അബദ്ധത്തിലെങ്ങാനും "എടാ ഒരു പാട്ട് പാടിക്കേ..." എന്ന് പറഞ്ഞ് പോയാല്‍, നാവെടുക്കും മുന്‍പ് കര്‍ണ്ണകഠോരമായ ശബ്ദത്തില്‍ വച്ച് കീറിയിരുന്നതിനാല്‍ വീട്ടുകാരും നാട്ടുകാരും ഒരു തവണയില്‍ കൂടുതല്‍ ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.
എങ്കിലും ഗാനഗന്ധര്വ്വന് തന്റെ സാധകം തുടര്‍ന്നുകൊണ്ടിരുന്നു. ശല്യം സഹിക്കാനാവാതെ വീട്ടുകാര്‍ കുത്തിയിരുന്ന് ആലോചിച്ച് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. പാട്ടു പെട്ടീം നഴ്സറിപ്പാട്ടുകളുടെ ഒരു കാസെറ്റും അത് ഉപയോഗിക്കുന്ന രീതികളും ഗന്ധര്‍വ്വനു സ്വായത്തമാക്കിത്തന്നു. പാടാന്‍ തോന്നുമ്പോള്‍ പാട്ടു വച്ച് അതിനൊപ്പം പാടാം. കേള്‍ക്കുന്നവര്‍ വിജയ് യേശുദാസിന്റെയോ മറ്റോ ശബ്ദം സഹിച്ചാല്‍ മതി.അങ്ങനെ പാടിപ്പാടി ജൂനിയര്‍ ഗന്ധര്‍വ്വന്റെ സ്വരം നന്നായില്ലെങ്കിലും ആ നഴ്സറിപ്പാട്ടുകള്‍ മൊത്തം മനഃപാഠമായി.
പുതുതായി ഗളസ്ഥമാക്കിയ ജ്ഞാനം എവിടെയെങ്കിലും വിളമ്പാന്‍ കൊതിപൂണ്ട് നടന്നിരുന്ന ചാത്തന്‍സിന് അടുത്ത് തന്നെ അവസരം കൈവന്നു.
ബാലകലോല്‍സവം വരുന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നല്ല പാട്ടറിയോ എന്ന ചോദ്യം ടീച്ചര്‍ മുഴുമിച്ചില്ല, ജീവനുള്ള പാട്ടുപുസ്തകം എഴുന്നേറ്റ് നിന്ന് കച്ചേരി തുടങ്ങി.നിര്‍ത്ത് നിര്‍ത്ത് പാടാന്‍ പറഞ്ഞില്ലാ. കുട്ടിച്ചാത്തന് ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വാ.
ഹോ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പിലുള്ള ആദ്യത്തെ കച്ചേരിയാ, ഒന്ന് മുരടനക്കി നമ്രശിരസ്കനായി ചാത്തന് സ്റ്റാഫ് റൂമിലെത്തി. ചാത്തന് ഇങ്ങനൊരു കഴിവും കൂടിയുണ്ടോ എന്ന അത്ഭുതത്തോടെ ഒരു കൂട്ടം പരിചിതമുഖങ്ങള്‍ വീക്ഷിക്കുന്നു.
"പാടട്ടേ ടീച്ചര്‍?"
ചാത്തന് ഇത്തിരി കൂടി വിനയാന്വിതനായി.
ഇപ്പോള്‍ മൊത്തം പാടണ്ട നീ ഓരോ വരിയായി പതുക്കെപ്പറയൂ ഞാന്‍ ഒന്ന് എഴുതിയെടുക്കട്ടേ.
ഓ ചിലപ്പോള്‍ വരികള്‍ക്ക് വേറെ എവിടുന്നെങ്കിലും അനുമതി വേണ്ടി വരുമായിരിക്കും.
അതിനെന്താ ടീച്ചര്‍ അത് ഞാന്‍ നാളെ എഴുതിക്കോണ്ട് വരാം ഇപ്പോള്‍ പാടട്ടേ?
നീ എഴുതുന്നത് നിനക്കല്ലാതാര്‍ക്കാ വായിക്കാന്‍ പറ്റുക, നീ ഇപ്പോള്‍ പാട്ട് പറയൂ.
--അത് ശരി അപ്പോള്‍ പരീക്ഷയ്ക്ക് മാര്‍ക്കിടുന്നത് ചാത്തന്റെ മൊഖത്തിന്റെ ചന്തം കണ്ടിട്ടാണോ??--
ശരി ടീച്ചര്‍.
