ക്ലാസ് ടീച്ചര്‍ !!! ഒരിക്കലും ആ അബദ്ധം കാട്ടാതിരിക്കുക.
സൃഷ്ടിപുരാണം
4 years ago