"കൊടിയ വേനല്‍ക്കാലം കുളങ്ങള്‍ വറ്റിയ കാലം"
"കുതിച്ചും ചാടിയും രണ്ട് തവളകള്‍"
"കുണ്ട് കിണറ്റിന്നരികിലെത്തീ"
"മൂത്ത തവള പറഞ്ഞൂ........"
ഇനി എപ്പോഴാ ഇത് പാടേണ്ടത്?
ഞാന്‍ പറയാം നീ ക്ലാസില്‍ ചെല്ലൂ.
ഇനി ഈ കാര്യത്തില്‍ പരിശീലനത്തിന്റെ കുറവ് വേണ്ടാ രാവിലെ എഴുന്നേറ്റ് പാടിയാല്‍ നല്ലതാന്ന് കേട്ടിട്ടുണ്ട്. പക്ഷേ പാട്ടുപെട്ടി വയ്ക്കാതെ വാ തുറന്നാല്‍ തല്ല് ഏതൊക്കെ ഭാഗത്തൂന്ന് കിട്ടിയെന്ന് ചോദിച്ചാല്‍ മതി.എന്നാലും ക്ലാസില്‍ അന്ന് ചാത്തന് മാത്രേ എഴുന്നേറ്റ് നിന്നുള്ളൂ വേറെ ആരും കാണൂല അല്ലായിരുന്നെങ്കില്‍ സ്ക്കൂള് തലത്തിലെങ്കിലും ഒരു മല്‍സരം വയ്ക്കണ്ടായിരുന്നോ.മറ്റ് സ്ക്കൂളുകളില്‍ നിന്നും ആരും ഉണ്ടാവരുതേ ഭഗവാനേ.
പാത്തും പതുങ്ങിയുമുള്ള പരീശീലനസെഷനുകള്‍ കടന്നുപോയി.
-------------------------
ഒരു ദിവസം രാവിലെ.
ക്ലാസില്‍ എല്ലാവരും പെണ്‍കുട്ടികളുടെ ഭാഗത്ത് കൂട്ടം കൂടി നില്ക്കുന്നു. പെണ്പിള്ളാര് എന്നു പറഞ്ഞാല്‍ അന്ന് ശത്രുക്കളാ അവിടെ എന്തായാല് നമുക്കെന്താ?
ചിലരൊക്കെ ചാത്തനെ തിരിഞ്ഞ് നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്.
ഈശ്വരാ വല്ലവനും വരുന്നവഴി വാലു കെട്ടിവച്ചിട്ടുണ്ടാ? അതോ ഇത് പൊതു"---" എന്നെഴുതിയ കടലാസ് പുറകില്‍ തൂക്കിയിട്ടുണ്ടോ? ഒന്നും അറിയാത്ത ഭാവത്തില്‍ മുതുകൊന്ന് ചൊറിഞ്ഞു.ഒന്നുമില്ല. അതാ ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ഒരു ചോപ്പ് കുപ്പായം മുന്നോട്ട് വരുന്നു.
ഇനി വല്ല ഐലവ്യൂ പറയാനോ മറ്റോ! ഛായ് ആവാന്‍ വഴിയില്ല. ഞങ്ങളു തമ്മില്‍ ശത്രുതയൊന്നുമില്ലേലും ക്ലാസില്‍ കാണാന്‍ കൊള്ളാവുന്ന വേറെ എത്ര ആമ്പിള്ളേരിരിപ്പുണ്ട്. ഇനി ഇന്നലത്തെ കളിയാക്കലിനു പകരം വീട്ടാനോ മറ്റോ? അതിനു ഇവളു രണ്ട് ദിവസായി ക്ലാസിലേ ഇല്ലായിരുന്നല്ലോ!
ചാത്താ ഇതു കണ്ടാ?
ഒരു കുഞ്ഞ് ട്രോഫീം ഒരു സര്‍ട്ടിഫിക്കറ്റും.
എവിടുന്ന് കിട്ടീതാ?
ബാലകലോല്‍സവത്തിനു ഇന്നലെയായിരുന്നു മല്‍സരം.
ഹെന്ത്!!! എന്നിട്ടെന്താ ടീച്ചര്‍ ചാത്തനെ അറീക്കാതിരുന്നത് ചാത്തന്റെ പാട്ടിന് അനുമതി കിട്ടീലെ?
ആ കിട്ടിക്കാണില്ലായിരിക്കും.
ഇവളെന്തിനാ ഈ ട്രോഫീം പൊക്കി ചാത്തന്റെടുത്ത് വരുന്നേ, ദുഷ്ട ട്രോഫി കാട്ടി ന്നെ കൊതിപ്പിക്കാനാവും
ഇതെന്തിനാണേ* എന്നെ കാണിക്കുന്നേ നിനക്കു വീട്ടില്‍ വച്ചാല്‍ പോരെ?
ഇത് ഇത് ചാത്തന്റെ പാട്ട് പാടീതിനു കിട്ടിയതാ അതോണ്ടാ നിന്നെ കാണിക്കാന്‍ കൊണ്ടന്നത്.
മൂന്നാം ക്ലാസിലെ പയ്യന്സിനു ഹൃദയാഘാതം വരാന്‍ അന്തകാലത്തെ ജീവിത-ഭക്ഷണരീതികള്‍ ഇടവരുത്താത്തത് നന്നായീ. ഇല്ലെങ്കില്‍ ഇന്നിതിഴുതാന്‍ ചാത്തന്റെ ആത്മാവിനു വരമൊഴി പഠിക്കേണ്ടി വന്നേനെ.
ഒരു നിമിഷത്തെ പിടച്ചിലിനു ശേഷം മനസ്സ് താളം വീണ്ടെടുത്തു.
നന്നായീ എന്നിട്ടെനിക്ക് മുട്ടായി ഒന്നൂല്ലേ?
പക ലോകത്തോട് മുഴുവന്‍ പക. ഇനി ചാത്തനെന്തിന് സ്ക്കൂളില്‍ പോണം ചാത്തന്റെ പാട്ടാ അതെന്ന് ലോകം മുഴുവന്‍ അറിയാം എന്നിട്ടും അത് മുഴുവനായി പാടികേള്‍ക്കാനുള്ള സാവകാശം പോലും ടീച്ചറു കാണിച്ചില്ലാലോ?
വരുന്ന വഴി കല്ലുപെറുക്കി കുറേ കശുമാങ്ങയ്ക്കിട്ടെറിഞ്ഞു ഒന്നു പോലും കൊണ്ടില്ലാ. അതിനു മാത്രം ഒരു മാറ്റോമില്ല. ഒരിക്കലും കൊള്ളൂല.
മാസങ്ങള്‍ കടന്നു പോയി. അടുത്ത വര്‍ഷം ഏതാണ്ട് അതേ സമയം അതേ ചോദ്യം. പാട്ടറിയോ?
വീണ്ടും ചാത്തന് ചാടി എഴുന്നേറ്റു, ഇത്തവണ പാട്ട് പറഞ്ഞ് കൊടുക്കുന്ന പ്രശ്നമില്ല.
ഞാന്‍ പാടാം ടീച്ചര്‍, ചെറിയതാ, ടീവീലു കേട്ടതാ, കഴിഞ്ഞ തവണ പാട്ടുപെട്ടീന്ന് കേട്ടതല്ലേ. ഇപ്പോള്‍ ഇവിടെ വച്ച് തന്നെ പാടാം.
വേണ്ടാന്ന് പറയാനോ ആംഗ്യം കാണിക്കാനോ ടീച്ചര്‍ക്ക് ഇടകിട്ടും മുന്‍പേ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏറ്റവും ഉയര്‍ന്ന വോള്യത്തില്‍ ചാത്തന് വെച്ചലക്കി.
"വാഷിംഗ് പൗഡര്‍ നിര്മ്മാ വാഷിംഗ് പൗഡര്‍ നിര്മ്മാ"**
"ദൂത് സേ സഫേദീ നിര്മ്മാ സേ ആത്തീ"
"രംഗീന് കപ്ഡാ ഭീ ....."
പാവം ടീച്ചര്‍ ചെവീന്ന് കയ്യെടുത്തിട്ട് വേണ്ടേ നിര്‍ത്താന്‍ പറയാന്‍.
*എടീന്ന് വിളിക്കുന്നതിലും വടക്കേ മലബാറില്‍ പ്രചാരം ഇണ കൂട്ടിവിളിക്കുന്നതിനാണ്
**ടീവീലു രാമായണത്തിന്റെ കൂടെ ഏറ്റവും അധികം വന്നിരുന്ന പരസ്യം ഇതാന്നാ ഓര്‍മ്മ.
വാല്‍ക്കഷ്ണം:
ഏച്ചുകെട്ടിയത് എന്തായാലും മുഴച്ചിരിക്കും. എന്നാലും വില്ലന്റെ തല്ലും കൊണ്ടോടുന്ന നായകനെ ചാത്തനിഷ്ടല്ലാ...ക്ലൈമാക്സിനു മാത്രം കടപ്പാട് വാഷിംഗ് പൗഡര്‍ നിര്‍മ ആന്റ് പഴയ ഒരു കോമിക്സ്.
സൃഷ്ടിപുരാണം
4 years ago